ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിന് ഇറങ്ങുകയാണ് എഫ്. സി ഗോവ. നാളെ (28/11/24) 7.30 ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍വച്ചാണ് മത്സരം നടക്കുക. മത്സരത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയാണ് എഫ്.സി ഗോവ ഹെഡ് കോച്ച് മനോലോ മാര്‍കസ്.
ബ്ലാസ്റ്റേഴ്‌സിനെതിരായ ഇലവനില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും വെല്ലുവിളികളെ അതിജീവിച്ച് മുന്നേറാന്‍ തങ്ങള്‍ക്ക് ഇനിയും രണ്ട് മികച്ച ടീമുകളെ നേരിടേണ്ടതുണ്ടെന്നും മനോലോ പറഞ്ഞു.
‘ഞങ്ങള്‍ ഞങ്ങളുടെ ടീമുമായി നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഈ ടീമില്‍ എനിക്ക് നല്ല വിശ്വാസവും പ്രതീക്ഷയുമുണ്ട്. പല വെല്ലുവിളികളെയും അതിജീവിച്ചതിന്റെ ഫലമായാണ് 12 പോയിന്റുമായി ഗോവ ആറാം സ്ഥാനത്തുനില്‍ക്കുന്നത്. ഇനിയും മികച്ച രണ്ട് ടീമുകളെ ഞങ്ങള്‍ക്ക് നേരിടേണ്ടതായും ഉണ്ട്’. ഗോവയുടെ മുഖ്യ കോച്ച് മനോലോ മാര്‍കസ് പറഞ്ഞു.
നിലവില്‍ ഐ.എസ്.എല്‍ പോയിന്റ് ടേബിളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്തും എഫ്.സി. ഗോവ ആറാം സ്ഥാനത്തുമാണ്. ബെംഗളൂര്‍ എഫ്.സിയെയും പഞ്ചാബ് എഫ്.സിയെയും രണ്ടും മൂന്നും ഗോളുകളുടെ ആധിപത്യത്തിലാണ് എഫ്.സി ഗോവ വിജയം നേടിയത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോവയുടെയും ഇന്ത്യന്‍ ദേശീയ ടീമിന്റെയും ലെഫ്റ്റ് ബാക്കായി കളിക്കുന്ന ആകാശ് സാങ്വാന്‍ ടീമിലേക്കു തിരിച്ചുവരുന്നതായി മാര്‍കസ് സ്ഥിരീകരിച്ചു. സീസണിന്റെ തുടക്കത്തില്‍ പരിക്കുമൂലം പുറത്തായിരുന്നു താരം.
ആകാശിന്റെ തിരിച്ചുവരവ് ടീമിനെ കുറച്ചുകൂടി ശക്തമാക്കും. പുതിയ പരിശീലകന്റെ കീഴിലുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ നേരിടുന്നതിലും പുത്തന്‍ തന്ത്രങ്ങളാലും കളിക്കാരാലും കരുത്തുനേടിയതില്‍ മാര്‍കസ് ആവേശം പ്രകടിപ്പിച്ചു.
തുടര്‍ച്ചയായ രണ്ട് മത്സരങ്ങള്‍ ജയിച്ചാണ് അടുത്ത അങ്കത്തിനായി കേരളത്തിനെതിരെ ഗോവ ഇറങ്ങുക. എന്നാല്‍ സ്വന്തം തട്ടകത്ത് നിന്നും ചെന്നൈയിന്‍ എഫ്.സിയെ 3 ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞാണ് ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ കഴിഞ്ഞ മത്സരം ജയിച്ചത്.
അതിന്റെ ആത്മവിശ്വാസത്തിലിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് ഒരിക്കല്‍ കൂടി തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ തകര്‍പ്പന്‍ ഗോളുകള്‍കൊണ്ട് ഗോവയുടെ ഗോള്‍ വല തകര്‍ക്കുമെന്നുതന്നെ പ്രതീക്ഷിക്കാം.
Content Highlight: Manolo Marquez Talking About FC Goa