കേരളത്തില്‍ യു.ഡി.എഫിനു മുന്‍തൂക്കമെന്ന് മാതൃഭൂമിക്കു പുറമേ മനോരമയും; എല്‍.ഡി.എഫിനു ലഭിക്കുക പരമാവധി നാല് സീറ്റ്; അഞ്ചിടത്ത് ഫോട്ടോഫിനിഷ്
D' Election 2019
കേരളത്തില്‍ യു.ഡി.എഫിനു മുന്‍തൂക്കമെന്ന് മാതൃഭൂമിക്കു പുറമേ മനോരമയും; എല്‍.ഡി.എഫിനു ലഭിക്കുക പരമാവധി നാല് സീറ്റ്; അഞ്ചിടത്ത് ഫോട്ടോഫിനിഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th May 2019, 10:06 pm

കോഴിക്കോട്: കേരളത്തില്‍ യു.ഡി.എഫിനു വ്യക്തമായ മുന്‍തൂക്കമെന്ന് മനോരമ ന്യൂസ്-കാര്‍വി ഇന്‍സൈറ്റ്‌സ് എക്‌സിറ്റ് പോള്‍ ഫലവും. 13-15 സീറ്റ് യു.ഡി.എഫിനു നേടുമെന്നു പറയുന്ന ഫലത്തില്‍ എല്‍.ഡി.എഫിനു ലഭിക്കുമെന്നു പറയുന്ന സീറ്റ് വിഹിതം രണ്ടുമുതല്‍ നാലുവരെ മാത്രമാണ്. അതേസമയം തിരുവനന്തപുരത്ത് എന്‍.ഡി.എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ ജയിക്കാനാണു സാധ്യതയെന്നും ഫലം പറയുന്നു.

യു.ഡി.എഫ് ഒന്നും ബി.ജെ.പി നാലും ശതമാനം വോട്ടുവിഹിതം കൂടുതല്‍ നേടുമെന്നും എല്‍.ഡി.എഫിന് നാലു ശതമാനം വോട്ട് കുറയുമെന്നും എക്‌സിറ്റ് പോളില്‍ അഭിപ്രായപ്പെടുന്നു.

അഞ്ച് മണ്ഡലങ്ങളിലാണ് ഫലത്തില്‍ ഫോട്ടോഫിനിഷ് പ്രവചിക്കുന്നത്. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് ഫോട്ടോഫിനിഷ് പ്രവചിക്കുന്നത്. പാലക്കാട്ടും ആറ്റിങ്ങലും മാത്രമാണ് എല്‍.ഡി.എഫ് വ്യക്തമായി ജയിക്കുമെന്നു പ്രവചിക്കുന്നത്. ബാക്കി ഫോട്ടോഫിനിഷ് മണ്ഡലങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാലുള്ളവ യു.ഡി.എഫിന്റെ അക്കൗണ്ടില്‍ വരുമെന്നും ഫലം പറയുന്നു.

ബി.ജെ.പി പ്രതീക്ഷ വെയ്ക്കുന്ന പത്തനംതിട്ടയില്‍ സിറ്റിങ് എം.പിയും യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ ആന്റോ ആന്റണിയും വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരനും ജയിക്കുമെന്ന് പോള്‍ ഫലത്തില്‍ പറയുന്നു. ആലത്തൂരില്‍ സിറ്റിങ് എം.പി പി.കെ ബിജു തോല്‍ക്കുമെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ് ജയിക്കുമെന്നും അവര്‍ പറയുന്നു.

നേരത്തേ കേരളത്തില്‍ 15 മണ്ഡലങ്ങളിലും യു.ഡി.എഫ് ജയിക്കുമെന്ന് മാതൃഭൂമി എക്‌സിറ്റ് പോള്‍ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. നാലിടത്താണ് അവര്‍ എല്‍.ഡി.എഫിന്റെ വിജയം പ്രതീക്ഷിക്കുന്നത്. ഒരു മണ്ഡലത്തില്‍ എന്‍.ഡി.എ ജയിക്കുമെന്നും അവര്‍ പ്രവചിച്ചു.

കാസര്‍ഗോഡ് രാജ്മോഹന്‍ ഉണ്ണിത്താന്‍ വിജയിക്കുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. രാജ്മോഹന്‍ ഉണ്ണിത്താന് 46% വോട്ട് നേടുമ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍ 33 ശതമാനവും ബി.ജെ.പി സ്ഥാനാര്‍ഥിക്ക് 18 ശതമാനവും വോട്ട് നേടുമെന്നും എക്സിറ്റ് പോള്‍ ഫലം പറയുന്നു.

കണ്ണൂരില്‍ 43 %വോട്ട് നേടി യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സുധാകരന്‍ വിജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍. എല്‍.ഡി.എഫ്- 41%, എന്‍.ഡി.എ 13% വോട്ട് നേടുമെന്നും എക്‌സിറ്റ് പോള്‍ ഫലം പറയുന്നു.

വടകരയില്‍ കെ.മുരളീധരന്‍ ജയിക്കും. യു.ഡി.എഫിന് 47 %വും എന്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജയരാജന് 42% വോട്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥി വി.കെ സജീവന് 9 % വോട്ടും ലഭിക്കുമെന്നാണ് എക്സിറ്റ് പോള്‍.

കോഴിക്കോട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. പ്രദീപ് കുമാര്‍ വിജയിക്കും. 42 % വോട്ടാണ് പ്രതീക്ഷിക്കുന്നത്. യു.ഡി.എഫിന് 41 ശതമാനവും എന്‍.ഡി.എക്ക് 11 ശതമാനവും ലഭിക്കും.

വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വന്‍ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് മാതൃഭൂമി എക്സിറ്റ് പോള്‍. വയനാട്ടില്‍ യു.ഡി.എഫിന് 51% വോട്ടും എന്‍.ഡി.എഫ് 33 % വോട്ടും എന്‍.ഡി.എയ്ക്ക് 12% എന്നിങ്ങനെയാണ് കണക്ക്.

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് 49 % വോട്ടും എല്‍.ഡി.എഫ് 36 %. ബി.ജെ.പി 8 % എന്നാണ് എക്സിറ്റ് പോള്‍.

തൃശൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപനാണ് മുന്നേറ്റം. യു.ഡി.എഫിന് 38% എന്‍.ഡി.എഫ് 35 % എന്‍.ഡി.എ 23 % വോട്ട് നില.

പാലക്കാട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി.രാജേഷ് വിജയിക്കുമെന്നാണ് എക്സിറ്റ് പോള്‍. എല്‍.ഡി.എഫ് 41% എന്‍.ഡി.എ 29% യു.ഡി.എഫ് 27 % എന്നിങ്ങനെയാണ് വോട്ട് നില. പാലക്കാട് ബി.ജെ.പി രണ്ടാം സ്ഥാനത്താണ്.