ഇനി പറയുന്ന കാര്യത്തിന്റെ ഗൗരവം അതേ അളവില്‍ എത്ര ആള്‍ക്കാര്‍ക്ക് മനസിലാവുമെന്നറിയില്ല. കാരണം, സ്വയം അഭിമുഖീകരിക്കേണ്ടി വരും വരെ മിക്കവാറും ആള്‍ക്കാരും വളരെ ലാഘവത്തോടെ കാണുന്ന ഒരു വിഷയത്തെ പറ്റിയാണ്.
രക്തദാനത്തെ പറ്റിയാണ് പറഞ്ഞു വരുന്നതെങ്കിലും അതിലെ പ്രധാന സംഗതി, കൊവിഡ് വാക്‌സിനേഷനും ശേഷമുള്ള രക്തദാനവുമാണ്. മെയ് 1 മുതല്‍ 18 വയസിന് മുകളിലുള്ളവര്‍ക്കും വാക്‌സിന്‍ ലഭിക്കുമെന്നാണ് പറയുന്നത്. അങ്ങനെ വരുമ്പോള്‍ സമീപഭാവിയില്‍ നമ്മളെ കാത്തിരിക്കുന്നത്, അതിരൂക്ഷമായ രക്ത ദൗര്‍ലഭ്യമായിരിക്കും. കാരണം, നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലിന്റെ ബ്ലഡ് ബാങ്കുകള്‍ക്കുള്ള ലേറ്റസ്റ്റ് സര്‍ക്കുലര്‍ പ്രകാരം, വാക്‌സിനെടുത്ത് കഴിഞ്ഞ് 28 ദിവസത്തിനു ശേഷം ആ വ്യക്തിയുടെ രക്തം സ്വീകരിച്ചാല്‍ മതിയെന്നാണ്.
ഈ സര്‍ക്കുലര്‍ അനുസരിച്ച് കൊവാക്‌സിന്‍ എടുക്കുന്നൊരാള്‍ക്ക് ആദ്യ ഡോസ് വാക്‌സിനെടുത്ത് മിനിമം രണ്ടു മാസത്തേക്കും, കൊവിഷീല്‍ഡ് എടുക്കുന്നവര്‍ക്ക് മൂന്നു മാസത്തേക്കും പിന്നെ രക്തം ദാനം ചെയ്യാന്‍ പറ്റാത്ത ഒരു സ്ഥിതി വരും.
ഇത് രക്തത്തിന്റെ ദൗര്‍ലഭ്യം കൂടുതല്‍ ഗുരുതരമാക്കുമെന്നതില്‍ സംശയമില്ലല്ലോ.
ഓപ്പറേഷന്‍ വേണ്ടതും കീമോ വേണ്ടതുമായ എല്ലാ ക്യാന്‍സറിന്റെയും ചികിത്സയുടെ ഭാഗമായി രോഗിക്ക് രക്തം അടക്കേണ്ടതായി വരും. എന്നുവച്ചാല്‍ RCC പോലുള്ള ആശുപത്രിയില്‍ വരുന്ന 90% രോഗികള്‍ക്കും രക്തമടയ്‌ക്കേണ്ടി വരാം. മറ്റിടങ്ങളില്‍ പ്രസവം, സിസേറിയന്‍, ശസ്ത്രക്രിയകള്‍, ആക്‌സിഡന്റുകള്‍, പൊള്ളല്‍… അങ്ങനെ ഒരു ദിവസം രക്തമാവശ്യമായി വരുന്ന രോഗികള്‍ കൊറോണ വരുന്നവരേക്കാള്‍ എത്രയധികമാണെന്ന് നിങ്ങള്‍ക്കറിയാമായിരിക്കും. കൊവിഡ് രോഗികള്‍ക്കും വേണ്ടി വരും ചിലപ്പോള്‍.
അങ്ങനെ എത്ര യൂണിറ്റ് രക്തമാണ് ഒരു ദിവസം വേണ്ടത്! കിട്ടാത്ത അവസ്ഥയുണ്ടായാല്‍..?
