ആ രണ്ട് സീനിയര്‍ ആക്ടേഴ്‌സ് കാരണം ഞാന്‍ ഹരിഹരന്‍ സാറിന്റെയടുത്ത് നിന്ന് ചീത്ത കേട്ടു: മനോജ് കെ. ജയന്‍
Entertainment
ആ രണ്ട് സീനിയര്‍ ആക്ടേഴ്‌സ് കാരണം ഞാന്‍ ഹരിഹരന്‍ സാറിന്റെയടുത്ത് നിന്ന് ചീത്ത കേട്ടു: മനോജ് കെ. ജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 21st October 2024, 6:45 pm

36 വര്‍ഷമായി സിനിമാമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനാണ് മനോജ് കെ. ജയന്‍. 1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ മനോജ് കെ. ജയന്‍ നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിച്ചുണ്ട്. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് മൂന്ന് തവണ സ്വന്തമാക്കിയ താരം തമിഴിലും, തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ക്യാരക്ടര്‍ റോളുകളും കോമഡി റോളുകളും ഒരുപോലെ വഴങ്ങുന്ന ചുരുക്കം നടന്മാരില്‍ ഒരാളാണ് മനോജ് കെ. ജയന്‍. ഹരിഹരന്‍ സംവിധാനം ചെയ്ത് 1992ല്‍ റിലീസായ ചിത്രമാണ് സര്‍ഗം. ചിത്രത്തില്‍ കുട്ടന്‍ തമ്പുരാന്‍ എന്ന കഥാപാത്രമായി വേഷമിട്ടത് മനോജ് കെ. ജയനായിരുന്നു. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് സര്‍ഗത്തിലൂടെ മനോജ് കെ. ജയനെ തേടിയെത്തി.

ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അദ്ദേഹം. ഹരിഹരനെപ്പോലൊരു ലെജന്‍ഡറി സംവിധായകനൊപ്പം ആദ്യമായാണ് അഭിനയിക്കുന്നതെന്നും അത്യവശ്യം ടെന്‍ഷനിലാണ് സെറ്റിലെത്തിയതെന്നും മനോജ് കെ. ജയന്‍ പറഞ്ഞു.ഹരിഹരന്‍ എപ്പോഴും ഒരുപാട് തവണ റിഹേഴ്‌സല്‍ ചെയ്യിച്ചാണ് ടേക്കിലേക്ക് പോവുകയെന്ന് മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു.

ആ സിനിമയിലെ ഒരു സീന്‍ ഏഴ് ടേക്ക് വരെ പോയെന്നും അതിന്റെ പേരില്‍ ഹരിഹരന്‍ തന്നെ ചീത്ത വിളിച്ചെന്നും മനോജ് കെ. ജയന്‍ പറഞ്ഞു. ഷൂട്ടിന് ശേഷം ഹരിഹരന്‍ തന്നോട് എന്താണ് കാരണമെന്ന് ചോദിച്ചെന്നും കൂടെ ഉണ്ടായിരുന്ന സീനിയര്‍ ആക്ടര്‍മാര്‍ തന്നോട് ഓരോ സജഷന്‍ പറഞ്ഞത് അനുസരിച്ചത് കൊണ്ടാണ് ടേക്ക് തെറ്റിയതെന്ന് അദ്ദേഹത്തോട് പറഞ്ഞെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സര്‍ഗം എന്ന സിനിമയുടെ സെറ്റിലേക്ക് എത്തുമ്പോള്‍ നല്ല ടെന്‍ഷനുണ്ടായിരുന്നു. ഹരിഹരന്‍ സാറിനെപ്പോലെ ഒരു ലെജന്‍ഡിന്റെ സെറ്റിലേക്കാണ് പോകുന്നതെന്ന പേടി നല്ലവണ്ണം ഉണ്ടായിരുന്നു. പുള്ളിയുടെ ശീലം എന്താണെന്ന് വെച്ചാല്‍ ഒരുപാട് തവണ റിഹേഴ്‌സല്‍ ചെയ്യിച്ചതിന് ശേഷമേ ടേക്കിലേക്ക് പോകാറുള്ളൂ. അങ്ങനെ ഒരു സീന്‍ എടുത്തത് ഏഴ് ടേക്ക് വരെ പോയി.

എനിക്ക് പുള്ളിയുടെ അടുത്ത് നിന്ന് നല്ലവണ്ണം ചീത്ത കിട്ടി. ഷൂട്ട് കഴിഞ്ഞ ശേഷം സാര്‍ എന്റെയടുത്ത് വന്നിട്ട് എന്താണ് പറ്റിയതെന്ന് ചോദിച്ചു. ആ സീനില്‍ എന്റെയൊപ്പം ഉണ്ടായിരുന്ന രണ്ട് സീനിയര്‍ ആക്ടേഴ്‌സ് ഓരോ സമയവും ഓരോ സജഷന്‍ പറയുമായിരുന്നു. അത് കേട്ട് അനുസരിച്ചതാണ് പണിയായത്. നമുക്ക് എങ്ങനെയാണോ ചെയ്യാന്‍ തോന്നുന്നത്, അതുപോലെ ചെയ്യുക എന്ന പാഠം അന്ന് ഞാന്‍ പഠിച്ചു,’ മനോജ് കെ. ജയന്‍ പറഞ്ഞു.

Content Highlight: Manoj K Jayan shares the shooting experience of Sargam movie