| Wednesday, 30th October 2024, 3:44 pm

കലാഭവന്‍ മണി ചെയ്യേണ്ട റോളാണ് ആ ചിത്രത്തില്‍ ഞാന്‍ ചെയ്തത്: മനോജ് കെ.ജയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബ്ലെസി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 2004ല്‍ പുറത്തിറങ്ങിയ കാഴ്ച. അതുവരെ മലയാളത്തില്‍ കണ്ടുമടുത്തിരുന്ന സിനിമകളില്‍ നിന്നും വ്യത്യസ്തമായാണ് ബ്ലെസി കാഴ്ച്ചയൊരുക്കിയത്. ബോക്സ് ഓഫീസ് ഹിറ്റായിരുന്ന ചിത്രം നിരവധി നിരൂപക പ്രശംസയും നേടിയിരുന്നു.

കാഴ്ചയില്‍ അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് മനോജ് കെ.ജയന്‍. കാഴ്ചയില്‍ കലാഭവന്‍ മണി ചെയ്യേണ്ട കഥാപാത്രമാണ് താന്‍ ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലാഭവന്‍ മണി അദ്ദേഹത്തിന് വേണ്ടിയല്ലാതെ ഒരാള്‍ക്ക് പാട്ടുപാടിയിട്ടുണ്ടെങ്കില്‍ അത് തനിക്ക് വേണ്ടിയാണെന്നും മനോജ് കെ.ജയന്‍ പറയുന്നു.

‘ബ്ലെസിയും ഞാനും തമ്മില്‍ വളരെ ആത്മബന്ധമെല്ലാം ഉണ്ട്. പക്ഷെ അദ്ദേഹം ആദ്യത്തെ സിനിമ ചെയ്തപ്പോള്‍ എന്നെ വിളിച്ചില്ല എന്നുള്ളതാണ് സത്യം. ആ സമയത്ത് ഞാന്‍ അനന്തഭദ്രം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ എനിക്ക് ബ്ലെസിയുടെ ഒരു കോള്‍ വന്നു. ‘മനോജേ ഞാന്‍ ഇപ്പോള്‍ ഒരു സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ്. മമ്മൂക്കയാണ് നായകന്‍. ഒരു നല്ല പാട്ടും ഉണ്ട് നാലഞ്ച് സീനുമുണ്ട്’ എന്ന് അദ്ദേഹം പറഞ്ഞു.

ഏത് ദിവസമാണ് ഷൂട്ടെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ ദിവസം അദ്ദേഹം പറഞ്ഞു. ആ സമയത്താണെങ്കില്‍ എനിക്ക് ഒരു രക്ഷയുമില്ല. കാരണം അവിടെ അനന്തഭദ്രത്തിന്റെ ഷൂട്ട് നടന്നുകൊണ്ടിരിക്കുകയല്ലേ. അതിന്റെ കൂടെ ബ്ലെസി പറഞ്ഞു ഇത് മണി ചെയ്യാന്‍ വെച്ച റോളാണെന്ന്. മണി ഒരു പാട്ടു പാടിയിട്ടുണ്ട്. അവന്‍ അഭിനയിക്കുന്നതുകൊണ്ട് അവനെക്കൊണ്ട് തന്നെ പാടിപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

അനന്തഭദ്രത്തില്‍ ആണെങ്കില്‍ ഞാനും മണിയുമായിട്ടുള്ള കോമ്പിനേഷന്‍ സീനുകള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ മണിയോട് പറഞ്ഞു എടാ നീ ചെയ്യാന്‍ ഇരുന്ന ഒരു പടം ഇപ്പോള്‍ എന്നെ വിളിക്കുന്നുണ്ടല്ലോയെന്ന്. അപ്പോള്‍ അവന്‍ പറഞ്ഞു ‘പറ്റുമെങ്കില്‍ ഒന്ന് ചെയ്യ് ചേട്ടാ ഞാന്‍ ഒരു തമിഴ് സിനിമയുടെ ഭയങ്കര ക്ലാഷില്‍ ഇരിക്കുകയാണ്’ എന്ന്.

അങ്ങനെ മണിയോട് അനുവാദം ചോദിച്ചിട്ടാണ് ഞാന്‍ ആ കഥാപാത്രം ചെയ്തത്. ചരിത്രം എടുത്ത് നോക്കി കഴിഞ്ഞാല്‍ കലാഭവന്‍ മണി അവന് വേണ്ടിയല്ലാതെ ഒരാള്‍ക്ക് പാട്ടുപാടിയിട്ടുങ്കില്‍ അത് എനിക്ക് വേണ്ടിയാണ്,’ മനോജ് കെ.ജയന്‍ പറയുന്നു.

Content Highlight: Manoj K Jayan Talks About Kalabhavan Mani And Kazhcha Movie

We use cookies to give you the best possible experience. Learn more