കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കായംകുളം മണ്ഡലത്തില്‍ മത്സരിച്ച് തോറ്റ അരിത ബാബുവിനെ വിജയിപ്പിച്ച രീതിയില്‍ വാര്‍ത്ത കൊടുത്തതില്‍ വീഴ്ച സമ്മതിച്ച് മനോരമ. സംഭവത്തില്‍ നിര്‍വ്യാജം ഖേദിക്കുന്നതായി മനോരമ പ്രസ്താവനയില്‍ പറഞ്ഞു.
മുന്‍കൂട്ടി തയ്യാറാക്കിയ ചില വിവരങ്ങള്‍ സാങ്കേതിക തകരാറുമൂലം ലൈവിലെത്തിയതാണെന്ന് മനോരമ പ്രസ്താവനയില്‍ പറഞ്ഞു.
‘കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കായംകുളത്തെ ഫലത്തെപ്പറ്റി മനോരമ ഓണ്‍ലൈനില്‍ തെറ്റായ വാര്‍ത്ത പ്രത്യക്ഷപ്പെടാനിടയായതില്‍ നിര്‍വ്യാജം ഖേദിക്കുന്നു. വലിയ വാര്‍ത്താ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പുകള്‍ക്കും മറ്റും ഫലം വരുമ്പോള്‍ത്തന്നെ കൊടുക്കാനായി ന്യൂസ് പോര്‍ട്ടലുകളും ചാനലുകളും പശ്ചാത്തല വിവരങ്ങള്‍ ചേര്‍ത്ത് റിപ്പോര്‍ട്ടുകള്‍ നേരത്തേ തയ്യാറാക്കിവെക്കാറുണ്ട്. അത്തരത്തില്‍, രണ്ട് തരത്തില്‍ തയാറാക്കിവച്ച വാര്‍ത്തകളിലൊന്നാണ് സാങ്കേതിക തകരാറുമൂലം ഇപ്പോള്‍ ലൈവിലെത്തിയത്.
ഫലം വന്ന ദിവസം തന്നെ യു. പ്രതിഭയുടെ വിജയം സംബന്ധിച്ച വാര്‍ത്ത കൊടുക്കുകയും അരിത ബാബുവിന്റെ വിവരങ്ങള്‍ ചേര്‍ത്തുതയാറാക്കി വച്ചിരുന്ന വാര്‍ത്ത നീക്കം ചെയ്യുകയും ചെയ്തിരുന്നു. പക്ഷേ ചില സാങ്കേതിക തകരാറുകള്‍ മൂലം കഴിഞ്ഞ ദിവസം ലൈവിലേക്ക് പോകുകയായിരുന്നു. ഇതു ശ്രദ്ധയില്‍പെട്ടയുടന്‍ തെറ്റായ വാര്‍ത്ത നീക്കം ചെയ്തു,’ മനോരമ വിശദീകരണത്തില്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടപ്പോഴാണ് 6298 വോട്ടിന് സി.പി.ഐ.എമ്മിലെ യു. പ്രതിഭയോട് പരാജയപ്പെട്ട അരിതാ ബാബു ജയിച്ചെന്ന് മനോരമ ഓണ്‍ലൈനില്‍ വാര്‍ത്തവന്നിരുന്നത്. യു. പ്രതിഭ എം.എല്‍.എ തന്നെയാണ് വാര്‍ത്തയുടെ ലിങ്ക് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നത്.
‘വലി എന്റെ ജോലിയെ ബാധിക്കില്ല. ലെ മനോരമ റിപ്പോര്‍ട്ടര്‍’ എന്ന തലക്കെട്ടോടെയാണ് പ്രതിഭ വാര്‍ത്ത പങ്കുവെച്ചത്. വാര്‍ത്തയില്‍ എത്ര വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചതെന്ന് എഴുതാനുള്ള സ്ഥലം ഒഴിവാക്കിയിട്ടിട്ടുണ്ട്.
യു.ഡി.എഫിലെ അരിതാ ബാബു ഒരിടവേളയ്ക്ക് ശേഷം കായംകുളത്തെ ‘വലത്തേക്ക് കൈപിടിച്ചെന്ന’ വാചകത്തോടെയാണ് വാര്‍ത്ത ആരംഭിച്ചിരുന്നത്.
‘കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 11,857 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിന്നാണ് കോണ്‍ഗ്രസിന്റെ ഇളമുറക്കാരിക്ക് മുമ്പില്‍ എം.എല്‍.എ അടിയറവ് പറഞ്ഞത്,’ എന്നും വാര്‍ത്തയില്‍ പറഞ്ഞരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പ് മുതല്‍ തന്നെ ഇടതുപക്ഷം തോല്‍വി മണത്തിരുന്നെന്നും വാര്‍ത്തയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
മനോരമയില്‍ വന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ വളരെ പെട്ടെന്നാണ് പ്രചരിച്ചിരുന്നത്. പിന്നീട് മനോരമ തന്നെ വാര്‍ത്ത പിന്‍വലിച്ച ശേഷം പ്രതിഭ വിജയിച്ചുവെന്ന വാര്‍ത്ത ഇന്നത്തെ തീയതിയില്‍ അപ്ഡേറ്റ് ചെയ്യുകയായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Manorama admits failure to report on Aritha Babu’s won in last assembly election