പറഞ്ഞ പണം നല്‍കാം; പക്ഷേ...: പുതിയ നിബന്ധനയുമായി ആം ആദ്മിയെ വെല്ലുവിളിച്ച് തോറ്റ ബി.ജെ.പി നേതാവ് മനോജ് തിവാരി
national news
പറഞ്ഞ പണം നല്‍കാം; പക്ഷേ...: പുതിയ നിബന്ധനയുമായി ആം ആദ്മിയെ വെല്ലുവിളിച്ച് തോറ്റ ബി.ജെ.പി നേതാവ് മനോജ് തിവാരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd December 2018, 12:51 pm

ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിക്ക് നല്‍കുമെന്ന പറഞ്ഞ സംഭാവന ഉടന്‍ തന്നെ നല്‍കുമെന്ന് ദല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ മനോജ് തിവാരി. പക്ഷേ തുക പാര്‍ട്ടിക്ക് നേരിട്ട് നല്‍കില്ലെന്ന് പറയുന്ന തിവാരി പുതിയ ചില നിബന്ധനകള്‍ കൂടി മുന്നോട്ടു വെച്ചിട്ടുണ്ട്.

രണ്ട് മാസം മുമ്പായിരുന്നു മനോജ് തിവാരി ഒരു ലക്ഷം രൂപയുടെ വാഗ്ദാനം മനോജ് തിവാരി മുന്നോട്ടുവെച്ചത്. ദല്‍ഹി മെട്രോ നാലാം ഘട്ടം കമ്മീഷന്‍ ചെയ്താല്‍ എ.എ.പിക്ക് എന്റെ വക 1,11,100 എന്നായിരുന്നു തിവാരിയുടെ വാഗ്ദാനം.

ആം ആദ്മി പാര്‍ട്ടിക്ക് മെട്രോ പ്രൊജക്ട് പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നും ഇനി അഥവാ അങ്ങനെ സംഭവിച്ചാല്‍ ഒരു ലക്ഷം രൂപ താന്‍ സംഭാവന നല്‍കുമെന്നുമായിരുന്നു മനോജ് തിവാരി പറഞ്ഞത്. മെട്രോയുടെ ജോലി ആരംഭിച്ചതോടെ പറഞ്ഞ വാഗ്ദാനം മനോജ് തിവാരി പാലിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി നേതാക്കള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

“മോദിയേയും ബി.ജെ.പി സര്‍ക്കാരിനേയും പോലെയല്ല, മനോജ് തിവാരി വാക്ക് പാലിക്കുമെന്ന് കരുതുന്നു, താഴെ ചേര്‍ക്കുന്ന ലിങ്ക് മുഖേന വാഗ്ദാനം ചെയ്ത പണം അടയ്ക്കാവുന്നതാണ്. ഇതുവഴി നിങ്ങള്‍ക്ക് ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമാകാം-ഹിന്ദിയില്‍ പോസ്റ്റ് ചെയ്ത ട്വീറ്റില്‍ എ.എ.പി പറഞ്ഞിരുന്നു.


ബീഹാറില്‍ അഞ്ച് സീറ്റ്, യു.പിയില്‍ ഒന്നും, രാംവിലാസ് പാസ്വാന് രാജ്യസഭാ ടിക്കറ്റും ; 2019 ല്‍ എല്‍.ജെ.പിയെ ഒപ്പം നിര്‍ത്താന്‍ ബി.ജെ.പി


ഇതോടെ വെട്ടിലായ മനോജ് തിവാരി ഒടുവില്‍ വാഗ്ദാനം പാലിക്കുമെന്ന് പറഞ്ഞ് രംഗത്തെത്തുകയായിരുന്നു. എന്നാല്‍ ആം ആദ്മിക്കുള്ള തെരഞ്ഞെടുപ്പ് ഫണ്ടായല്ല ഇത് നല്‍കുകയെന്നും മരണപ്പെട്ട ആം ആദ്മി പ്രവര്‍ത്തകരായ സന്തോഷ് കോലി, സോണി മിശ്ര എന്നിവരുടെ കുടുംബത്തിന് നല്‍കുമെന്നുമാണ് മനോജ് തിവാരി പറഞ്ഞിരിക്കുന്നത്.

ആം ആദ്മിയുടെ സജീവപ്രവര്‍ത്തകയായിരുന്ന സന്തോഷ് കോലി 2013 ല്‍ നടന്ന ഒരു അപകടത്തിലാണ് കൊല്ലപ്പെടുന്നത്. തന്റെ മകളുടേത് കൊലപാതകമാണെന്നും ആം ആദ്മി പാര്‍ട്ടി വേണ്ട വിധം കേസ് അന്വേഷിച്ചില്ലെന്നും ഇവരുടെ അമ്മ പരാതിപ്പെട്ടിരുന്നു. വിഷയം ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തിരുന്നു.

സോണി മിശ്രയെന്ന എ.എ.പി പ്രവര്‍ത്തക 2016 ലാണ് ആത്മഹത്യ ചെയ്യുന്നത്. വിഷയത്തില്‍ എ.എ.പി മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിടുകയും ദല്‍ഹി ക്രൈം ബ്രാഞ്ചിന് പിന്നീട് കേസ് കൈമാറുകയുമായിരുന്നു. ഇവരുടെ കുടുംബത്തിന് പണം കൈമാറാം എന്ന് പറയുന്നതിനൊപ്പം തന്നെ മറ്റൊരു വെല്ലുവിളിയും കൂടി മനോജ് തിവാരി നടത്തിയിട്ടുണ്ട്.

“”തുക ഞാന്‍ നല്‍കാം. പക്ഷേ മറ്റൊരു വെല്ലുവിളി കൂടി മുന്നോട്ടു വെക്കുന്നു. ദല്‍ഹിയിലെ മലിനീകരണ പ്രശ്‌നം നിയന്ത്രിക്കാന്‍ സ്വന്തം സര്‍ക്കാരിന് കഴിയാത്ത സാഹചര്യത്തില്‍ ഒരു സര്‍വകക്ഷിയോഗം വിളിക്കാന്‍ കെജ്‌രിവാള്‍ തയ്യാറാകണം. അങ്ങനെയാണെങ്കില്‍ ഒരു ലക്ഷം രൂപ കൂടി ഞാന്‍ അധികം വാഗ്ദാനം ചെയ്യുന്നു- മനോജ് തിവാരി പറഞ്ഞു.

“”അരവിന്ദ് കെജ്‌രിവാള്‍, നിങ്ങള്‍ അത് പിടിച്ചെടുത്തിരിക്കുന്നു. മെട്രോ ഫേസിന്റെ നാലാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് നിങ്ങളുടെ പ്രവര്‍ത്തകര്‍ പറയുന്നു. അങ്ങനെയെങ്കില്‍ ആ തുക നല്‍കാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ തുക സന്തോഷ് കോലിയുടേയും സോണി മിശ്രയുടേയും കുടുംബത്തിന് നല്‍കും””- മനോജ് തിവാരി ട്വിറ്ററില്‍ കുറിച്ചു.