കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ സി.പി.ഐ.എം അംഗമാണെന്ന് അമ്മ പറഞ്ഞുവെന്ന വാര്‍ത്ത തെറ്റായി കൊടുത്തതായിരുന്നുവെന്ന് സമ്മതിച്ച് മനോരമ ന്യൂസ്. കൗണ്ടര്‍ പോയന്റ് ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തെറ്റാണെന്ന് ബോധ്യപ്പെട്ടതിന് ശേഷം വാര്‍ത്ത, തിരുത്തി കൊടുത്തുവെന്നും ഷാനി പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുത്ത സി.പി.ഐ.എം നേതാവും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുമായ എ.എ റഹീം ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ഷാനിയുടെ മറുപടി.
ശ്രീ റഹീം താങ്കള്‍ ഇന്ന് ഈ ചര്‍ച്ചയില്‍ ഉന്നയിക്കും എന്ന് അറിഞ്ഞുകൊണ്ട് തന്നെ വ്യക്തമായി അതിന്റെ പശ്ചാത്തലം ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടറുമായി സംസാരിച്ച് അതിന്റെ വിശദാംശങ്ങള്‍ കൂടി ശേഖരിച്ചാണ് ഞാനും ചര്‍ച്ചയ്ക്ക് വന്നത്. റിപ്പോര്‍ട്ടര്‍ അറിയിക്കുന്നത് ഇതാണ്.
താങ്കള്‍ പറഞ്ഞതുപോലെ നെടുമങ്ങാട് നിന്നാണ് ആ വാര്‍ത്ത വന്നത്. സന്ദീപ് നായരുടെ അമ്മയുമായി സംസാരിച്ചത് പ്രാദേശിക ലേഖകനാണ്. പല ക്ലിപ്പുകളായി അദ്ദേഹം മനോരമയുടെ സ്റ്റുഡിയോയ്ക്ക് അയച്ച ക്ലിപ്പില്‍ ആ അമ്മ പറയുന്ന സി.പി.ഐ.എമ്മിന്റെ അംഗമാണ് ബ്രാഞ്ച് മെമ്പര്‍ഷിപ്പുണ്ട് എന്ന് പറഞ്ഞത് സന്ദീപ് നായരെക്കുറിച്ചണ് എന്ന് തെറ്റിദ്ധരിച്ചാണ് ആ വാര്‍ത്ത കൊടുത്തത്.
അത് തെറ്റാണ് എന്ന് മറ്റ് മാധ്യമങ്ങളിലൂടെ തീര്‍ച്ചയായും താങ്കള്‍ പറഞ്ഞപോലെ മറ്റ് ചാനലുകളില്‍ കൂടി വന്നതിന്റെ അടിസ്ഥാനത്തില്‍ അത് ക്രോസ് ചെക്ക് ചെയ്ത് പ്രദേശിക ലേഖകനോടും വീണ്ടും വിശദീകരണം ചോദിച്ച് അവിടെ നടന്നത് കൃത്യമായി തിരുത്തുകയും ചെയ്തിട്ടുണ്ട്. ഇതാണ് മറുപടി- ഷാനി പറഞ്ഞു.
നേരത്തെ സന്ദീപ് സി.പി.ഐ.എം ബ്രാഞ്ച് അംഗമാണെന്ന് അമ്മ പറഞ്ഞുവെന്ന രൂപത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പിന്നീ്ട് ഇത് നിഷേധിച്ച് അമ്മ തന്നെ രംഗത്തെത്തിയിരുന്നു. താനാണ് സി.പി.ഐ.എം അംഗമെന്നും മകന്‍ ബി.ജെ.പി പ്രവര്‍ത്തകനാണെന്നും സന്ദീപിന്റെ അമ്മ വ്യക്തമാക്കിയിരുന്നു.
താന്‍ പറയാത്ത കാര്യങ്ങള്‍ എന്റെ പേരില്‍ കൊടുക്കുന്ന മാധ്യമങ്ങള്‍ അത് തിരുത്താന്‍ തയ്യാറാവണമെന്നും സന്ദീപിന്റെ അമ്മ ഉഷ പറഞ്ഞു. അല്ലാത്തപക്ഷം നിയമനടപടി ആലോചിക്കുമെന്നും അവര്‍ പറഞ്ഞു.
ബി.ജെ.പിയ്ക്കാണ് സന്ദീപ് വോട്ട് ചെയ്യാറുള്ളതെന്നും അമ്മ പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് മകന്‍ സജീവമായി ബി.ജെ.പിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങാറുണ്ടെന്നും മകന്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ ആണെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും ഉഷ പറഞ്ഞു.
മകന് തലസ്ഥാനത്തെ ബി.ജെ.പി നേതാവ് എസ്.കെ.പി രമേശുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും അമ്മ കൈരളി ന്യൂസിനോട് പറഞ്ഞിരുന്നു.
2015-ലും മറ്റുമുള്ള ഫേസ്ബുക്ക് പോസ്റ്റുകളില്‍ കടുത്ത ബി.ജെ.പി അനുഭാവിയായിട്ടാണ് സന്ദീപ് സ്വയം അവതരിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ ഒരു തടിക്കടയിലെ ജീവനക്കാരനായിരുന്നു ആദ്യം സന്ദീപ്. പിന്നീട് പല ആളുകളുടെ ഡ്രൈവരായി ജോലി ചെയ്തു. തിരുവനന്തപുരം നഗരത്തിലെ ഒരു ബി.ജെ.പി കൗണ്‍സിലറുടെ ഡ്രൈവറായും ജോലി ചെയ്തു.
2015 മുതലിങ്ങോട്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകളിലാണ് ബി.ജെ.പി ആഭിമുഖ്യം പ്രകടമായി സന്ദീപ് കാണിച്ചിരിക്കുന്നത്. നാല് വര്‍ഷം മുമ്പുള്ള പോസ്റ്റുകളുടെ കമന്റുകളില്‍ എന്നും താന്‍ ബി.ജെ.പിയാണെന്നും കുമ്മനം സ്വന്തം വീട്ടിലുണ്ടെന്നും അവിടെ തങ്ങളെല്ലാവരും ഉണ്ടെന്നും സന്ദീപ് എഴുതിയിരിക്കുന്നത് കാണാം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക