| Wednesday, 26th September 2012, 12:18 pm

പാര്‍ട്ടി വഞ്ചിച്ചതായി മനോജ് വധക്കേസിലെ പ്രതികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മനോജ് വധക്കേസില്‍ സി.പി.ഐ.എം തങ്ങളെ വഞ്ചിച്ചതായി കേസിലെ പ്രതികള്‍. കേസില്‍ പാര്‍ട്ടി തങ്ങളെ ആസൂത്രിതമായി കുടുക്കുകയായിരുന്നെന്നാണ് പ്രതികള്‍ പറയുന്നത്. രക്ഷപ്പെടുത്താമെന്ന് വാക്ക് തന്നിട്ടാണ് കേസില്‍ പ്രതിയായതെന്ന് ഒന്നാം പ്രതിയായ അജിത് കുമാറും പറയുന്നു.[]

പാര്‍ട്ടി തങ്ങളെ വഞ്ചിക്കുകയായിരുന്നു. യഥാര്‍ത്ഥ പ്രതികളെ പോലീസിനറിയാം. കേസ് അന്വേഷിക്കുന്ന സി.ഐ ഡി.വൈ.എഫ്.ഐക്കാരനാണെന്നും പാര്‍ട്ടി പറഞ്ഞിരുന്നു, അജിത് കുമാര്‍ പറഞ്ഞു.കോടതി മുറ്റത്തായിരുന്നു പ്രതികളുടെ തുറന്ന് പറച്ചില്‍.

മനോജ് വധക്കേസില്‍ നുണപരിശോധനക്ക് വിധേയരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹരജി കോഴിക്കോട് മൂന്നാം അഡീഷണല്‍  കോടതി തള്ളിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രതികള്‍ പറഞ്ഞു. നേരത്തേ കേസിലെ പതിനാല് പ്രതികളുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് തങ്ങള്‍ പ്രതികളായതെന്നും കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരാനുണ്ടെന്നും ആവശ്യപ്പെട്ടായിരുന്നു നുണ പരിശോധന ആവശ്യപ്പെട്ടത്.

2012 ഫെബ്രുവരി 12നാണ് ബി.ജെ.പി പ്രവര്‍ത്തകനായ മനോജിനെ അയാളുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം വെട്ടി പരുക്കേല്‍പ്പിച്ചത്.

ഗുരുതരമായി പരുക്കേറ്റ മനോജ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്.

മൂന്ന്  മാസത്തിനുള്ളില്‍ ഇറക്കിത്തരാം എന്ന് പാര്‍ട്ടി പറഞ്ഞിട്ടാണ് താന്‍ കീഴടങ്ങിയതെന്ന് ഒന്നാം പ്രതി അജിത്കുമാര്‍ പറഞ്ഞിരുന്നു. നേരത്തെ പാര്‍ട്ടി നേതൃത്വം ഹരജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇവരെ സമീപിച്ചിരുന്നെങ്കിലും ഇവര്‍ വഴങ്ങിയിരുന്നില്ല. സ്വന്തമായി ഇവര്‍ അഭിഭാഷകനെ നിയോഗിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി നിയോഗിച്ച വക്കീല്‍ നേരത്തേ വക്കാലത്ത് ഒഴിഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more