മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട നടനാണ് മനോജ് കെ. ജയന്‍. അദ്ദേഹത്തിന്റേതായി ഏറ്റവും പുതുതായി തിയേറ്ററില്‍ എത്തിയ ചിത്രമാണ് രേഖാചിത്രം. ആസിഫ് അലി നായകനായി എത്തിയ സിനിമയില്‍ അദ്ദേഹം വിന്‍സെന്റ് എന്ന വക്കച്ചനായാണ് എത്തിയത്.
രേഖാചിത്രത്തില്‍ മനോജിന്റെ ചെറുപ്പം ചെയ്തിരുന്നത് ഉണ്ണി ലാലു ആയിരുന്നു. താന്‍ സംവിധായകന്‍ ജോഫിന്‍ ടി. ചാക്കോയോട് ആരാണ് തന്റെ ചെറുപ്പകാലം ചെയ്യാന്‍ പോകുന്നതെന്ന് ചോദിച്ചിരുന്നെന്ന് പറയുകയാണ് മനോജ് കെ. ജയന്‍.
സംവിധായകന്‍ ഉണ്ണി ലാലുവിന്റെ ഫോട്ടോ കാണിച്ചുവെന്നും നല്ല ചുള്ളനായി ചിരിച്ചുകൊണ്ട് നില്‍ക്കുന്ന അവന്റെ ഫോട്ടോ കണ്ടപ്പോള്‍ ഈ ചുള്ളന് തന്റെയൊരു ഛായയുണ്ടല്ലോയെന്ന് ആലോചിച്ചെന്നും നടന്‍ പറഞ്ഞു. മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മനോജ് കെ. ജയന്‍.
‘ഞാന്‍ ജോഫിനോട് ആരാണ് എന്റെ ചെറുപ്പകാലം ചെയ്യാന്‍ പോകുന്നതെന്ന് ചോദിച്ചിരുന്നു. തമാശക്ക് ഞാന്‍ തന്നെ ആ വേഷം ചെയ്യട്ടേയെന്ന് ചോദിച്ചിരുന്നു. ‘അതിമോഹമാണ് മോനേ ദിനേശ’ എന്ന് എന്റെ മനസ് തന്നെ പറയുണ്ടായിരുന്നു.
അപ്പോള്‍ ജോഫിന്‍ പറഞ്ഞത് ‘ഇല്ല ചേട്ടാ. അത് പത്ത് മുപ്പത്തിയഞ്ച് വര്‍ഷം മുമ്പുള്ളതല്ലേ. അത് കൊണ്ട് വേറെ ആള്‍ ചെയ്യണം’ എന്നായിരുന്നു. അപ്പോള്‍ ഞാന്‍ വെറുതെ പറഞ്ഞതാണെന്ന് മറുപടി കൊടുത്തു (ചിരി). ‘ചേട്ടനെ പോലെ ഒരാളുണ്ട്. അയാള്‍ക്ക് ചേട്ടന്റെ ചെറിയ ഒരു ഛായയുണ്ട്’ എന്നായിരുന്നു ജോഫിന്‍ പറഞ്ഞത്.
അപ്പോള്‍ ഞാന്‍ അയാളുടെ പടം കാണിക്കാമോയെന്ന് ചോദിച്ചു. ജോഫിന്‍ അപ്പോള്‍ ഉണ്ണി നല്ല ചുള്ളനായി ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഒരു ഫോട്ടോ കാണിച്ചു. കണ്ടപ്പോള്‍ ഈ ചുള്ളന് എന്റെയൊരു ഛായയുണ്ടല്ലോ എന്ന് ഞാനും ആലോചിച്ചു. പഴയ മനോജ് കെ. ജയന്റെ ഛായ ഉണ്ടായിരുന്നു.
അതുകൊണ്ട് ഉണ്ണി ആ കഥാപാത്രത്തിലേക്ക് കറക്ടാകുമെന്ന് എനിക്ക് തോന്നി. പിന്നെയാണ് സറീന്റെ (സറീന്‍ ശഹീബ്) ഫോട്ടോ കാണുന്നത്. അവര് രണ്ടുപേരും ആ കഥാപാത്രത്തിന് ഓക്കെയായിട്ട് എനിക്ക് തോന്നി. എന്താണ് അവരൊക്കെ ആ സിനിമയില്‍ ചെയ്തിരിക്കുന്നത്. അവര് ചെയ്ത് വെച്ചതിന്റെ ബാക്കിയേ ഞാന്‍ ചെയ്തിട്ടുള്ളൂ,’ മനോജ് കെ. ജയന്‍ പറഞ്ഞു.
Content Highlight: Manoj K Jayan Talks About Unni Lalu And Rekhachithram Movie