'മമ്മൂക്കയുടെയും ലാലേട്ടന്റെയും കൂടെ എങ്ങനെ അഭിനയിക്കാനാ? കോമ്പിനേഷൻ സീൻ വന്നാൽ വിറച്ചു പോവും'
Film News
'മമ്മൂക്കയുടെയും ലാലേട്ടന്റെയും കൂടെ എങ്ങനെ അഭിനയിക്കാനാ? കോമ്പിനേഷൻ സീൻ വന്നാൽ വിറച്ചു പോവും'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 14th October 2023, 8:47 am

പ്രണയവിലാസം, തിങ്കളാഴ്ച നിശ്ചയം, ചാവേർ, കണ്ണൂർ സ്‌ക്വാഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് മനോജ് കെ.യു എന്ന നടന്റേത്. മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും കൂടെ അഭിനയിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ മനോജ് കെ.യു. മോഹൻലാലിന്റെ കൂടെ അഭിനയിക്കാൻ താത്പര്യമുണ്ടെന്നും പക്ഷെ അത് തന്നെക്കൊണ്ട് സാധിക്കുമോയെന്ന് അറിയില്ലെന്നും താരം പറഞ്ഞു.

കണ്ണൂർ സ്‌ക്വാഡിൽ മമ്മൂട്ടിയുമായി കോമ്പിനേഷൻ സീൻ ഇല്ലായിരുന്നെന്നും മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും കൂടെ സീൻ കിട്ടിയാൽ വിറച്ചു പോവുമെന്നും താരം കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മനോജ്.

ലാലേട്ടന്റെ കൂടെ അഭിനയിക്കാൻ അവസരം കിട്ടിയാൽ എങ്ങനെ അഭിനയിക്കും എന്നതിൽ ഒരു പ്രശ്നമുണ്ട്. അങ്ങോട്ട് എത്താൻ ഇതുവരെ റൂട്ട് ആയിട്ടില്ല. അഭിനയിക്കാൻ താത്പര്യമുണ്ട്. പക്ഷേ അഭിനയിക്കാൻ അവസരം കിട്ടിയാലും നമ്മൾക്ക് അത് സാധിക്കുമോ എന്ന പ്രശ്നമുണ്ട്. കാരണം കോമ്പിനേഷൻ സീനൊക്കെ വരുമ്പോൾ വിറച്ചു പോവില്ലെ (ചിരി).


മമ്മൂക്കയുടെ കൂടെ കണ്ണൂർ സ്‌ക്വാഡിൽ കോമ്പിനേഷൻ സീൻ ഇല്ലായിരുന്നു. കോമ്പിനേഷൻ സീൻ കിട്ടിയാൽ ഞാൻ ആലോചിക്കുന്നത് എങ്ങനെ ചെയ്യും എന്നാണ്. ചിലപ്പോൾ സാധിക്കുമായിരിക്കും. പക്ഷെ കയ്യിൽ നിന്ന് എല്ലാം പോയി പോവും,’ മനോജ് കെ.യു പറഞ്ഞു.

കണ്ണൂർ സ്‌ക്വാഡിന്റെ ലൊക്കേഷനിൽ വെച്ച് മമ്മൂട്ടിയെ നേരിൽ കണ്ട അനുഭവവും മനോജ് അഭിമുഖത്തിൽ പങ്കുവെച്ചു. ഹാപ്പി ന്യൂ ഇയർ പറഞ്ഞ് മമ്മൂട്ടി തനിക്ക് കൈ തന്നപ്പോൾ അദ്ദേഹത്തിന്റെ കൈ നല്ല തണുപ്പായി തോന്നിയെന്നും മനോജ് പറഞ്ഞു. തന്റെ സീനുകളൊക്കെ കണ്ടിട്ടുണ്ടെന്നും അതൊക്കെ നന്നായെന്നും മമ്മൂട്ടി തന്നോട് പറഞ്ഞെന്നും താരം കൂട്ടിച്ചേർത്തു.

‘കണ്ണൂർ സ്‌ക്വാഡിലെ എന്റെ ഷൂട്ടുകളൊക്കെ കഴിഞ്ഞു, ആ സമയം ജനുവരി ഒന്നിന് മമ്മൂക്ക അവിടെ ജോയിൻ ചെയ്തു. എന്റെ സീനുകൾ ഉൾപ്പെടെയുള്ള ബാക്കി സീനുകൾ മമ്മൂക്കക്ക് കാണിച്ചു കൊടുത്തു. അത് കണ്ടിട്ടാണ് പ്രൊഡക്ഷനിൽ നിന്ന് എന്നെ വിളിച്ച് ഒരു മണിക്കൂറിനുള്ളിൽ വരാൻ പറഞ്ഞു.
ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ ജോർജേട്ടനെ കണ്ടു അദ്ദേഹത്തിനോട് കുറച്ച് സംസാരിച്ചു. അപ്പോൾ ജോർജേട്ടൻ എന്നോട് ചോദിച്ചു മമ്മൂക്കയെ കണ്ടോയെന്ന്. ഇല്ലെന്ന് പറഞ്ഞപ്പോൾ എന്നെ മമ്മൂക്കയുടെ അടുത്തേക്ക് കൊണ്ട് പോയി.

എന്നെ കണ്ടപ്പോൾ ‘മനോജ് ഹാപ്പി ന്യൂ ഇയർ’ എന്ന് മമ്മൂക്ക കൈ തന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ കൈ നല്ല തണുപ്പാണ്, അതോ എന്റെ കൈ ചൂടായതുകൊണ്ടാണോ എനിക്കങ്ങനെ തോന്നിയതെന്ന് അറിയില്ല. ‘ഞാൻ സീനുകളൊക്കെ കണ്ടു, നന്നായിട്ടുണ്ട്. നല്ല ഫീലുണ്ട്’ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. മമ്മൂക്ക അത് പറഞ്ഞതിന് ശേഷം അവിടെ നിൽക്കണോ വേണ്ടയോ എന്നറിയില്ലായിരുന്നു. എന്തോ ഭാഗ്യത്തിന് ഒരു ഷോട്ടിന് മമ്മൂക്കയെ വിളിച്ച് അദ്ദേഹം അപ്പോൾ തന്നെ പോയി,’ മനോജ് കെ.യു പറയുന്നു.

Content Highlight; Manoj k.u about his fear to act with mohanlal and mammootty