ദാ സാഹിബ് ഫാല്‍കെ അവാര്‍ഡ് മനോജ് കുമാറിന്
Daily News
ദാ സാഹിബ് ഫാല്‍കെ അവാര്‍ഡ് മനോജ് കുമാറിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th March 2016, 7:34 pm

manoj-kumar ന്യൂദല്‍ഹി:  ഫാല്‍ക്കെ പുരസ്‌കാരം നടനും സംവിധായകനുമായ മനോജ് കുമാറിന്. സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് മനോജ് കുമാറിന് പുരസ്‌കാരം സമര്‍പ്പിക്കുന്നത്. ഇന്ത്യന്‍ സിനിമാ രംഗത്ത് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമാണ് ഫാല്‍ക്കെ അവാര്‍ഡ്. ഫാല്‍ക്കെ പുരസ്‌കാരം നേടുന്ന 47ാമത്തെ വ്യക്തിയാണ് മനോജ് കുമാര്‍. ദേശസ്‌നേഹം തുളുമ്പുന്ന “ഉപകാര്‍”, “ക്രാന്തി” “പുരാബ് ഓര്‍ പശ്ചിം” തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമാ ലോകത്ത് ശ്രദ്ധേയനായ സംവിധായകനാണ് മനോജ് കുമാര്‍.

1992 ല്‍ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. പാകിസ്താനിലെ അബട്ടബാദില്‍ ജനിച്ച മനോജ് കുമാറിന്റെ കുടുംബം അദ്ദേഹത്തിന് 10 വയസുള്ളപ്പോള്‍ ഇന്ത്യയിലേക്ക് കുടിയേറിയതാണ്. പിന്നീട്  രാജസ്ഥാനിലെ ഹനുമന്‍ഗഡ് ജില്ലയിലാണ് മനോജ് കുമാറിന്റെ കുടുംബം താമസമാക്കിയത്. ദല്‍ഹി സര്‍വകലാശാലയിലാണ് മനോജ് കുമാര്‍ പഠനം പൂര്‍ത്തിയാക്കിയിരുന്നത്.

1957 ല്‍ “ഫാഷന്‍” എന്ന ചിത്രത്തിലൂടെയാണ് മനോജ് കുമാര്‍ ചലച്ചിത്ര ലോകത്തെത്തുന്നത്. പിന്നീടിറങ്ങിയ കാഞ്ച് കി ഗുഡിയ എന്ന ചിത്രത്തിലൂടെ മനോജ് കുമാര്‍ പ്രശ്‌സ്തനായി. 1964ല്‍ പുറത്തിറങ്ങിയ “ശഹീദ്” ആണ് അദ്ദേഹത്തിന്റെ ദേശ സ്‌നേഹ സിനിമകളുടെ തുടക്കം. ആരാധകര്‍ക്കിടയില്‍ “ഭരത് കുമാര്‍” എന്ന പേരിലാണ് മനോജ് കുമാര്‍ അറിയപ്പെട്ടത്.

1967 ല്‍ “ഉപകാര്‍” എന്ന ചിത്രം ആദ്യമായി  സംവിധാനം ചെയ്തു. ഈ ചിത്രം ദേശീയ അവാര്‍ഡും അദ്ദേഹത്തിന് നേടിക്കൊടുത്തു. വിവിധ മേഖലകളിലായി 13 തവണ ഫിലിംഫെയര്‍ അവാര്‍ഡിനും അദ്ദേഹം അര്‍ഹനായി. 2004ല്‍ മനോജ് കുമാര്‍ ശിവസേനയില്‍ ചേര്‍ന്നിരുന്നു.