18 വയസിന് മുകളിലുള്ളവര്‍ക്ക് കൂടി വാക്‌സിനേഷന്‍ തുടങ്ങി, ഒന്നോ രണ്ടോ മാസം കഴിയുമ്പോഴായിരിക്കും ഈ പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ ചിത്രം നമുക്ക് കിട്ടുക. കാരണം പൊതുവേ രക്തദാതാക്കള്‍ ഇപ്പോള്‍ കുറവാണ്. ഉള്ളവരില്‍ നിന്ന് കൂടി സ്വീകരിക്കാന്‍ പറ്റാത്ത സ്ഥിതി വന്നാല്‍?
അതിനൊരു പ്രതിവിധി സന്നദ്ധരക്തദാനമാണ്. അതിന് എല്ലാവരും, പ്രത്യേകിച്ചും യുവാക്കള്‍ മുന്നോട്ട് വരണം. യുവജന സംഘടനകള്‍ അവരെ മോട്ടിവേറ്റ് ചെയ്ത് കൊണ്ടുവരണം. മെയ് ഒന്നിനു മുമ്പ് എല്ലാവരും പോയി രക്തം കൊടുക്കണമെന്നല്ലാ പറഞ്ഞതിന്റെ അര്‍ത്ഥം. എന്തായാലും എല്ലാവര്‍ക്കും ഒരുമിച്ച് വാക്‌സിന്‍ കിട്ടില്ലല്ലോ. അതിനൊരു തീയതിയൊക്കെ കാണുമല്ലോ.
നമുക്ക് ചെയ്യാന്‍ കഴിയുന്നത്, ഓരോരുത്തരും വാക്‌സിന്റെ ആദ്യ ഡോസ് എടുക്കുന്നതിന് മുമ്പ്, സൗകര്യമുള്ള ഒരു ദിവസം ഏറ്റവും അടുത്ത ബ്ലഡ് ബാങ്കില്‍ പോയി രക്തം ദാനം ചെയ്യുക. അതിനായി ഒരു മണിക്കൂര്‍ മാറ്റി വയ്ക്കുക.
ഈ കൊടുക്കുന്ന രക്തം ആര്‍ക്കാണ് ഉപയോഗപ്പെടുന്നതെന്ന് പറയാനാവില്ല. അത്യാവശ്യ ഘട്ടത്തില്‍ അത് നിങ്ങള്‍ക്കോ നിങ്ങളുടെ ബന്ധുവിനോ സുഹൃത്തിനോ തന്നെയാവും ചിലപ്പോള്‍ ഉപകാരപ്പെടുക. പക്ഷെ, ആ അത്യാവശ്യഘട്ടത്തില്‍ ‘ബ്ലഡ് ബാങ്കില്‍ രക്തമില്ലാ, നിങ്ങള്‍ വാക്‌സിനെടുത്തതിനാല്‍ നിങ്ങളുടെ രക്തം എടുക്കാനും പറ്റില്ലാ’യെന്ന അവസ്ഥ വന്നാലുള്ള കാര്യം ആലോചിച്ചു നോക്കൂ..
ഓര്‍ക്കണം, മരുന്നോ ആഹാരമോ ആണെങ്കില്‍ ഒന്നില്ലെങ്കില്‍ മറ്റൊന്ന് വച്ച് അഡ്ജസ്റ്റ് ചെയ്യാം. പക്ഷെ, മനുഷ്യ രക്തത്തിന് പകരമായി മനുഷ്യരക്തം മാത്രമേയുള്ളൂ. അത് മനുഷ്യനില്‍ നിന്നു തന്നെ കിട്ടിയേ പറ്റൂ. കൊറോണയെ നമ്മള്‍ അതിജീവിച്ചു കഴിയുമ്പോഴേക്കും മറ്റു രോഗങ്ങളുള്ളവര്‍ ആവശ്യത്തിന് രക്തം കിട്ടാത്തത് കാരണം മരിച്ചു പോകുന്ന അവസ്ഥ ഉണ്ടാവരുത്.
മനോജ് വെള്ളനാട്
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Manoj Vellanad Facebook post