ഒട്ടും പ്രതീക്ഷയില്ലാത്ത ആ നിവിൻ ചിത്രം ചെയ്യാൻ ധൈര്യം തന്നത് വിനീത് ശ്രീനിവാസൻ: മനോജ്‌. കെ. ജയൻ
Entertainment
ഒട്ടും പ്രതീക്ഷയില്ലാത്ത ആ നിവിൻ ചിത്രം ചെയ്യാൻ ധൈര്യം തന്നത് വിനീത് ശ്രീനിവാസൻ: മനോജ്‌. കെ. ജയൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th August 2024, 7:55 am

അൽഫോൺസ് പുത്രൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് നേരം. നിവിൻ പോളി, നസ്രിയ നാസിം, ബോബി സിംഹ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചിത്രത്തിൽ റേ ബാൻ എന്ന കഥാപാത്രമായി എത്തിയത് മനോജ്‌. കെ. ജയൻ ആയിരുന്നു. രണ്ട് മൂന്ന് സീനിൽ മാത്രമേ ഉള്ളുവെങ്കിലും മുമ്പൊന്നും കാണാത്ത മനോജ്‌. കെ. ജയനെയായിരുന്നു പ്രേക്ഷകർ നേരത്തിൽ കണ്ടത്.

എന്നാൽ താൻ ഒരു പ്രതീക്ഷയും ഇല്ലാതെ ചെയ്ത ചിത്രമാണ് നേരമെന്നും ആ ഡയലോഗുകളിലെ തമാശയൊന്നും അന്ന് തനിക്ക് വർക്ക്‌ ആയില്ലെന്നും മനോജ്‌. കെ. ജയൻ പറയുന്നു. ആ സമയത്ത് താൻ തട്ടത്തിൻ മറയത്ത് കഴിഞ്ഞിരിക്കുകയായിരുന്നുവെന്നും വിനീത് ശ്രീനിവാസനാണ് നേരം എന്തായാലും ചെയ്യാൻ തന്നോട് പറഞ്ഞതെന്നും മനോജ്‌. കെ. ജയൻ പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ ഒരു പ്രതീക്ഷയും ഇല്ലാതെ ചെയ്ത സിനിമയാണ് നേരം. സി. ഡി റൈറ്റ് ചെയ്യുമോ, ഡി.വി.ഡി റൈറ്റ് ചെയ്യോ എന്നൊക്കെ പറയുന്നതിൽ എന്താണ് തമാശയെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇതിൽ കോമഡി ഉണ്ടോ, ആരെങ്കിലും ചിരിക്കുമോ എന്നായിരുന്നു ഞാൻ കരുതിയത്.

പക്ഷെ അതിനെയൊക്കെ മറികടന്ന് അൽഫോൺസ് എവിടെയോ നിൽക്കുകയായിരുന്നു. നമുക്ക് അറിയില്ല. പുള്ളിയുടെ ഒരു ബ്രില്ല്യൻസ് അവിടെയാണല്ലോ. രണ്ട് ദിവസത്തെ സമയമായിരുന്നു ഷൂട്ടിനായി എന്നോട് ചോദിച്ചത്. പക്ഷെ ഒന്നര ദിവസം കൊണ്ട് തന്നെ എന്റെ ഭാഗമൊക്കെ തീർത്തു.

സത്യം പറഞ്ഞാൽ ആദ്യം ഞാൻ ഒന്ന് മടിച്ചിരുന്നു. കാരണം എല്ലാം പുതിയ സെറ്റപ്പും പുതിയ ആളുകളും. പൊതുവെ അത്തരം സിനിമകളിലേക്ക് ഞാൻ അധികം പോവാറില്ല. എന്താണെന്ന് നമുക്ക് അറിയില്ലല്ലോ. അന്ന് ഞാൻ തട്ടത്തിൻ മറയത്ത് കഴിഞ്ഞിരിക്കുന്ന സമയമാണ്.

അന്ന് വിനീത് ശ്രീനിവാസൻ എന്നെ വിളിച്ചു, വിനീത് പറഞ്ഞു, മനോജേട്ടാ അൽഫോൺസ് എന്ന് പറയുന്ന ഒരാൾ വിളിച്ചില്ലേയെന്ന്. ഞാൻ വിളിച്ചെന്ന് പറഞ്ഞപ്പോൾ വിനീത് പറഞ്ഞു, ചേട്ടാ ഉഗ്രൻ പിള്ളേരാണ്, എന്റെ സുഹൃത്തുക്കളാണ്. ധൈര്യമായി കമ്മിറ്റ് ചെയ്തോ ഉഗ്രനാണെന്ന് വിനീത് പറഞ്ഞു. അങ്ങനെയാണ് ഞാൻ നേരത്തിലേക്ക് എത്തിയത്,’മനോജ്‌. കെ. ജയൻ പറയുന്നു.

 

Content Highlight: Manoj.k.jayan Talk About Neram Movie