| Wednesday, 17th September 2014, 1:48 pm

നിയമയുദ്ധം ജയിച്ചു: ബോക്‌സര്‍ മനോജ് കുമാറിന് അര്‍ജുന പുരസ്‌കാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ബോക്‌സിങ് താരം മനോജ് കുമാറിന് അര്‍ജുന പുരസ്‌കാരം നല്‍കാന്‍ കായിക മന്ത്രാലയം തീരുമാനിച്ചു. നേരത്തെ കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള അര്‍ജുന പുരസ്‌കാര നിര്‍ണയ കമ്മിറ്റി മനോജ് കുമാറിന് പുരസ്‌കാരം നല്‍കേണ്ടെന്ന് തീരുമാനിച്ചിരുന്നു.

പുരസ്‌കാരം നിഷേധിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ നടപടിയ്‌ക്കെതിരെ മനോജ് ദല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. മനോജ് കുമാറിനെതിരെ ഉത്തേജകം ഉപയോഗിച്ചതിന് കേസുണ്ടെന്ന തെറ്റിദ്ധാരണയാണ് അദ്ദേഹത്തിന് അവാര്‍ഡ് നിഷേധിക്കാന്‍ കാരണമെന്ന് സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സഞ്ജയ് ജെയ്ന്‍ കോടതിയില്‍ സമ്മതിച്ചിരുന്നു.

മനോജ്കുമാറിന് അര്‍ജുന പുരസ്‌കാരത്തിന് ശുപാര്‍ശ ലഭിച്ചിരുന്നെന്നും എന്നാല്‍ കാരണം വ്യക്തമാക്കാതെ കമ്മിറ്റി ഇത് തള്ളുകയാണുണ്ടായതെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് മനോജ് കുമാറിന് അര്‍ജുന പുരസ്‌കാരം നല്‍കാന്‍ കായിക മന്ത്രാലയം തീരുമാനിച്ചത്.

താന്‍ ശരിയെന്ന് തെളിയിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് പുരസ്‌കാര പ്രഖ്യാപനത്തോട് മനോജ് കുമാര്‍ പ്രതികരിച്ചു. ” ഞാന്‍ കോടതിയെ സമീപിച്ചത് എല്ലാവരും അംഗീകരിക്കണമെന്നില്ല. ഞാന്‍ ശരിയാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ മുമ്പോട്ട് പോകാന്‍ ഈ പുരസ്‌കാരം പ്രചോദനമാകും” മനോജ് കുമാര്‍ പറഞ്ഞു.

2010ലെ കോമണ്‍ വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവാണ് മനോജ് കുമാര്‍.

We use cookies to give you the best possible experience. Learn more