Entertainment
പ്രേക്ഷകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്നത് ആ മമ്മൂട്ടി ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്: മനോജ് കെ. ജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 13, 02:58 am
Thursday, 13th February 2025, 8:28 am

മലയാളത്തില്‍ പുതിയ അവതരണ ശൈലി കൊണ്ടുവന്ന സിനിമയായിരുന്നു അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബി. മമ്മൂട്ടി ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രമായി എത്തിയ സിനിമയില്‍ മനോജ് കെ. ജയനും ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 2005ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ ഫോര്‍ ബ്രദേഴ്‌സിനെ ആധാരമാക്കി എടുത്ത ചിത്രമായിരുന്നു ബിഗ് ബി.

ബോക്സ് ഓഫീസില്‍ വലിയ രീതിയിലുള്ള പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും ചിത്രവും ചിത്രത്തില്‍ മമ്മൂട്ടി ചെയ്ത ബിലാല്‍ എന്ന കഥാപാത്രവും വളരെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിനൊരു രണ്ടാം ഭാഗം വേണമെന്ന് സിനിമ പ്രേമികള്‍ അന്നുമുതലേ ആവശ്യപ്പെടുന്നതാണ്. ബിഗ് ബിയുടെ രണ്ടാം ഭാഗമായി ബിലാല്‍ വരുമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്നേ ചിത്രത്തിന്റെ സംവിധായകന്‍ അമല്‍ നീരദ് അറിയിച്ചിരുന്നു. എന്നാല്‍ സിനിമയുടെ കൂടുതല്‍ അപ്ഡേറ്റുകള്‍ ഒന്നും പിന്നീട് വന്നിരുന്നില്ല.

ഇപ്പോള്‍ ബിലാലിനെ കുറിച്ച് സംസാരിക്കുകയാണ് മനോജ് കെ. ജയന്‍. ബിലാലിന് വേണ്ടി അണിയറപ്രവര്‍ത്തകര്‍ തന്നെ വന്ന് കണ്ടിരുന്നുവെന്നും എന്നാല്‍ അത് കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്കകം കൊറോണ വന്ന് സിനിമയുടെ മറ്റ് പരിപാടികള്‍ നിന്നെന്നും മനോജ് കെ. ജയന്‍ പറയുന്നു.

തന്നെ എപ്പോള്‍ കണ്ടാലും ബിലാല്‍ ഫാന്‍സ് ബിലാലിനെ കുറിച്ച് ചോദിക്കുമെന്നും രണ്ടാം ഭാഗത്തിനായി ആളുകള്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്നത് ബിലാലിന് വേണ്ടിയാണെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മനോജ് കെ. ജയന്‍.

‘അമലും ഉണ്ണിയും കൂടെ എന്റെ അടുത്ത് വന്ന് ബിലാലിന്റെ മുഴുവന്‍ കഥയും പറഞ്ഞ്, ചേട്ടാ ബിലാലിന്റെ ഡേറ്റ് ഒരു പത്ത് ഇരുപത്തിനാല് ദിവസം വേണ്ടി വരും, പല സ്ഥലത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷന്‍ എന്നെല്ലാം പറഞ്ഞതായിരുന്നു.

നമ്മുടെ റെമ്യുണറേഷന്റെ കാര്യത്തെ കുറിച്ച് വരെ സംസാരിച്ച് ഒക്കെ ആക്കിയതായിരുന്നു. അഡ്വാന്‍സ് മാത്രം വാങ്ങിയിട്ടുണ്ടായിരുന്നില്ല.

അങ്ങനെ എല്ലാം ഫിക്‌സ് ആക്കി നാല് ദിവസം കഴിഞ്ഞപ്പോഴാണ് കൊറോണ എന്ന ഒരു സാധനം വന്ന് കേറുകയും കേരളത്തിലത് പടര്‍ന്ന് പിടിക്കുകയും ചെയ്യുന്നത്. അതോടെ പടം നിന്നു.

അതുകൊണ്ട് ബിലാല്‍ ഫാന്‍സിന് ചോദ്യം മാത്രമേ ഉള്ളു ‘എന്ന് ചേട്ടാ, ബിലാല്‍ എന്ന് ചേട്ടാ’ എന്നൊക്കെ എത്ര പേരാ ചോദിക്കുന്നതെന്നറിയാമോ. അത്രയും ആകാംക്ഷയാണ് ആ സിനിമക്ക്. രണ്ടാം ഭാഗത്തിനായി ആളുകള്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്നത് ബിലാലിന് വേണ്ടിയാണെന്ന് തോന്നുന്നു,’ മനോജ് കെ. ജയന്‍ പറയുന്നു.

Content highlight: Manoj K Jayan talks about Bilal Movie