മലപ്പുറം: മലയാള മനോരമ കുടുംബം അനധികൃതമായി കൈവശം വച്ച മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പന്തല്ലൂര്‍ ക്ഷേത്രത്തിന്റെ 400 എക്കര്‍ ഭൂമി തിരിച്ചു പിടിച്ചു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഭൂമി തിരിച്ചു പിടിച്ചത്.
പാട്ടക്കാലാവധി കഴിഞ്ഞിട്ടും മനോരമ കുടുംബം കൈവശംവച്ച ക്ഷേത്രം ഭൂമി തിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര സംരക്ഷണസമിതി പ്രവര്‍ത്തകര്‍ 16 വര്‍ഷമായി തുടര്‍ന്ന നിയമപോരാട്ടത്തിനോടുവിലാണ് ഭൂമി തിരിച്ചുപിടിച്ചത്. 70 ഉദ്യോഗസ്ഥരടങ്ങിയ റവന്യു സംഘം അഞ്ച് വിഭാഗങ്ങളായി തിരിഞ്ഞാണ് ഭൂമി അളന്ന് തിട്ടപ്പെടുത്തിയത്.
കോഴിക്കോട് സാമൂതിരി മാനവ വിക്രമാരാജ 1943 ആഗസ്റ്റ് 23നാണ് 786.71 ഏക്കര്‍ ഭൂമി വ്യവസ്ഥകള്‍ക്ക് വിധേയമായി 60 വര്‍ഷത്തെ പാട്ടത്തിന് മനോരമ കുടുംബത്തിനു നല്‍കിയത്. ഇത് പന്തല്ലൂര്‍ ക്ഷേത്രത്തിന് ഉടമസ്ഥാവകാശം കൊടുത്ത ഭൂമിയാണ്.
റബര്‍, കാപ്പി, തേയില തുടങ്ങിയ തോട്ടംവിളകള്‍ കൃഷി ചെയ്യാനായിരുന്നു ഭൂമി. ആദ്യ 30 വര്‍ഷം പ്രതിവര്‍ഷം 350 രൂപ പ്രകാരവും പിന്നീടുള്ള 30 വര്‍ഷം പ്രതിവര്‍ഷം 500 രൂപയുമായിരുന്നു പാട്ട വ്യവസ്ഥ. കാലക്രമേനെ ഭൂമിയുടെ അവകാശം മലയാള മനോരമ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള യങ്ങ് ഇന്ത്യ എസ്റ്റേറ്റിനായി.
പാട്ടക്കാലാവധി അവസാനിക്കുന്ന 2003 ആഗസ്ത് 25നു ശേഷം പാട്ടക്കാര്‍ക്ക് ഭൂമിയില്‍ അവകാശം ഉണ്ടാകില്ലെന്നും മൂന്നുവര്‍ഷം തുടര്‍ച്ചയായി പാട്ടമടയ്ക്കുന്നത് ലംഘിച്ചാല്‍ കരാര്‍ ദുര്‍ബലമാവുമെന്നും വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ 1974 വരെ പാട്ടസംഖ്യ അടച്ച യങ്ങ് ഇന്ത്യ എസ്റ്റേറ്റ് പിന്നീട് പണമടയ്ക്കാതെ സ്വന്തമായി കരമടച്ച് പട്ടയത്തിന് അപേക്ഷിച്ചു.
1978ല്‍ അപേക്ഷ തള്ളി. ഇതിനിടെ 400 ഏക്കര്‍ ഭൂമി അനധികൃതമായി വിറ്റഴിക്കുകയും ബാക്കിയുള്ള ഭൂമി ബാലന്നൂര്‍ പ്ലാന്റെഷന്‍ എന്ന കമ്പനിക്കു കീഴില്‍ കൊണ്ടുവരികയും ചെയ്തു. തുടര്‍ന്ന് കരാര്‍ വ്യവസ്ഥ പാലിക്കാത്തതിനാല്‍ കാലാവധി പുതുക്കരുതെന്ന് ആവശ്യപ്പെട്ട് 2002ല്‍ ക്ഷേത്ര സംരക്ഷണ സമിതി പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദന് പരാതി നല്‍കിയിരുന്നു.
ക്ഷേത്രം ഭാരവാഹികള്‍ ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതോടെ 2008ല്‍ ഭൂമിയില്‍നിന്ന് കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ ഏറനാട് തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. മനോരമ കുടുംബം ഹൈക്കോടതിയില്‍ നിന്നും സ്റ്റേ നേടിയെങ്കിലും ഒടുവില്‍ അനധികൃതമായി ഭൂമി കൈവശം വെച്ചതാണെന്ന് ശരിവെച്ച് ഭൂമി തിരിച്ചു പിടിക്കാന്‍ കഴിഞ്ഞ മാസം 20ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിറക്കുകയായിരുന്നു.