| Sunday, 31st December 2023, 7:53 am

റബ്ബര്‍ കര്‍ഷകര്‍ക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന മനോരമ എം.ആര്‍.എഫിന് പിഴയിട്ടത് കണ്ടില്ല: വിജൂ കൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: റബ്ബര്‍ കര്‍ഷകര്‍ക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന മനോരമ എം.ആര്‍.എഫിന് പിഴയിട്ടത് കണ്ടില്ലെന്ന് അഖിലേന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഡോ. വിജൂ കൃഷ്ണന്‍. സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ കോട്ടയം എം.ആര്‍.എഫിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രോസ് പ്ലൈ ഇനം ടയറുകള്‍ക്ക് സംഘടിതമായി വിലകൂട്ടാന്‍ ശ്രമിച്ചതിന് എം.ആര്‍.എഫ് ഉള്‍പ്പടെയുള്ള ടയര്‍ കമ്പനികള്‍ക്ക് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പിഴയിട്ട 1788 കോടി രൂപ കര്‍ഷകര്‍ക്ക് ലഭ്യമാക്കുക എന്ന ആവശ്യം ഉന്നയിച്ചായിരുന്നു മാര്‍ച്ച്.

രാജ്യത്തെ ടയര്‍കമ്പനികളുടെ കൂട്ടായ്മ കേന്ദ്ര ഭരണത്തെയടക്കം നിയന്ത്രിക്കുന്ന ഒരു മാഫിയായി മാറിയതായും കേന്ദ്രം ഭരിച്ച കോണ്‍ഗ്രസും ബി.ജെ.പിയുമാണ് ടയര്‍കമ്പനികളുടെ കുത്തക കൂട്ടുകെട്ട് ഉണ്ടാകുന്നതിന് കാരണമായതെന്നും വിജൂ കൃഷ്ണന്‍ പറഞ്ഞു. ആസിയാന്‍ കരാറില്‍ ഒപ്പുവെക്കുന്നതിനായി ടയര്‍കമ്പനികളുടെ സമ്മര്‍ദമുണ്ടായിരുന്നു എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബലൂണ്‍വിറ്റ് ബിസിനസ് തുടങ്ങിയ എം.ആര്‍.എഫ് ഇന്ന് ലോകത്തെ ഏറ്റവും വലിയ ടയര്‍ കുത്തകയായി. റബ്ബര്‍ കര്‍ഷകര്‍ക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന മനോരമ എന്ത് കൊണ്ടാണ് എം.ആര്‍.എഫിന് പിഴയിട്ടത് കാണാതിരിക്കുന്നത് എന്നും വിജൂ കൃഷ്ണന്‍ ചോദിച്ചു. നാട്ടിലെ ചെറിയ സംഭവങ്ങള്‍ക്ക് പോലും അന്തിച്ചര്‍ച്ച നടത്തുന്ന മാധ്യമങ്ങള്‍ 20 ലക്ഷം റബ്ബര്‍ കര്‍ഷകരെ ബാധിക്കുന്ന ടയര്‍കൊള്ളയെ കുറിച്ച് എന്ത് കൊണ്ടാണ് ചര്‍ച്ച നടത്താത്തതെന്നും അദ്ദേഹം ചോദിച്ചു.

ആത്മയെന്ന റബ്ബര്‍ കുത്തകകളുടെ കൂട്ടായ്മയാണ് ഇപ്പോള്‍ ഈ മേഖലയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും അവര്‍ പറയുന്ന എന്തും നടപ്പിലാക്കിക്കൊടുക്കുന്നവരായി കേന്ദ്ര സര്‍ക്കാര്‍ മാറിയെന്നും വിജൂ കൃഷ്ണന്‍ പറഞ്ഞു. ഇതിനെതിരെ യോജിച്ച സമരം നടത്തേണ്ടിയിരിക്കുന്നുവെന്നും 1788 കോടി രൂപ പിഴയിട്ടതിനെതിരെ ടയര്‍ കമ്പനികള്‍ സുപ്രീം കോടതിയെ സമീപിച്ചതിനെ നിയമപരമായി തന്നെ നേരിടുമെന്നും അഖിലേന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഡോ. വിജൂ കൃഷ്ണന്‍ പറഞ്ഞു.

ക്രോസ് പ്ലൈ ഇനം ടയറുകള്‍ക്ക് സംഘടിതമായി വിലകൂട്ടാന്‍ ശ്രമിച്ചതിന് ടയര്‍ കമ്പനികള്‍ പിഴയടക്കേണ്ട 1788 കോടിരൂപ കര്‍ഷകര്‍ക്ക് ലഭ്യമാക്കുക എന്ന ആവശ്യം ഉന്നയിച്ച് കൊച്ചി കളമശ്ശേരി അപ്പോളോ ടയേഴ്‌സിലേക്കും സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയിരുന്നു.

content highlights: Manorama did not see the fine imposed on MRF: Vijoo Krishnan

We use cookies to give you the best possible experience. Learn more