ലിയോയിലെ ആ ഷോട്ട് എടുത്ത ദിവസം വിജയ് സാര്‍ വലിയ സന്തോഷത്തിലായിരുന്നു: മനോജ് പരമഹംസ
Entertainment
ലിയോയിലെ ആ ഷോട്ട് എടുത്ത ദിവസം വിജയ് സാര്‍ വലിയ സന്തോഷത്തിലായിരുന്നു: മനോജ് പരമഹംസ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 7th August 2024, 12:25 pm

സൗത്ത് ഇന്ത്യയിലെ മികച്ച ഛായാഗ്രഹകന്മാരില്‍ ഒരാളാണ് മനോജ് പരമഹംസ. 2009ല്‍ ഈറം എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച മനോജ് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുപിടി മികച്ച സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചു. വിജയ് നായകനായി കഴിഞ്ഞ വര്‍ഷം റിലീസായ ലിയോയുടെ ക്യാമറ കൈകാര്യം ചെയ്തതും മനോജായിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്. നാ റെഡി എന്ന പാട്ടില്‍ പാട്ടിനിടയില്‍ മദ്യപിക്കുന്നതും സിഗരറ്റ് വലിക്കുന്നതും വിജയ്‌യുടെ സജഷനായിരുന്നെന്ന് മനോജ് പറഞ്ഞു. പാട്ടിന്റെ റിഥത്തിനനുസരിച്ച് സ്റ്റെപ്പ് സിങ്ക് ആകാന്‍ വേണ്ടിയാണ് വിജയ് അക്കാര്യം പറഞ്ഞതെന്ന് മനോജ് പറഞ്ഞു. ഡാന്‍സ് മാസ്റ്ററിന് പോലും തോന്നാത്ത ഐഡിയ ആയിരുന്നു അതെന്ന് മനോജ് പറഞ്ഞു.

അതേ പാട്ടില്‍ തോക്കെടുത്ത് വെടി വെക്കുന്ന ഷോട്ട് മോക്കോബോട്ട് ഉപയോഗിച്ചാണ് എടുത്തതെന്നും ആ ഷോട്ട് കറക്ടായി കിട്ടിയപ്പോള്‍ വിജയ് വളരെയധികം സന്തോഷിച്ചുവെന്നും മനോജ് പറഞ്ഞു. അത്തരം ചെറിയ കാര്യങ്ങളില്‍ വരെ സന്തോഷിക്കുന്നയാളാണ് വിജയ്‌യെന്ന് അന്ന് തനിക്ക് മനസിലായെന്നും മനോജ് കൂട്ടിച്ചേര്‍ത്തു. ഫൈനലി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് മനോജ് ഇക്കാര്യം പറഞ്ഞത്.

‘ലിയോ ഞാന്‍ വളരെയധികം ആസ്വദിച്ച് ചെയ്ത സിനിമയാണ്. ലോകേഷ്, വിജയ് സാര്‍ എന്നിവരുമായി വര്‍ക്ക് ചെയ്തത് മറക്കാന്‍ പറ്റാത്ത അനുഭവമായിരുന്നു. ‘നാ റെഡി’ എന്ന പാട്ടിന്റെ ഷൂട്ട് വല്ലാത്ത എക്‌സ്പീരിയന്‍സായിരുന്നു. പാട്ടിനിടയില്‍ വിജയ് സാര്‍ കള്ള് കുടിക്കുകയും അതിന്റെ കൂടെ സിഗരറ്റ് വലിക്കുകയാും ചെയ്യുന്ന ഷോട്ടുണ്ട്. അദ്ദേഹമാണ് അക്കാര്യം സജസ്റ്റ് ചെയ്തത്. പാട്ടിന്റെ റിഥവുമായി സിങ്കാകാന്‍ വേണ്ടിയായിരുന്നു അത്. ഡാന്‍സ് മാസ്റ്ററിന് തോന്നാത്ത കാര്യമായിരുന്നു അത്.

അതേ പാട്ടില്‍ വിജയ് സാര്‍ തോക്കെടുത്ത് വെടിവെക്കുന്ന ഷോട്ടുണ്ട്. മൂന്ന് തവണ അദ്ദേഹം ഫയര്‍ ചെയ്യുന്ന ഷോട്ടാണ്. മോക്കോബോട്ട് ഉപയോഗിച്ചാണ് ആ ഷോട്ടെടുത്തത്. ടൈമിങ് വളരെ കൃത്യമായി വന്നാല്‍ മാത്രമേ ആ ഷോട്ട് പെര്‍ഫക്ടാകുള്ളൂ. അത് ഓക്കെയായപ്പോള്‍ വിജയ് സാര്‍ ആ ദിവസം മുഴുവന്‍ ഹാപ്പിയായി നിന്നു. ഇങ്ങനെ ചെറിയ കാര്യങ്ങളില്‍ സന്തോഷിക്കാന്‍ പറ്റുന്ന നടനാണ് വിജയ് സാര്‍,’ മനോജ് പരമഹംസ പറഞ്ഞു.

Content Highlight: Manoj Paramahamsa about Leo movie and Vijay