|

എന്റെ വലിയ ആഗ്രഹം; ജീത്തുവിന്റെ ആദ്യ സിനിമയില്‍ ഞാനും ഉണ്ടായിരുന്നു: മനോജ് കെ. ജയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ജീത്തു ജോസഫ്. ജീത്തുവും ബേസില്‍ ജോസഫും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘നുണക്കുഴി ‘. കെ.ആര്‍. കൃഷ്ണകുമാര്‍ തിരക്കഥ ഒരുക്കിയ നുണക്കുഴി ഡാര്‍ക്ക് ഹ്യൂമര്‍ ഴോണറില്‍പ്പെട്ട ചിത്രമാണ്. സിദിഖ്, ബൈജു സന്തോഷ്, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, പ്രമോദ് വെളിയനാട്, അസീസ് നെടുമങ്ങാട് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ഒപ്പം മനോജ് കെ. ജയനും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോള്‍ ജീത്തു ജോസഫിനെ കുറിച്ച് പറയുകയാണ് മനോജ് കെ. ജയന്‍. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ അടൂര്‍ സാര്‍ മുതല്‍ക്കുള്ള ലെജന്‍സിന്റെ കൂടെ വര്‍ക്ക് ചെയ്തതിനെ പറ്റി ഓര്‍ക്കുകയാണ്. ഇങ്ങനെ ലിസ്റ്റ് എടുത്ത് നോക്കുമ്പോള്‍ ഞാന്‍ വര്‍ക്ക് ചെയ്യാത്ത രണ്ടുപേരാണ് ഉള്ളത്. ഒന്ന് പ്രിയദര്‍ശനും മറ്റൊന്ന് ജീത്തു ജോസഫുമായിരുന്നു. ബാക്കി മിക്ക ആളുകളുടെയും കൂടെ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഹരിഹരന്‍, ഭരതന്‍ ഉള്‍പ്പെടെയുള്ള എല്ലാവരുടെയും കൂടെ വര്‍ക്ക് ചെയ്തു. ജീത്തു ഞങ്ങളുടെ നാട്ടുകാരനാണ്.

ജീത്തു ആദ്യം അസിസ്റ്റന്റായി വര്‍ക്ക് ചെയ്ത സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ആ സിനിമയില്‍ ഞാനൊരു ഹിജഡ ആയിട്ടാണ് അഭിനയിച്ചത്. ഒരു ഹിന്ദി സിനിമയായിരുന്നു അത്. ജയരാജിന്റെ ബിഭത്സ ആയിരുന്നു ആ സിനിമ. സീമ ബിശ്വാസൊക്കെ അഭിനയിച്ചിട്ടുള്ള പടമായിരുന്നു ബിഭത്സ.

ജീത്തു വലിയ ഡയറക്ടറായതിന് ശേഷം ഒരു ഇന്റര്‍വ്യൂവില്‍ ഈ കാര്യം പറഞ്ഞു. താന്‍ ആദ്യമായി പോയി വര്‍ക്ക് ചെയ്ത സിനിമ ബിഭത്സ ആണെന്ന് അദ്ദേഹം പറയുകയായിരുന്നു. അത് കേട്ടതും ജീത്തു ജോസഫ് നമ്മുടെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടോ എന്ന് ഞാന്‍ ചിന്തിച്ചു. അദ്ദേഹം അവിടെ ഉണ്ടായിരുന്നോ എന്ന് ഞാന്‍ ഓര്‍ത്തു.

അങ്ങനെ പറഞ്ഞു വരുമ്പോള്‍ ജീത്തു ജോസഫിന്റെ ആദ്യ സിനിമയില്‍ ഞാന്‍ നല്ലൊരു റോള്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ജീത്തു മലയാളത്തിലെ മോസ്റ്റ് വാണ്ടഡ് ആയിട്ടുള്ള ഡയറക്ടറായി. അപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ സിനിമ ചെയ്യണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു,’ മനോജ് കെ. ജയന്‍ പറഞ്ഞു.


Content Highlight: Manoj K Jayan Talks About His Movie With Jeethu Joseph