ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ടൈം മാഗസിനിനില്‍ മോദിയെ ഐക്യനായകനായി ചിത്രീകരിച്ച് ലേഖനമെഴുതിയ മനോജ് ലഡ്വ 2014ല്‍ മോദിയെ പ്രധാനമന്ത്രിയാക്കാനുള്ള തെരഞ്ഞെടുപ്പു പ്രചരണം നയിച്ചയാള്‍. മനോജ് ലഡ്‌വയുടെ വെബ്‌സൈറ്റില്‍ അദ്ദേഹത്തെ പരിചയപ്പെടുന്ന ഭാഗത്ത് ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.
‘ 2014ല്‍ വന്‍വിജയമായ നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കണമെന്ന കാമ്പെയ്ന്‍ നടത്തിയ സംഘത്തിലെ അംഗം. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായും വക്താക്കളുമായും ചേര്‍ന്ന് റിസര്‍ച്ച് അനാലിസിസ്, മെസേജിങ് ഡിവിഷന്‍ പ്രവര്‍ത്തനങ്ങള്‍ നയിച്ചു. നിക്ഷേപം, രാഷ്ട്രീയ സ്വാധീനം തുടങ്ങിയ മേഖലകളില്‍ അദ്ദേഹം ഇപ്പോഴും ഇന്ത്യയ്ക്കും ആഗോളതലത്തിലും നിര്‍ണായകമായ ഉപദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു’ എന്നാണ് മനോജ് ലഡ് വയുടെ വെബ്‌സൈറ്റില്‍ അദ്ദേഹത്തെക്കുറിച്ച് പറയുന്നത്.
ലണ്ടന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മാധ്യമസംരംഭമായ ഇന്ത്യ ഇങ്ക് ഗ്രൂപ്പിന്റെ സി.ഇ.ഒയും ഫൗണ്ടറുമാണ് മനോജ് ലഡ്‌വ. ഇന്ത്യ ഇന്‍വെസ്റ്റ്‌മെന്റ് ജേണല്‍, ഇന്ത്യ ഗ്ലോബല്‍ ബിസിനസ് മാഗസിന്‍ എന്നിവയുടെ ഉടമസ്ഥരാണ് ഇന്ത്യ ഇങ്ക്. യു.കെയിലെ നാഷണല്‍ ഹിന്ദു സ്റ്റുഡന്റ്‌സ് ഫോറത്തിന്റെ സ്ഥാപക അംഗവും ആദ്യ പ്രസിഡന്റുമാണ് ഇദ്ദേഹം. സേവ ഡെയെന്ന സന്നദ്ധ സംഘടനയുടെ സ്ഥാപക ട്രസ്റ്റിയും പ്രവര്‍ത്തകനുമാണ് ഇദ്ദേഹം.
ടൈം മാഗസിനില്‍ മോദി ഇന്ത്യയുടെ ഐക്യനായകന്‍ എന്നര്‍ത്ഥം വരുന്ന മനോജ് ലഡ്‌വയുടെ ലേഖനം കഴിഞ്ഞദിവസം വലിയ ചര്‍ച്ചയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ മോദിയെ ഭിന്നിപ്പിന്റെ തലവന്‍ എന്നു വിശേഷിപ്പിച്ച ടൈം മാഗസിന്‍ മോദി അധികാരത്തിലെത്തിയതിനു പിന്നാലെ അദ്ദേഹത്തെ പുകഴ്ത്തി രംഗത്തുവന്നിരിക്കുകയാണ് എന്ന തരത്തിലാണ് ഈ ലേഖനം ആഘോഷിക്കപ്പെട്ടത്.
‘ദശാബ്ദങ്ങള്‍ക്കിടയില്‍ മറ്റൊരു പ്രധാനമന്ത്രിയ്ക്കും സാധിക്കാത്തവണ്ണം മോദി ഇന്ത്യയെ ഒന്നിപ്പിക്കുന്നു’ എന്ന തലക്കെട്ടോടെയായിരുന്നു ലഡ്‌വയുടെ ലേഖനം. വിവിധ തട്ടുകളാക്കി വിഭജിച്ചിരുന്ന ജനങ്ങളെ മോദി സമര്‍ത്ഥമായി അതിജീവിച്ചെന്നാണ് ലേഖനത്തില്‍ അവകാശപ്പെടുന്നത്.
പിന്നാക്ക സമുദായത്തില്‍ ജനിച്ചുവെന്നുള്ളതാണ് മോദിയെ ഐക്യത്തിന്റെ വക്താവാക്കിയതെന്നും ലഡ്‌വ അഭിപ്രായപ്പെട്ടിരുന്നു.
നേരത്തെ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം മുമ്പെങ്ങുമില്ലാത്ത തരത്തില്‍ ഭിന്നിപ്പിലാണ്’ എന്നര്‍ത്ഥം വരുന്ന തലക്കെട്ടിലുള്ള ടൈം മാഗസിന്റെ കവര്‍സ്റ്റോറി വലിയ ചര്‍ച്ചകള്‍ക്കു വഴിവെച്ചിരുന്നു. ആതിഷ് തസീര്‍ എഴുതിയ ലേഖനത്തില്‍ ഇന്ത്യയിലെ ആള്‍ക്കൂട്ട ആക്രമങ്ങളെക്കുറിച്ചും യു.പി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ നിയമിച്ചതിനെക്കുറിച്ചും മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയ്ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കാനുള്ള തീരുമാനത്തെക്കുറിച്ചുമെല്ലാം പരാമര്‍ശിച്ചിരുന്നു.
പ്രതിപക്ഷമായ കോണ്‍ഗ്രസിനേയും ലേഖനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. ലേഖകന് പാക്കിസ്ഥാന്‍ ബന്ധമുണ്ടെന്നും അദ്ദേഹത്തിന് വിശ്വാസ്യതയില്ലെന്നും പറഞ്ഞ് മോദി ഈ ലേഖനത്തിലെ പരാമര്‍ശങ്ങള്‍ തള്ളിയിരുന്നു.