സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ ഒരു ഡാര്‍ക്ക് ഫാന്റസി ഹൊറര്‍ ചിത്രമാണ് അനന്തഭദ്രം. സുനില്‍ പരമേശ്വരന്റെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ആയിരുന്നു ഈ സിനിമയെത്തിയത്. പൃഥ്വിരാജ് സുകുമാരനും കാവ്യ മാധവനും ഒന്നിച്ച അനന്തഭദ്രത്തില്‍ മനോജ് കെ. ജയന്‍, കലാഭവന്‍ മണി, ബിജു മേനോന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതില്‍ മനോജ് കെ. ജയന്‍ ദിഗംബരന്‍ എന്ന കഥാപാത്രമായാണ് എത്തിയത്. ഇപ്പോള്‍ താന്‍ ആ സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് മനോജ്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മണിയന്‍ പിള്ള രാജുവും റൈറ്ററായ സുനില്‍ പരമേശ്വരനും കൂടെ അന്ന് എന്നെ കാണാന്‍ മദ്രാസില്‍ വരികയായിരുന്നു. അന്ന് അവിടെയിരുന്ന് കഥ മുഴുവനും ഞാന്‍ കേട്ടു. എനിക്ക് ആ കഥാപാത്രം എങ്ങനെ ചെയ്യാനാകുമെന്നാണ് ഞാന്‍ ചിന്തിച്ചത്. കാരണം അത്തരത്തിലാണ് ആ കഥാപാത്രത്തെ എഴുതി വെച്ചിരുന്നത്. ഇവര്‍ എന്ത് കണ്ടാണ് എന്നെ അതിലേക്ക് കാസ്റ്റ് ചെയ്തത് എന്ന കാര്യം പോലും എനിക്കറിയില്ല.
ഞാന്‍ ആദ്യം ഇത് എങ്ങനെ ചെയ്യുമെന്ന് ചോദിച്ചു. അന്ന് നിങ്ങള്‍ക്കേ ഇത് ചെയ്യാന്‍ പറ്റുകയുള്ളു എന്നാണ് മണിയന്‍ പിള്ള രാജു പറഞ്ഞത്. എന്നെ കേറ്റി വിട്ടതാണോ എന്ന് അറിയില്ല. പക്ഷെ ആ ഒരൊറ്റ ഡയലോഗിലാണ് ഞാന്‍ ഈ സിനിമ ചെയ്യാന്‍ തയ്യാറാകുന്നത്. മനോജിനെ കൊണ്ട് പറ്റും, നിങ്ങള്‍ ചെയ്യും എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അതില്‍ വീണു. ഞാന്‍ സത്യം പറഞ്ഞാല്‍ ആ സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചിട്ടില്ല.
അത് കേട്ടാല്‍ പലര്‍ക്കും അതിശയമായി തോന്നും. ഞാന്‍ എല്ലാ സിനിമകളുടെയും സ്‌ക്രിപ്റ്റ് വായിക്കാറുണ്ട്. പക്ഷെ പേടിച്ചിട്ട് ഈ സിനിമയുടെ സ്‌ക്രിപ്റ്റ് ഞാന്‍ വായിച്ചില്ല. ഇതിന് അകത്ത് എഴുതി വെച്ച ഈ കഥാപാത്രത്തിന്റെ ആ യാത്ര എനിക്ക് പേടിയായിരുന്നു. അങ്ങനെ സ്‌ക്രിപ്റ്റ് വായിക്കാതെ ഞാന്‍ ചെന്ന് ചെയ്തു തുടങ്ങുകയായിരുന്നു,’ മനോജ് കെ. ജയന്‍ പറഞ്ഞു.
Content Highlight: Manoj K Jayan Talks About Anandabhadram Movie