കൊച്ചി: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി അടച്ചിട്ട സ്‌കൂളുകള്‍ ഇന്ന് വീണ്ടും തുറക്കുകയാണ്. കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചുകൊണ്ടാണ് വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ എത്തിക്കുന്നത്.
വലിയൊരു ഇടവേളയ്ക്ക് ശേഷം സ്‌കൂളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ അറിയിക്കുകയാണ് നടന്‍ മനോജ് കെ. ജയന്‍.
‘അങ്ങിനെ 20 മാസത്തെ ‘ഇമ്മിണി ബല്യ അവധിക്കു’ ശേഷം ഇന്ന് കേരളത്തിലെ സ്‌കൂളുകള്‍ തുറക്കുന്നു (എന്റെയൊന്നും കാലത്ത് 20 മാസത്തെ അവധി കിട്ടിയില്ലല്ലോ എന്നോര്‍ത്ത് കരയുന്ന ‘ലെ’ ഞാന്‍) എന്റെ കൊച്ചു കൂട്ടുകാര്‍ക്ക്, വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്ക്, ഹൃദയം നിറഞ്ഞ ആശംസകള്‍. കൂടെ അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും Great Day ‘, എന്നാണ് മനോജ് കെ. ജയന്‍ കുറിച്ചത്.
താന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായി ഇരിക്കുന്ന സീനിയേഴ്‌സ് എന്ന പഴയ ചിത്രത്തിന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു മനോജ് കെ. ജയന്‍ തന്റെ കുറിപ്പ് പങ്കുവെച്ചത്.
തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടന്ന സംസ്ഥാനതല പ്രവേശനോത്സവം വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് ഉദ്ഘാടനം ചെയ്തത്.
പത്ത് ലക്ഷത്തിലേറെ കുട്ടികള്‍ ഇന്ന് സ്‌കൂളില്‍ എത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഒന്നാം ക്ലാസില്‍ മുന്‍വര്‍ഷത്തേക്കാള്‍ 27,000 കുട്ടികള്‍ അധികമായി ചേര്‍ന്നിട്ടുണ്ട്.
ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകള്‍. ഹാജറും രേഖപ്പെടുത്തില്ല. ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളും, 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളും ഇന്ന് സ്‌കൂളില്‍ എത്തും. 15 മുതല്‍ 8, 9, പ്ലസ് വണ്‍ ക്ലാസുകളും തുടങ്ങും.
Content highlight: Manoj K Jayan Wishes for Students