ബിജു വര്‍ക്കി സംവിധാനം ചെയ്ത് 2002 ല്‍ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ഫാന്റം. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ മനോജ് കെ. ജയന്‍, ഇന്നസെന്റ്, നിശാന്ത് സാഗര്‍, നെടുമുടി വേണു, ലാലു അലക്സ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പൈലി എന്ന സ്റ്റണ്ട്മാനെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഒരു അപകടത്തില്‍ പെട്ട് പരിക്ക് പറ്റിയ പൈലി തന്റെ ഗ്രാമത്തിലേക്കു തിരിച്ച് പോകുന്നതും അതിന് ശേഷം ഗ്രാമത്തിലെ പ്രശ്‌നങ്ങളില്‍ പൈലി ഗ്രാമീണരെ സഹിക്കാന്‍ തീരുമാനിക്കുകയും തുടര്‍ന്ന് പൈലിയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. സിനിമയിലെ വില്ലന്‍ സെബാസ്റ്റിനെ അവതരിപ്പിച്ചത് മനോജ് .കെ. ജയന്‍ ആണ്.
ഫാന്റം സിനിമയുടെ ഒരു രംഗത്ത് താന്‍ നിലത്ത് കിടക്കുന്ന മമ്മൂട്ടിയുടെ നെഞ്ചില്‍ ചവിട്ടിനിന്ന് ഡയലോഗ് പറയുന്നൊരു സീന്‍ ഉണ്ടെന്നും ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ മമ്മൂട്ടിയുടെ നെഞ്ചില്‍ ചവിട്ടാന്‍ തനിക്ക് മടിയായിരുന്നെന്നും ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മനോജ് .കെ. ജയന്‍ പറയുന്നു. ചവിട്ടാതെ നിന്ന തന്നെ മമ്മൂട്ടി നിര്‍ബന്ധിച്ച് ചവിട്ടിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഫാന്റം സിനിമയില്‍ മമ്മൂക്കയെ നിലത്തിട്ട് ചവിട്ടുന്നൊരു സീനുണ്ട്. മമ്മൂക്കയുടെ നെഞ്ചില്‍ ചവിട്ടി നിന്ന് ഡയലോഗ് പറയണം. മമ്മൂക്കയെ പോലെ ഒരാളുടെ നെഞ്ചില്‍ ഒക്കെ ചവിട്ടുക എന്ന് വെച്ചാല്‍, കാര്യം കഥാപാത്രമാണ്, സിനിമയാണ് എന്നൊക്കെ പറഞ്ഞാലും എന്നെ കൊണ്ട് അതിന് പറ്റില്ലായിരുന്നു.
ഞാന്‍ ചവിട്ടാതെ നിന്നു. അപ്പോള്‍ മമ്മൂക്ക ധൈര്യമായിട്ട് ചവിട്ടാന്‍ പറഞ്ഞു. ചവിട്ടിയെ പറ്റൂ, മമ്മൂക്ക പിന്നെയും പിന്നെയും ചവിട്ടാന്‍ പറഞ്ഞു. ക്യാരക്ടറോ എന്തെകിലും ആയിക്കൊള്ളട്ടെ, എനിക്ക് മമ്മൂക്കയെ ചവിട്ടാന്‍ കഴിഞ്ഞില്ല. അവസാനം മമ്മൂക്കയുടെ നിര്‍ബന്ധത്തില്‍ ഞാന്‍ അദ്ദേഹത്തെ ചവിട്ടി. ഫാന്റം സിനിമയുടെ ആ ഭാഗം അഭിനയിക്കാന്‍ ഞാന്‍ നന്നായി പാടുപെട്ടു,’ മനോജ് .കെ. ജയന്‍ പറയുന്നു.
Content highlight: Manoj K Jayan Talking About Mamootty And Phantam Movie