1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ നടനാണ് മനോജ് കെ. ജയന്‍. 36 വര്‍ഷത്തിലേറെയായി സിനിമാമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന നടന്‍ നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
ഇപ്പോള്‍ സംവിധായകന്‍ ഭരതനെ കുറിച്ച് പറയുകയാണ് മനോജ് കെ. ജയന്‍. ഭരതന്റെ വൈശാലി, പ്രണാമം എന്നീ സിനിമകളില്‍ അവസരം ലഭിക്കാനായി താന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ അവസരം ലഭിക്കാതെ പോയെന്നുമാണ് നടന്‍ പറയുന്നത്.
പിന്നീട് 1992ല്‍ പുറത്തിറങ്ങിയ സര്‍ഗം എന്ന സിനിമ കണ്ട് തന്നെ വിളിച്ച ആദ്യത്തെ നാല് സംവിധായകരില്‍ ഒരാള്‍ ഭരതനായിരുന്നെന്നും താന്‍ അത്രയും മോഹിച്ച സംവിധായകനായിരുന്നു അദ്ദേഹമെന്നും മനോജ് കെ. ജയന്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘ഒരിക്കല്‍ ഭരതന്റെ വൈശാലിയിലേക്ക് ഋഷ്യശൃംഗന്‍ ആയി അഭിനയിക്കാന്‍ ഒരാളെ തിരയുന്നു എന്ന പരസ്യം കണ്ടു. എന്റെ സുഹൃത്ത് ജയന്‍ ചെമ്പഴന്നി ഒരു ഫോട്ടോഗ്രാഫറായിരുന്നു. അവന്‍ വെറുതെ എന്നോട് എന്റെ ഫോട്ടോയെടുത്ത് അയക്കുന്ന കാര്യം പറഞ്ഞു.
അങ്ങനെ എന്റെ ഫോട്ടോയെടുത്ത് ഭരതേട്ടന് അയച്ചു കൊടുത്തു. പക്ഷെ എവിടെ കിട്ടാന്‍, അവിടെ പതിനായിരക്കണക്കിന് ആളുകള്‍ ഫോട്ടോ അയച്ചു കൊടുക്കുമല്ലോ. അത് ആ വഴിക്ക് പോയി. എന്നാല്‍ കാലത്തിന്റെ യോഗം എന്ന് പറയുന്നത് പോലെ വീണ്ടും ഒരു ഭരതന്‍ ചിത്രത്തിലേക്കുള്ള അവസരം എന്നെ തേടിയെത്തി.
പ്രണാമം എന്ന സിനിമയുടെ ഷൂട്ടിങ് തിരുവല്ലയില്‍ നടക്കാന്‍ ഇരിക്കുകയായിരുന്നു. അതില്‍ അശോകന്റെ സുഹൃത്തുക്കളായിട്ട് നാലുപേര് വേണമെന്ന് പറഞ്ഞ് പരസ്യം കണ്ടു. അതിന്റെ നിര്‍മാതാക്കള്‍ എന്റെ തൊട്ട് അടുത്തുള്ളവരായിരുന്നു. ജൂബിലി ജോയ് തോമസും ജിമ്മി തോമസുമായിരുന്നു നിര്‍മാതാക്കള്‍.
ഞാന്‍ അപ്പോള്‍ സിനിമയില്‍ അഭിനയിക്കാനായി അവസരം അന്വേഷിച്ച് നടക്കുകയായിരുന്നു. അന്ന് ജിമ്മിച്ചായന്‍ വന്നിട്ട് എന്നെ റെക്കമെന്റ് ചെയ്യട്ടേയെന്ന് ചോദിച്ചു. അങ്ങനെ ഞാന്‍ ഭരതേട്ടനെ കാണാന്‍ പോയി. വൈശാലിയിലേക്ക് സ്റ്റില്‍ അയച്ച കാര്യമൊക്കെ ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു.
പക്ഷെ ആ സിനിമയിലും എനിക്ക് അവസരം ലഭിച്ചില്ല. അങ്ങനെ ഭരതേട്ടന്റെ ഒരു സിനിമ കൂടെ എനിക്ക് നഷ്ടമായി. പിന്നീട് 1991ല്‍ സര്‍ഗം ഷൂട്ടിങ് തുടങ്ങി. അടുത്ത വര്‍ഷം സിനിമ റിലീസായി. അന്ന് എന്നെ വിളിച്ച ആദ്യത്തെ നാല് സംവിധായകരില്‍ ഒരാള്‍ ഭരതേട്ടനായിരുന്നു. അദ്ദേഹത്തോടൊപ്പം ചെയ്ത സിനിമയായിരുന്നു വെങ്കലം. ഞാന്‍ അത്രയും മോഹിച്ച സംവിധായകനായിരുന്നു അദ്ദേഹം,’ മനോജ് കെ. ജയന്‍ പറഞ്ഞു.
Content Highlight: Manoj K Jayan Talks About Bharathan