| Saturday, 17th August 2024, 3:30 pm

മോഹന്‍ലാല്‍ ചിത്രത്തിന്റെ സെറ്റില്‍ നിന്ന് ഒറ്റപ്പാലത്തേക്ക്; ആ പാട്ടിനെ കുറിച്ച് കേട്ടതും ഞാന്‍ തരിച്ചു പോയി: മനോജ് കെ. ജയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ ഒരു ഡാര്‍ക്ക് ഫാന്റസി ഹൊറര്‍ ചിത്രമാണ് അനന്തഭദ്രം. സുനില്‍ പരമേശ്വരന്റെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ആയിരുന്നു ചിത്രത്തിന്റെ കഥ ഒരുക്കിയത്. മനോജ് കെ. ജയന്‍ എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് അനന്തഭദ്രത്തിലെ ദിഗംബരന്‍.

ചിത്രത്തില്‍ ഇന്നും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് ‘തിരനുരയും’ എന്ന പാട്ട്. ഇപ്പോള്‍ അനന്തഭദ്രത്തെ കുറിച്ചും ഈ പാട്ടിനെ കുറിച്ചും പറയുകയാണ് നടന്‍ മനോജ് കെ. ജയന്‍. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് ഒരുപാട് അനുഭവങ്ങള്‍ നല്‍കിയ സിനിമയാണ് അനന്തഭദ്രം. എന്റെ സിനിമകളില്‍ ആളുകളൊക്കെ ഒത്തിരി സംസാരിക്കുന്ന ഒന്നാണ് അത്. വളരെ ഹെവിയായ ഒരു കഥാപാത്രമാണ് അതിലെ ദിഗംബരന്റേത്. പൊള്ളാച്ചിയിലെ ഉടയോന്റെ സെറ്റില്‍ നിന്നാണ് ഞാന്‍ ഈ സിനിമയുടെ സെറ്റില്‍ എത്തുന്നത്. ഒറ്റപ്പാലം വരിക്കാശ്ശേരി മനയില്‍ ആയിരുന്നു അനന്തഭദ്രത്തിന്റെ സെറ്റ്.

ആദ്യ ദിവസം തന്നെ പാട്ടായിരുന്നു ഷൂട്ട് ചെയ്യാന്‍ ഉണ്ടായിരുന്നത്. പാട്ടാണല്ലോ എന്ന് ഓര്‍ത്തപ്പോള്‍ എനിക്ക് ആകെ സമാധാനം തോന്നി. കാരണം അതിലെ സീനുകളൊക്കെ എനിക്ക് അറിയാമായിരുന്നു. വളരെ ഹെവിയായിരുന്നു അവയൊക്കെ. അതുകൊണ്ട് ആദ്യം തന്നെ ഹെവി സീനൊന്നും അല്ലല്ലോ, വെറുമൊരു പാട്ടല്ലേയെന്ന് ഞാന്‍ ചിന്തിച്ചു. പക്ഷെ ലൊക്കേഷനില്‍ എത്തിയപ്പോഴാണ് ‘തിരനുരയും’ എന്ന പാട്ടാണ് ഷൂട്ട് ചെയ്യേണ്ടത് എന്ന് അറിയുന്നത്.

ആ പാട്ട് കേട്ടതും ഞാന്‍ ഒന്ന് തരിച്ചു. അതോടെ, അയ്യോ ഇതാണോ എടുക്കാന്‍ പോകുന്നത് എന്ന ചിന്തയായി എനിക്ക്. കാരണം ആ കഥാപാത്രത്തിന്റെ മൊത്തം ഇമോഷന്‍സും അടങ്ങുന്ന ഒന്നായിരുന്നു ആ പാട്ട്. ഞാനാണെങ്കില്‍ ആ കഥാപാത്രത്തിലേക്ക് ഒന്ന് കയറിയിട്ട് പോലുമില്ല. സിനിമയെ പറ്റി കൂടുതല്‍ അറിഞ്ഞിട്ടുമില്ല. അപ്പോഴാണ് ഈ പാട്ട് ഷൂട്ട് ചെയ്യുന്നത്.

ആ ഡ്രസുമിട്ട് ഇട്ട് ചാടുന്നു, മറിയുന്നു, കരയുന്നു, അലറി വിളിക്കുന്നു. രണ്ട് ദിവസം കൊണ്ട് ആ പാട്ട് എടുത്ത് തീര്‍ത്തു. അത് അവസാനം എങ്ങനെയാകും എന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല. പക്ഷെ ഇപ്പോള്‍ ആ പാട്ട് വളരെ ഹിറ്റാണ്. എല്ലാവരും പാട്ടിലെ ഇമോഷന്‍സിനെ കുറിച്ച് പറയാറുണ്ട്. എല്ലാ ഇമോഷന്‍സും അതില്‍ വന്നിട്ടുണ്ടെന്നാണ് പറയാറുള്ളത്,’ മനോജ് കെ. ജയന്‍ പറഞ്ഞു.

Content Highlight: Manoj K Jayan Talks About Thiranurayum Song In Ananthabhadram Movie

We use cookies to give you the best possible experience. Learn more