| Friday, 10th January 2025, 10:04 am

ഐ.പി.ല്ലിന്റെ അടിസ്ഥാനത്തില്‍ എങ്ങനെ ഇന്ത്യയുടെ പരിശീലകനാകും, ഗംഭീര്‍ എങ്ങനെ കടന്നുവന്നെന്ന് ആര്‍ക്കും അറിയില്ല: മനോജ് തിവാരി

സ്പോര്‍ട്സ് ഡെസ്‌ക്

2024ല്‍ രാഹുല്‍ ദ്രാവിഡിന് ശേഷം ഇന്ത്യന്‍ പരിശീലകനായി എത്തിയ മുന്‍ താരം ഗൗതം ഗംഭീറിന് തുടര്‍ തിരിച്ചടികളാണ് ഏറ്റുവാങ്ങേണ്ടിവന്നത്. ടി-20ഐയില്‍ വിജയം സ്വന്തമാക്കാന്‍ സാധിച്ചെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ വമ്പന്‍ പരാജയങ്ങളാണ് ഏറ്റുവാങ്ങുന്നത്.

ഹോം ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനെതിരെ ആദ്യ മായി പരമ്പര തോല്‍വി ഏറ്റുവാങ്ങിയതും ബോര്‍ഡര്‍ ഗവാസ്‌കറില്‍ 3-1ന് പരാജയപ്പെട്ട് 10 വര്‍ഷങ്ങള്‍ക്ക് ശേഷം ഓസീസിന് വിജയിക്കാന്‍ സാധിച്ചതും വലിയ തിരിച്ചടികളായിരുന്നു. ഇതിനെല്ലാം പുറമെ 2024 – 25 വര്‍ഷത്തെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനല്‍ സാധ്യതള്‍ തകര്‍ത്തതും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി.

ഇപ്പോള്‍ ഗംഭീറിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കൊല്‍ക്കത്ത താരവുമായ മനോജ് തിവാരി. ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി തുടരാന്‍ ഗംഭീര്‍ യോഗ്യനല്ലെന്നാണ് തിവാരി പറഞ്ഞത്. മാത്രമല്ല ഈ സ്ഥാനത്തേക്ക് മുന്‍ ഇന്ത്യന്‍ താരവും ബി.സി.സി.ഐ സെട്രല്‍ ഓഫ് എക്‌സലന്‍സ് സെക്രട്ടറിയുമായ വി.വി.എസ്. ലക്ഷ്മണും സായിരാജ് ബഹുതുലെയുമാണ് യോഗ്യരെന്ന് മുന്‍ താരം പറഞ്ഞു.

‘വി.വി.എസ്. ലക്ഷ്മണും സായിരാജ് ബഹുതുലെയും ദേശീയ ക്രിക്കറ്റ് അക്കാദമിയുമായി ദീര്‍ഘകാലമായി ബന്ധപ്പെട്ടിരുന്നതിനാല്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ തയ്യാറാണെന്ന് ഞാന്‍ കരുതുന്നു. രാഹുല്‍ ദ്രാവിഡിന് വിശ്രമം അനുവദിച്ചപ്പോള്‍ ഇവരില്‍ ഒരാള്‍ക്ക് ടീമിന്റെ കമാന്‍ഡ് ലഭിച്ചു. അതിനിടയില്‍ ഗൗതം ഗംഭീര്‍ എങ്ങനെ കടന്നുവന്നു, ആര്‍ക്കും അറിയില്ല,’ തിവാരി പി.ടി.ഐയോട് പറഞ്ഞു.

മാത്രമല്ല 2024 ഐ.പി.എല്ലില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിജയത്തിന്റെ ക്രെഡിറ്റ് ഗംഭീറിന് നല്‍കേണ്ടതില്ലെന്ന് തിവാരി പറഞ്ഞു.

‘അദ്ദേഹത്തിന് പരിചയമൊന്നുമില്ല, വളരെ ആക്രമണകാരിയാണ്. അവനെപ്പോലെയുള്ള ഒരാളെ നിങ്ങള്‍ നിയമിച്ചാല്‍, നിങ്ങള്‍ക്ക് ശരാശരി ഫലം മാത്രം ലഭിക്കും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായി നിയമിച്ചത് തെറ്റാണ്. കെ.കെ.ആറിന്റെ വിജയത്തിന്റെ ക്രെഡിറ്റ് പണ്ഡിറ്റും മറ്റുള്ളവരും അര്‍ഹിക്കുന്നു, നിങ്ങള്‍ക്ക് ഗംഭീറിനെ പ്രശംസിക്കാന്‍ കഴിയില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Manoj Tiwary Criticize Gautham Gambhir

We use cookies to give you the best possible experience. Learn more