Advertisement
Entertainment
നേരത്തിലെ ആ സീന്‍ പാളിപോകുമോ എന്ന് പേടിച്ചു; എന്നാല്‍ തിയേറ്ററില്‍ വലിയ കൈയ്യടിയായിരുന്നു: മനോജ് കെ. ജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 09, 04:54 am
Friday, 9th August 2024, 10:24 am

2013ല്‍ പുറത്തിറങ്ങിയ ഒരു ബ്ലാക്ക് കോമഡി ത്രില്ലര്‍ ചിത്രമായിരുന്നു നേരം. ഒരേ സമയം മലയാളത്തിലും തമിഴിലുമായിരുന്നു നേരം എത്തിയത്. നിവിന്‍ പോളിയും നസ്രിയയും ഒന്നിച്ച ചിത്രത്തില്‍ ബോബി സിംഹ, മനോജ് കെ. ജയന്‍, ഷമ്മി തിലകന്‍, ലാലു അലക്‌സ്, സിജു വില്‍സണ്‍, നാസര്‍, തമ്പി രാമയ്യ, ജോണ്‍ വിജയ്, ശബരീഷ് വര്‍മ എന്നിവരായിരുന്നു മറ്റു പ്രധാനവേഷങ്ങളില്‍ എത്തിയത്.

മനോജ് കെ. ജയന്‍ റെയ്ബാന്‍ എന്ന കഥാപാത്രമായിട്ടായിരുന്നു സിനിമയില്‍ അഭിനയിച്ചത്. ആ കഥാപാത്രത്തിന്റെ ഡയലോഗുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ അതിലെ ചില സീനുകള്‍ ചെയ്യുമ്പോള്‍ പാളി പോകുമോ എന്ന് തനിക്ക് പേടിയുണ്ടായിരുന്നു എന്ന് പറയുകയാണ് മനോജ് കെ. ജയന്‍. സി.ഡി. റൈറ്റ് ചെയ്യുന്നതിനെ കുറിച്ച് ചോദിക്കുന്ന സീന്‍ അത്തരത്തില്‍ പാളി പോകുമോ എന്ന് പേടിച്ച സീന്‍ ആയിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ നുണക്കുഴിയുടെ ഭാഗമായി സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മനോജ് കെ. ജയന്‍.

‘ചെയ്യുമ്പോള്‍ പാളി പോകുമോ എന്ന് എനിക്ക് പേടിയുണ്ടായിരുന്നു. സി.ഡി. റൈറ്റ് ചെയ്യുന്നതിനെ കുറിച്ച് ചോദിക്കുന്ന ആ സീനൊക്കെ അങ്ങനെയായിരുന്നു. പക്ഷെ തിയേറ്ററില്‍ വലിയ കൈയ്യടിയായിരുന്നു. ഇന്നും എല്ലാ ട്രോളുകളിലും ആ സീന്‍ വെച്ചിട്ട് കാണാം. ആ നിഷ്‌കളങ്കതയെ എല്ലാവരും ആക്‌സെപ്റ്റ് ചെയ്തു എ ന്നതാണ് കാര്യം.

അതില്‍ ഞാന്‍ ഹ്യൂമര്‍ ആയിട്ട് ഒന്നും ചെയ്തിട്ടില്ല. തമാശ പറഞ്ഞ് ആളുകളെ ചിരിപ്പിച്ചേ അടങ്ങുള്ളു എന്നുള്ള ചിന്തയൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ ചിന്തിക്കുമ്പോഴാണ് ചിലപ്പോള്‍ ഹ്യൂമര്‍ വര്‍ക്കാകാതെ പോകുന്നത്. ഇവിടെ ആ കഥാപാത്രം എന്താണ് എന്ന് തിരിച്ചറിഞ്ഞ് വളരെ ഇന്നസെന്റായി ബിഹേവ് ചെയ്യുകയാണ് വേണ്ടത്,’ മനോജ് കെ. ജയന്‍ പറഞ്ഞു.


Content Highlight: Manoj K Jayan Talks About Neram Movie