ലിയോ സിനിമയില്‍ ഏറ്റവുമധികം ചര്‍ച്ചയായതായിരുന്നു ആറ് മിനിട്ട് നീണ്ടു നിന്ന ഒറ്റ ഷോട്ടിലെടുത്ത രംഗം. വിജയ്‌യുടെ കഥാപാത്രം ഇമോഷണലായി തൃഷയുടെ കഥാപാത്രത്തോട് സംസാരിക്കുന്ന രംഗമായിരുന്നു ഇത്. ഇതിനിടക്ക് ഉണരുന്ന മകളെ വിജയ് പാട്ട് പാടി ഉറക്കുന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത് സ്‌ക്രിപ്റ്റില്‍ ഇല്ലായിരുന്നു എന്ന് പറയുകയാണ് ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫര്‍ മനോജ് പരമഹംസ.
വിജയ് അപ്രതീക്ഷിതമായാണ് അത് ചെയ്തതെന്നും തങ്ങള്‍ക്കെല്ലാം വലിയ അത്ഭുതമായെന്നും ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ മനോജ് പറഞ്ഞു.
‘ആ രംഗം ചിത്രീകരിക്കുമ്പോള്‍ കുട്ടി ഉണരുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ കുട്ടി ഉണര്‍ന്നപ്പോള്‍ വിജയ് സാര്‍ അടുത്ത് പോയി പാട്ട് പാടി ഉറക്കി അതേ ഭാവങ്ങളോടെ തിരിച്ച് വന്നു. അത് എന്നെ അത്ഭുതപ്പെടുത്തി. അങ്ങനെയൊന്ന് പ്രതീക്ഷിച്ചതേയില്ല. തൃഷ മാം വരുന്നു. കുട്ടി ഉണരുന്നു. വിജയ് സാര്‍ അടുത്ത് പോയി ഉറക്കിയിട്ട് ആ രംഗം അതുപോലെ തുടരുന്നു. വിജയ് സാര്‍ അടുത്ത് പോയി പാട്ട് പാടി ഉറക്കുമെന്ന് സ്‌ക്രിപ്റ്റിലില്ലായിരുന്നു. ആ മൂവ് അപ്രതീക്ഷിതമായിരുന്നു. ആ രംഗമാണ് എന്നെ ഏറ്റവുമധികം അത്ഭുതപ്പെടുത്തിയത്,’ മനോജ് പരമഹംസ പറഞ്ഞു.
ഈ പോര്‍ഷനിലെ തന്നെ ഇന്റിമേറ്റ് രംഗത്തെ പറ്റിയും മനോജ് സംസാരിച്ചിരുന്നു. ‘അരണ്ട വെളിച്ചത്തില്‍ ചെറിയ ഇരുളിമയിലാണ് ഇന്റിമേറ്റ് സീന്‍ ചിത്രീകരിച്ചത്. അതുകൊണ്ട് തന്നെ അതൊരു സാധാരണ കിസിങ് സീന്‍ ആവില്ല. അതൊരു ഇന്റിമേറ്റ് രംഗമാണെങ്കിലും അവര്‍ ഇപ്പോഴും ഇരുട്ട് നിറഞ്ഞ അവസ്ഥയിലാണ് എന്ന് കാണിക്കാനാണ് അങ്ങനെ ചിത്രീകരിച്ചത്.
ലോകേഷ് വളരെ ജിജ്ഞാസയോടെയാണ് ആ രംഗം ചിത്രീകരിച്ചത്. ഒരേ ആങ്കിളില്‍ എവിടെയും കട്ട് ചെയ്യാതെ എടുക്കാം എന്ന് അദ്ദേഹം പറഞ്ഞു. സാധാരണ ഗതിയില്‍ ഒരു ആറ് മിനിട്ട് രംഗം എടുക്കുമ്പോള്‍ അത് നന്നായെങ്കില്‍ സംവിധായകന്‍ ഒന്ന് നോക്കിയിട്ട് കട്ട് പറയും. എന്നാല്‍ ലോകേഷ് വളരെ സന്തോഷത്തോടെ ബാക്ക് അപ്പ് എന്നാണ് പറഞ്ഞത്,’ മനോജ് പരമഹംസ പറഞ്ഞു.
Content Highlight: Manoj Paramahamsa talks about the unexpected improvisation of vijay in leo