| Wednesday, 11th October 2023, 5:25 pm

റിവ്യൂ കേട്ടിട്ട് നിന്റെ സിനിമയ്ക്ക് പോകേണ്ടതെന്ന് തീരുമാനിച്ചു എന്നായിരുന്നു ആ കോള്‍; എന്തിനാണ് ഇങ്ങനെ നെഗറ്റീവ് പറയുന്നത്: മനോജ് കെ.യു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ റിവ്യൂവിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ മനോജ് കെ.യു. ഒരു സിനിമ കണ്ട ഉടനെ നെഗറ്റീവ് റിവ്യൂ പറയുമ്പോൾ അത് കാണാൻ ആഗ്രഹിക്കുന്ന ഒരാളുടെ കാഴ്ചയെയാണ് ഇല്ലാതാക്കുന്നതെന്നും കുറച്ച് ദിവസം കഴിഞ്ഞ് റിവ്യൂ പറയുകയാണ് വേണ്ടതെന്നും മനോജ് പറഞ്ഞു. കൗമുദി മൂവീസ്ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഞാനൊരു സിനിമ കാണുന്നു. അതെനിക്ക് ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം. അത് എന്റെ മാത്രം അഭിപ്രായമാണ്. എനിക്കിഷ്ടപ്പെടുന്ന സിനിമകൾ നിങ്ങൾക്ക് ഇഷ്ടപ്പെടണമെന്നില്ല. അതുപോലെതന്നെ എനിക്ക് ഇഷ്ടപ്പെടാത്ത ഒരു സിനിമ നിങ്ങൾക്ക് ഇഷ്ടപ്പെടാം.
ഞാൻ വന്നിട്ട് സിനിമ കൊള്ളില്ല എന്ന് പറഞ്ഞാൽ, നിങ്ങൾ അത് കാണാൻ തയ്യാറെടുക്കുന്നുണ്ടെങ്കിൽ രണ്ടുദിവസം കൂടി കഴിഞ്ഞിട്ട് കാണാം എന്ന് തീരുമാനിക്കും.


ഒരു മത്സരം നടക്കുന്നു, നാടകമാകട്ടെ ഡാൻസ് ആകട്ടെ എന്തുമാകട്ടെ. ഇരിക്കുന്ന ജഡ്ജിമാർ ആണല്ലോ ഏതാണ് നല്ലതെന്ന് തീരുമാനിക്കുന്നത്. അവരുടെ മൂന്നുപേരുടെയും വ്യത്യസ്ത അഭിപ്രായങ്ങൾ ക്രോഡീകരിച്ച ഒരു തീരുമാനമാണ് ഉണ്ടാവുക.
നമ്മൾ ഒരു സിനിമ കണ്ട് പബ്ലിക്കിലേക്ക് ഒരു നെഗറ്റീവ് അഭിപ്രായം കൊടുക്കുമ്പോൾ (കൊടുക്കുന്നതിൽ തെറ്റില്ല) ഇത്തിരി സമയം കഴിഞ്ഞിട്ട് കൊടുത്താൽ കാണാൻ ആഗ്രഹിക്കുന്നവന് കാണാൻ സാധിക്കും.

ഇന്നലെ രാത്രി എനിക്ക് എന്റെ നാട്ടിൽ നിന്ന് ഒരു കോൾ വന്നു, ‘മനോജ് സത്യം പറഞ്ഞാൽ നിന്റെ സിനിമയുടെ റിവ്യൂസ് ഒക്കെ കേട്ടിട്ട് കുറച്ചു കഴിഞ്ഞിട്ട് കാണാം എന്ന് വിചാരിച്ചതാണ്, പക്ഷേ എന്റെ കൂട്ടുകാർ പറഞ്ഞു ഇന്ന് തന്നെ കാണാം’ എന്ന്. അവർ ഇന്നലെയാണ് പടം കണ്ടത്.

‘എന്തിനാണ് പടത്തിന് ഇങ്ങനെ നെഗറ്റീവ് ഇടുന്നത്. എനിക്ക് സിനിമ നന്നായിട്ട് എൻജോയ് ചെയ്യാൻ പറ്റി. അതിലെ സ്ക്രിപ്റ്റിൽ പറയേണ്ട കാര്യങ്ങളാണ് പറഞ്ഞത്’ എന്ന് അവൻ പടം കണ്ടതിന് ശേഷം എന്നെ വിളിച്ചുപറഞ്ഞു. അവൻ രണ്ടുദിവസം കഴിഞ്ഞു പോയാൽ, ഈ പടം തീയേറ്ററിൽ ഇല്ലെങ്കിൽ അവൻറെ കാഴ്ചയാണ് നഷ്ടപ്പെടുന്നത്. ആ കാഴ്ചയെ നഷ്ടപ്പെടുത്താൻ പാടില്ല. അത്രയേ ഉള്ളു,’ മനോജ് കെ.യു പറഞ്ഞു.

Content Highlight: Manoj K.U about film review

We use cookies to give you the best possible experience. Learn more