വീടുപണിയേല്‍പ്പിച്ചാല്‍ എനിക്ക് എന്റേതായ ചില രീതികളുണ്ട് ; ആ അഭിപ്രായം എടുത്തില്ലെങ്കില്‍ വേറെ ആളെ നോക്കാന്‍ പറയും:മനോജ് കെ.യു
Film News
വീടുപണിയേല്‍പ്പിച്ചാല്‍ എനിക്ക് എന്റേതായ ചില രീതികളുണ്ട് ; ആ അഭിപ്രായം എടുത്തില്ലെങ്കില്‍ വേറെ ആളെ നോക്കാന്‍ പറയും:മനോജ് കെ.യു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 12th October 2023, 4:54 pm

പ്രണയവിലാസം, തിങ്കളാഴ്ച നിശ്ചയം, ചാവേർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് മനോജ് കെ.യുവിന്റേത്. സിനിമയിലേക്ക് വരുന്നതിന് മുൻപ് വീടുപണിയായിരുന്നു മനോജിന്റെ ജോലി. എത്ര വര്ഷം കഴിഞ്ഞ് തിരിച്ചു പോയാലും തന്റെ പണി തിരിച്ചു കിട്ടുമെന്ന പ്രതീക്ഷ തനിക്കുണ്ടെന്നും അതിനു കാരണം വർക്കിനോടുള്ള പാഷൻ ആണെന്നും താരം പറഞ്ഞു.

തന്റെ പണിയിൽ ആളുകൾക്ക് വിശ്വാസമാണെന്നും അത് വൃത്തിയായി ചെയ്യുമെന്നും മനോജ് പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മനോജ്.

‘എന്റെ പണി അഞ്ചല്ല ആറ് വർഷം കഴിഞ്ഞാലും തിരിച്ചുകിട്ടുമെന്ന് എനിക്കൊരു പ്രതീക്ഷയുണ്ട്. എനിക്ക് പാഷൻ ആണ് ഇതിനോട്. ‘മനോജ് ആണ് പണിയെടുക്കുന്നതെങ്കിൽ ഒന്നും നോക്കണ്ട അത് കൊടുത്താൽ മതി അതെല്ലാം അവൻ ചെയ്തോളും. പക്ഷേ അത് ഇങ്ങനെ നടകണമെന്ന പിടി വാശിയുണ്ട് അവനുണ്ട്. അത് ചെയ്ത് കൊടുക്കണം’എന്നാണ് ആളുകൾ പറയാറുള്ളത്.

അവരുടെ സൗകര്യത്തിനനുസരിച്ച് ഒന്നും ഞാൻ ചെയ്യാറില്ല. എനിക്ക് എന്റേതായ രീതിയുണ്ട്. 20 വർഷം കൂടുതൽ ലൈഫ് കിട്ടും ഈ പണി ഇങ്ങനെ ചെയ്താൽ എന്നാണ് ഞാൻ പറയാറ്. അത് പറ്റില്ലെങ്കിൽ ഞാൻ വേറെ ആരോടെങ്കിലും പണിയെടുപ്പിച്ചോ എന്ന് പറഞ്ഞു പോരും.

ഒരു വീടു കെട്ടുന്നു എന്ന് പറഞ്ഞാൽ അത് അവൻറെ ജീവിതത്തിലെ സ്വപ്നമാണ്. ആ സ്വപ്നത്തിൽ നമ്മൾ അവനെ സോപ്പിങ് ചെയ്തിട്ട് കുറഞ്ഞ പൈസക്ക് സാധനം മേടിച്ചിട്ട് നമ്മൾ കുറെ കാശുണ്ടാക്കുകയല്ല വേണ്ടത്. അവരെന്തെങ്കിലും വിചാരിച്ചോട്ടെ. ഞാൻ ചെയ്യുന്ന വർക്ക് വർക്കായിട്ട് അവിടെ കാണണം. ഇതൊക്കെ തിരിച്ചറിയുക പത്തുവർഷം കഴിഞ്ഞിട്ടായിരിക്കും. ആ പത്ത് വർഷം കഴിഞ്ഞിട്ട് എനിക്കറിഞ്ഞാൽ മതി. അത്രയേ ഉള്ളൂ,’ മനോജ് കെ.യു പറഞ്ഞു.

Content Highlight: Manoj KU about his previous  job