ന്യൂദല്‍ഹി: തലസ്ഥാനത്ത് ദേശീയ പൗരത്വ പട്ടിക നടപ്പാക്കിയാല്‍ ആദ്യം ദല്‍ഹി വിടേണ്ടി വരിക ബി.ജെ.പി അധ്യക്ഷന്‍ മനോജ് തിവാരിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. വാര്‍ത്താ സമ്മേളനത്തിലായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം.
ദേശീയ പൗരത്വപട്ടിക ദല്‍ഹിയില്‍ നടപ്പാക്കുകയാണെങ്കില്‍ ദല്‍ഹി വിടേണ്ടി വരുന്ന ആദ്യത്തെ വ്യക്തി മനോജ് തിവാരിയായിരിക്കും എന്നായിരുന്നു കെജ്‌രിവാളിന്റെ പ്രസ്താവന.
‘പൂര്‍വഞ്ചല്‍ സ്വദേശിയായ ഒരാള്‍ നിയമവിരുദ്ധമായി നുഴഞ്ഞുകയറ്റക്കാരനാവുമോ എന്നാണ് എന്റെ ചോദ്യം. അവരെ ദല്‍ഹിയില്‍ നിന്നും പുറത്താക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കുടിയേറിയവരെ നിങ്ങള്‍ വിദേശിയായി കണക്കാക്കുന്നു. ദല്‍ഹിയില്‍ നിന്ന് പുറത്താക്കാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ ഉദ്ദേശം ഇതാണെങ്കില്‍ അദ്ദേഹത്തിന്റെ മാനസിക നില തകരാറിലായെന്ന് ഞാന്‍ കരുതുന്നു. എന്‍.ആര്‍.സി എന്താണെന്ന് ഒരു ഐ.ആര്‍.എസ് ഉദ്യോഗസ്ഥന് അറിയാത്തതെങ്ങനെ?’ എന്നായിരുന്നു മനോജ് തിവാരിയുടെ പ്രതികരണം.
അസമില്‍ നിയമവിരുദ്ധമായി താമസിക്കുന്നവരെ കണ്ടെത്തുന്നതിനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന അസം പൗരത്വബില്ലിന്റെ അന്തിമപട്ടിക പുറത്തിറക്കിയപ്പോള്‍ 3.1 ലക്ഷം ജനങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുകയും 19 ലക്ഷം പേര്‍ പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു. അസം കൂടാതെ ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ എന്‍.ആര്‍.സി നടപ്പാക്കാന്‍ ഒരുങ്ങുകയാണ്.