| Wednesday, 10th April 2019, 11:02 pm

കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെ പെണ്‍കുട്ടിയെന്ന് വിളിച്ച് ബി.ജെ.പി നേതാവ് വി.വി രാജേഷ്; പെണ്‍കുട്ടിയല്ല, സ്ത്രീയാണെന്ന് ഷമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മനോരമ ന്യൂസ് ചാനല്‍ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദും ബി.ജെ.പി നേതാവ് വി.വി രാജേഷും തമ്മില്‍ വാക്കുതര്‍ക്കം. ചര്‍ച്ചയുടെ അവസാനം രാജേഷ് ഷമയെ പെണ്‍കുട്ടിയെന്നു വിളിച്ചതാണു കാരണം. താന്‍ പെണ്‍കുട്ടിയല്ലെന്നും സ്ത്രീയാണെന്നും ഷമ പറഞ്ഞെങ്കിലും രാജേഷ് വീണ്ടും കുട്ടി എന്നു ഷമയെ അഭിസംബോധന ചെയ്യുകയായിരുന്നു.

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പുതുതായി പുറത്തുവന്ന രഹസ്യരേഖകള്‍ തെളിവായി സ്വീകരിക്കുമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ‘റഫാലിലെ സത്യങ്ങള്‍ ഇനി കോടതി പറയണോ അതോ കേന്ദ്രം പറയുമോ’ എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച.

ഷമയ്ക്കും രാജേഷിനും പുറമേ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എം മുഹമ്മദ് റിയാസ്, കാരവാന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ. ജോസ്, സുപ്രീംകോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ എന്നിവരാണു ചര്‍ച്ചയില്‍ പങ്കെടുത്തത്.

ചര്‍ച്ചയുടെ അവസാനഭാഗത്തു രാജേഷ് സംസാരിക്കുന്നതിനിടെ ഇടയ്ക്കുകയറിയ ഷമ റഫാല്‍ കേസില്‍ ജെ.പി.സി അന്വേഷണം വേണമെന്നാവശ്യപ്പെടുകയായിരുന്നു. ഇത് ആവര്‍ത്തിച്ചപ്പോള്‍ രാജേഷ് ഷമയെ പെണ്‍കുട്ടിയെന്ന് അഭിസംബോധന ചെയ്യുകയും ഇത് ചാനല്‍ ചര്‍ച്ചയാണ്, കോണ്‍ഗ്രസ് കമ്മിറ്റിയല്ല എന്നോര്‍ക്കണമെന്നും പറഞ്ഞു. എന്നാല്‍ താന്‍ പെണ്‍കുട്ടിയല്ല സ്ത്രീയാണെന്ന് ഷമ പറയുകയായിരുന്നു. വീണ്ടും രാജേഷ് ‘കുട്ടി’ എന്നു ഷമയെ വിളിച്ചു. താന്‍ 40 വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീയാണെന്നു ഷമ ആവര്‍ത്തിച്ചു. ഇതോടെ ചര്‍ച്ച നയിച്ച ഷാനി പ്രഭാകര്‍ ഇടപെട്ടു. വ്യക്തിപരമായ അധിക്ഷേപം പാടില്ലെന്നു പറഞ്ഞ ഷാനി ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more