| Sunday, 27th October 2024, 1:38 pm

ആ സിനിമയില്‍ അഭിനയിക്കും മുമ്പ് ഞാന്‍ കലാഭവന്‍ മണിയോട് അനുവാദം ചോദിച്ചു; എനിക്ക് ലഭിച്ച ഭാഗ്യം: മനോജ് കെ. ജയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുറഞ്ഞ സിനിമകളിലൂടെ മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളായി മാറിയ ആളാണ് ബ്ലെസി. മമ്മൂട്ടിയെ നായകനാക്കി 2004ല്‍ പുറത്തിറങ്ങിയ കാഴ്ച എന്ന ചിത്രത്തിലൂടെയാണ് ബ്ലെസി സ്വതന്ത്ര സംവിധായകനായി കടന്നു വരുന്നത്. 2001ലെ ഗുജറാത്ത് ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ട് കേരളത്തിലെത്തുന്ന പവന്‍ എന്ന ബാലനെ ചുറ്റിപ്പറ്റിയാണ് കാഴ്ചയെന്ന സിനിമയുടെ കഥ.

ചിത്രത്തില്‍ മനോജ് കെ. ജയന്‍ ‘ജോയ്’ എന്ന കഥാപാത്രമായി എത്തിയിരുന്നു. ഒപ്പം കാഴ്ചയിലെ കുട്ടനാടന്‍ കായലിലെ എന്ന പാട്ടിലും മനോജ് അഭിനയിച്ചിരുന്നു. മധു ബാലകൃഷ്ണനും കലാഭവന്‍ മണിയും ചേര്‍ന്നായിരുന്നു ഈ പാട്ട് പാടിയത്. ഇപ്പോള്‍ കാഴ്ചയില്‍ അഭിനയിക്കാനുണ്ടായ സാഹചര്യം പറയുകയാണ് മനോജ് കെ. ജയന്‍.

‘ബ്ലെസിയും ഞാനും തമ്മില്‍ ഒരു ആത്മബന്ധമുണ്ട്. പക്ഷെ ആദ്യത്തെ സിനിമ ചെയ്യുമ്പോള്‍ അതിലേക്ക് എന്നെ വിളിച്ചില്ല എന്നതാണ് സത്യം. പക്ഷെ ദൈവം എന്നെ അവിടെ വരുത്തിച്ചു. ഞാന്‍ ആ സമയത്ത് അനന്തഭദ്രം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അതിനിടയില്‍ എനിക്ക് ബ്ലെസിയുടെ ഒരു കോള്‍ വന്നു.

‘മനോജേ ഞാന്‍ ഒരു സിനിമ ചെയ്ത് കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയാണ് നായകന്‍. ഒരു അഞ്ച് ദിവസത്തെ ഡേറ്റ് വേണം. നിനക്ക് ഒരു നല്ല പാട്ടും നാലഞ്ച് സീനുമുണ്ട്’ എന്ന് പറഞ്ഞു. ഏത് ദിവസമാണെന്ന് ചോദിച്ചപ്പോള്‍ ബ്ലെസി ആ ഡേറ്റ് പറഞ്ഞു തന്നു. എനിക്ക് ആ സമയത്ത് അനന്തഭദ്രത്തിന്റെ ഷൂട്ട് നടക്കുകയാണല്ലോ.

എന്റെ കൂടെ അവിടെ മണിയും ഉണ്ടായിരുന്നു. അവനുമായുള്ള കോമ്പിനേഷന്‍ സീനുകള്‍ നടക്കുന്ന സമയമായിരുന്നു അത്. ‘ഇത് മണി ചെയ്യാനിരുന്ന കഥാപാത്രമാണ്. അവന്‍ ഒരു പാട്ട് പാടിവെച്ചിട്ടുണ്ട്. അവന്‍ ചെയ്യാനിരുന്നത് കൊണ്ടാണ് അവനെ കൊണ്ടുതന്നെ പാടിപ്പിച്ചത്’ എന്നുകൂടെ ബ്ലെസി എന്നോട് പറഞ്ഞു.

ഉടനെ മണി ഇവിടെ എന്റെ കൂടെയുണ്ടല്ലോയെന്ന് ഞാന്‍ ബ്ലെസിയോട് പറഞ്ഞു. മണിയെ ഞാന്‍ അപ്പോള്‍ തന്നെ കാര്യം അറിയിച്ചു. നീ ചെയ്യാനിരുന്ന ഒരു പടത്തിലേക്ക് ബ്ലെസി എന്നെ വിളിക്കുന്നുണ്ടെന്ന് ഞാന്‍ മണിയോട് പറഞ്ഞു. ‘ചേട്ടാ, പറ്റുമെങ്കില്‍ ഒന്നുപോയി ചെയ്യ്’ എന്നായിരുന്നു മണിയുടെ മറുപടി.

മണി ആ സമയത്ത് ഒരു തമിഴ് പടവുമായി ക്ലാഷില്‍ ആയി നില്‍ക്കുകയായിരുന്നു. നിനക്ക് പകരം ഞാന്‍ ചെയ്യുന്നത് കുഴപ്പമില്ലല്ലോയെന്ന് ചോദിച്ചപ്പോള്‍ മണി ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞു. അങ്ങനെ മണിയോട് അനുവാദം ചോദിച്ചാണ് ഞാന്‍ ആ സിനിമയില്‍ അഭിനയിക്കുന്നത്.

ചരിത്രം എടുത്ത് നോക്കുമ്പോള്‍ കലാഭവന്‍ മണി അവന് വേണ്ടിയല്ലാതെ മറ്റൊരു നടന് വേണ്ടി പാടിയിട്ടുണ്ടെങ്കില്‍ അത് എനിക്ക് വേണ്ടി മാത്രമാണ്. അങ്ങനെയൊരു ഭാഗ്യം കൂടെ ഇതിലൂടെ ലഭിച്ചു,’ മനോജ് കെ. ജയന്‍ പറഞ്ഞു.

Content Highlight: Manoj K Jayan Talks About Kalabhavan Mani And Kazhcha Movie

We use cookies to give you the best possible experience. Learn more