| Thursday, 18th January 2024, 4:46 pm

സർക്കാരിന്റെ കെ.സ്മാർട്ട് ആപ്പ് പ്രവർത്തിക്കുന്നില്ല എന്ന് പറഞ്ഞ് കാണിച്ചത് ചൈനീസ് ആപ്പ്; പിശകിൽ ഖേദപ്രകടനം നടത്തി മനോരമ ന്യൂസ്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തദ്ദേശവകുപ്പിന്റെ കെ.സ്മാർട്ട് ആപ്പിനെ കുറിച്ചുള്ള വാർത്തയിൽ ആപ്പിന്റെ ശരിയായ ചിത്രത്തിനു പകരം ചൈനീസ് ആപ്പിന്റെ ചിത്രം ഉൾപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് മനോരമ ന്യൂസ്.

മനോരമ ന്യൂസിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് കെ.സ്മാർട്ടിന്റെ യഥാർത്ഥ ലോഗോ പങ്കുവെച്ചുകൊണ്ട് ചാനൽ ഖേദപ്രകടനം നടത്തിയത്.

കെസ്മാർട്ട് ആപ്പിലൂടെ സർക്കാർ സേവനങ്ങളെല്ലാം ഓൺലൈൻ ആയി എന്ന വാദം പൊളിഞ്ഞുവെന്ന് മനോരമ ന്യൂസ്‌ ചാനലിൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് കാണിക്കാൻ തുറന്നുനോക്കിയ ആപ്പ് സർക്കാരിന്റെ കെ.സ്മാർട്ട് ആപ്പ് ആയിരുന്നില്ല. സേവനങ്ങൾക്ക് ഓൺലൈൻ ആയോ നേരിട്ടോ അപേക്ഷ നൽകാൻ സാധിക്കുന്നില്ല എന്നും മനോരമ ആരോപിച്ചിരുന്നു.

വാർത്തയിൽ ആപ്പ് രണ്ട് പേർ ഉപയോഗിക്കുന്നതും ഇവരുടെ സംഭാഷണങ്ങളും ചിത്രീകരിച്ചിരുന്നു. കെ.സ്മാർട്ടിൽ ഒന്നും കിട്ടുന്നില്ലല്ലോ എന്ന് പറഞ്ഞ് ഇവർ മൊബൈലിൽ ഓൺ ചെയ്ത ആപ്പ് സർക്കാരിന്റേതായിരുന്നില്ല, മറിച്ച് ഒരു ചൈനീസ് ആപ്പ് ആയിരുന്നു.

കമ്പ്ലീറ്റ് ബ്ലോക്ക് ആയിക്കിടക്കുകയാണെന്നും ഫങ്ഷൻ ആയിട്ടില്ലെന്നും വീഡിയോയിൽ പറയുന്നു.

എന്നാൽ മനോരമയുടെ വാർത്തയിൽ കാണിച്ചത് ഹോങ്കോങ് കമ്പനിയായ കെ.എസ്.ടി.ഇ ലൈറ്റിങ്ങിന്റെ ആപ്പ് ആണെന്ന് പറഞ്ഞ് നിരവധി പേർ രംഗത്ത് വന്നു.

ഏതോ ചൈനീസ് ആപ്പ് തുറന്ന് നോക്കിയിട്ട് കേരളത്തിന്റെ കെ.സ്മാർട്ട് വർക്ക് ചെയ്യുന്നില്ലെന്ന് മനോരമ എക്സ്ക്ലൂസീവ് ഇറക്കിയെന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു.

അതേസമയം വാർത്തയുടെ ഉള്ളടക്കത്തിൽ ഒരു പിശകും സംഭവിച്ചിട്ടില്ലെന്നും ആപ്പ് ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ല എന്ന് ധാരാളം ആളുകൾ ചൂണ്ടിക്കാട്ടിയത് തികച്ചും വസ്തുതാപരമായിരുന്നു എന്നുമാണ് മനോരമ ന്യൂസ് അവകാശപ്പെടുന്നത്.

കെ.സ്മാർട്ട് ആപ്പിന്റെ പോരായ്മകൾ പരിഹരിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് തന്നെ വ്യക്തമാക്കിയിരുന്നു എന്നും മനോരമ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത കുറിപ്പിൽ പറയുന്നു.

Content Highlight: Manorama News Apologise for showing Chinese App instead of Kerala Government’s KSmart App

We use cookies to give you the best possible experience. Learn more