| Friday, 12th January 2024, 7:45 pm

നിയമം മനോഭാവത്തെ മാറ്റുന്നില്ല; ജാതി എന്നത് അഭിമാനിക്കേണ്ട കാര്യമല്ലെന്ന് മനോജ് മിത്ത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജാതി എന്നത് അഭിമാനിക്കേണ്ട കാര്യമല്ലെന്ന് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ മനോജ് മിത്ത. മുന്‍ കാല ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിലനിന്നിരുന്ന തീവ്രമായ ജാതിവ്യവസ്ഥകള്‍ക്ക് സാക്ഷിയായ ഒരു സ്ഥലം എന്നതിനാല്‍ കോഴിക്കോട് വെച്ച് നടക്കുന്ന ഏഴാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ തന്റെ ‘കാസ്‌റ് പ്രൈഡ്: ബാറ്റല്‍സ് ഫോര്‍ ഇക്വാലിറ്റി ഇന്‍ ഹിന്ദു ഇന്ത്യ’എന്ന പുസ്തകത്തെ കുറിച്ച് സംസാരിക്കാന്‍ കഴിയുന്നതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു.

താന്‍ വളരെ അപ്രതീക്ഷിതമായാണ് ഇത്തരത്തില്‍ ഒരു പുസ്തകം എഴുതാന്‍ ഇടയായതെന്നും, ദളിത് സമൂഹം അഭിമുഖീകരിക്കുന്ന കൂട്ട അക്രമണത്തെ കുറിച്ച് എഴുതാനായിരുന്നു വിചാരിച്ചിരുന്നതെന്നും ഈ പുസ്തകം എഴുതാന്‍ പ്രചോദനമായതെന്താണെന്ന മോഡറേറ്റര്‍ സ്മിത പ്രകാശിന്റെ ചോദ്യത്തിന് മനോജ് മിത്ത് ഉത്തരം നല്‍കി.

എന്നാല്‍ ഇന്ന് സമൂഹത്തില്‍ നടക്കുന്ന ജാതിയെ സംബന്ധിച്ച നിയമവാഴ്ചയെക്കുറിച്ചുള്ള ഘടനാപരമായ പക്ഷപാതത്തിന്റെ ഉറവിടത്തെ കുറിച്ചും, യാഥാര്‍ത്ഥ്യവും അംഗീകാരവും തമ്മിലുള്ള അന്തരത്തെക്കുറിച്ചുമുള്ള അന്വേഷണത്തില്‍ നിലവിലുള്ള സാഹിത്യങ്ങളില്‍ നിന്നും തനിക്ക് ഒന്നും തന്നെ ലഭിക്കാത്തതാണ് ഇത്തരമൊരു പുസ്തകം എഴുതുന്നതിലേക്ക് തന്നെ നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഛത്രപതി ശിവജിയുടെ ക്ഷത്രിയേതര പദവി കാരണം ജാതി വിവേചനം നേരിട്ട അനുഭവം ഉദ്ധരിച്ച്, ജാതിയും നിയമവ്യവസ്ഥയും തമ്മിലുള്ള കാര്യമായ ഇടപെടലിനെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജാതി ഘടനകളുടെ ചരിത്രപരവും സമകാലികവുമായ വശങ്ങളെ കുറിച്ചും മനോജ് മിത്ത സംസാരിച്ചു. നിരന്തരമായ അനീതിക്ക് ഊന്നല്‍ നല്‍കുകയും ജാതിബോധത്തിന്റെ എക്കാലത്തെയും സാന്നിധ്യം വ്യക്തമാക്കുന്നതിന് സമീപകാല സംഭവങ്ങള്‍ അദ്ദേഹം ചൂണ്ടികാണിക്കുകയും ചെയ്തു.

മുന്‍ കാലങ്ങള്‍ക്ക് സമാനമായ വിവേചനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കില്‍, സമൂഹത്തിന്റെ വലിയൊരു ഭാഗം സാമൂഹിക ഇടപെടലുകള്‍ക്ക് അയോഗ്യരായി കണക്കാക്കുമെന്ന് മനോജ് മിത്ത മുന്നറിയിപ്പ് നല്‍കി. നിയമപരമായ മാറ്റങ്ങളുണ്ടായിട്ടും, ജാതി വിവേചനത്തിന്റെ ശാശ്വത സ്വഭാവത്തിന് മാറ്റം സംഭവിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവസാനമായി നിയമം മനോഭാവത്തെ മാറ്റുന്നില്ലെന്നും മിത്ത കൂട്ടിച്ചേര്‍ത്തു.

Content Highlight: Manoj Mitta that caste is not something to be proud of

We use cookies to give you the best possible experience. Learn more