കോഴിക്കോട്: കഴിഞ്ഞ ദിവസം ഏറെ പ്രാധാന്യത്തോടെ മാധ്യമങ്ങളില്‍ നിറഞ്ഞ വാര്‍ത്തയായിരുന്നു യുവമോര്‍ച്ച നേതാവ് രാകേഷ് ഏരാച്ചേരിയുടെ വീട്ടില്‍ നിന്നും ഒന്നര ലക്ഷത്തിന്റെ കളളനോട്ടും കളളനോട്ടടിക്കുന്ന യന്ത്രവും കണ്ടെത്തിയത്. സമൂഹമാധ്യമങ്ങളിലും വാര്‍ത്ത് വന്‍ ചര്‍ച്ചയ്ക്ക് തിരികൊളുത്തിയിരുന്നു. എന്നാല്‍, കേരളം ശ്രദ്ധാപൂര്‍വ്വം കേട്ട വാര്‍ത്തയെ മലയാളത്തിലെ പ്രമുഖ പത്രങ്ങളായ മലയാള മനോരമയും മാതൃഭൂമിയും പൂര്‍ണ്ണമായും ഒതുക്കുകയായിരുന്നു ചെയ്തത്.
മറ്റ് പത്രങ്ങളൊക്കെ ഒന്നാം പേജില്‍ വളരെ പ്രാധാന്യത്തോടെ നല്‍കിയ വാര്‍ത്തയെ ആരും കാണാത്ത ഉള്‍പേജിന്റെ ഒരു കോണിലേക്കാണ് മനോരമയും മാതൃഭൂമിയും മാറ്റിവെച്ചത്. മനോരമയില്‍ വാര്‍ത്ത പതിമൂന്നാം പേജിലാണുള്ളത്. അതും അരിച്ചു പെറുക്കിയാല്‍ മാത്രം കാണുന്ന തരത്തില്‍. മാതൃഭൂമിയിലാകട്ടെ ഒമ്പതാം പേജില്‍ ബ്ലാക്ക് ആന്റ് വൈറ്റ് കളറിലും. ആരാലും ശ്രദ്ധിക്കപ്പെടില്ലെന്നുറപ്പ്.
നേരത്തെ, മലപ്പുറത്തെ കള്ളനോട്ട് സംഘത്തെ കുറിച്ച് ഇന്‍വെസ്റ്റിഗേറ്റീവ് സ്റ്റോറിയിലൂടെ കേരളത്തെ ഞെട്ടിച്ച മാധ്യമമാണ് മാതൃഭൂമി. അന്ന് മാതൃഭൂമി ചാനല്‍ പുറത്തുവിട്ട വീഡിയോയുടെ അടിസ്ഥാനത്തില്‍ പൊലീസ് കള്ളനോട്ടിനെതിരെ അന്വേഷണം ശക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ തങ്ങളുടെ വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ അന്വേഷണമെന്ന തരത്തില്‍ മാതൃഭൂമി ഈ വാര്‍ത്തയ്ക്ക് ഏറെ പ്രാധാന്യം നല്‍കേണ്ടിയിരുന്നതുമാണ്. എന്നാല്‍ അതൊന്നുമുണ്ടായില്ല വാര്‍ത്ത ആരും കാണാതെപോകുന്ന തരത്തിലേക്ക് ഒതുക്കുകയാണ് ചെയ്തത്.
കേരളത്തില്‍ സംഘപരിവാര്‍ നടത്തുന്ന കള്ളപ്രചരണങ്ങള്‍ക്കെതിരെ മറ്റ് മാധ്യമങ്ങള്‍ ശക്തമായി നിലകൊള്ളുമ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വായിക്കുന്ന പത്രങ്ങളായ മനോരമയും മാതൃഭൂമിയും, സംഘപരിവാറിന്റെ കള്ളത്തരത്തെ വെളിച്ചത്തു കൊണ്ടുവരാനുള്ള അവസരം സ്വയം നശിപ്പിച്ചിരിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയയിലും മറ്റും ഉയരുന്ന വിമര്‍ശനം.
ബി.ജെ.പി നേതാവും യുവമോര്‍ച്ചാ ശ്രീനാരായണപുരം കിഴക്കന്‍ മേഖലാ ഭാരവാഹിയുമാണ് പിടിയിലായ രാകേഷ് ഏരാച്ചേരി. ഇയാള്‍ക്കു പുറമേ യുവമോര്‍ച്ച നേതാവുകൂടിയായ സഹോദരന്‍ രാഗേഷിനും കള്ളനോട്ടടിയില്‍ പങ്കുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാജേഷിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. രാഗേഷ് ഒളിവിലാണ്.
വീടിന്റെ മുകളിലത്തെ നിലയില്‍ പ്രത്യേകം തയ്യാറാക്കിയ കേന്ദ്രത്തിലാണ് കള്ളനോട്ട് അടിച്ചിരുന്നത്. ഇവര്‍ സമീപത്തെ ചിലയാളുകള്‍ക്ക് നോട്ടുകള്‍ കൈമാറിയിരുന്നു. സംശയം തോന്നിയ ഇവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. ഇവര്‍ പലിശയ്ക്ക് പണം നല്‍കിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കള്ളനോട്ടും കള്ളപ്പണവും ഇല്ലാതാക്കാന്‍ എന്ന പേരിലാണ് കേന്ദ്രസര്‍ക്കാര്‍ പഴയ 500,1000നോട്ടുകള്‍ നിരോധിച്ച് പുതിയ 500ന്റേയും 2000ത്തിന്റേയും നോട്ടുകള്‍ കൊണ്ടുവന്നത്. എന്നാല്‍ പുതിയ നോട്ടുകള്‍ പുറത്തിറങ്ങിയതിനു പിന്നാലെ തന്നെ അതിന്റെ കള്ളനോട്ടുകളും വ്യാപകമായിരുന്നു.