വ്യത്യസ്തമായ അഭിനയ ശൈലികൊണ്ടും പ്രകടന മികവുകൊണ്ടും തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് മനോജ് കെ. ജയന്‍. ഷാബു ഉസ്മാന്റെ സംവിധാനത്തില്‍ ഇന്ദ്രന്‍സ്, ശശികുമാര്‍, ജോയി മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ലൂയിസാണ് അദ്ദഹത്തിന്റെ ഏറ്റവും പുതിയ ചിത്രം.
നവംബര്‍ 25ന് തിയേറ്ററിലെത്തുന്ന ചിത്രത്തിന് മുന്നോടിയായി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ അമല്‍ നീരദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ബിഗ് ബി എന്ന ചിത്രത്തിലേക്ക് എങ്ങനെയാണ് മമ്മൂട്ടി എത്തിയതെന്ന് പറയുകയാണ് താരം. മമ്മൂട്ടി, മനോജ് കെ. ജയന്‍. ബാല, മമ്ത മോഹന്‍ദാസ് തുടങ്ങിയ ജനപ്രിയ താരനിര തന്നെ ബിഗ് ബിയിലുണ്ടായിരുന്നു.
ബിഗ് ബിയുടെ കഥ മമ്മൂക്കയേക്കാളും മുമ്പ് കേട്ടത് താനാണെന്നും തന്നിലൂടെയാണ് അമല്‍ നീരദ് മമ്മൂക്കയിലെത്തുന്നതെന്നും മനോജ് കെ. ജയന്‍ പറയുന്നു. ‘മമ്മൂക്കയിലേക്കുള്ള വഴിയായിട്ടാണ് അമല്‍ എന്നെ വന്നു കാണുന്നത്. എനിക്ക് പണ്ടേ അറിയുന്ന ആളാണ് അമല്‍. ആ ഒരു സ്നേഹത്തിന്റെ പേരിലാണ് എന്നെ വിളിച്ചു സംസാരിക്കുന്നത്. ഞാനൊരു സബ്ജക്ട് തയാറാക്കുന്നുണ്ടെന്നും മമ്മൂക്കയേയാണ് വേണ്ടതെന്നും പറഞ്ഞു.
പിന്നീട് രണ്ട് മൂന്ന് മാസം കഴിഞ്ഞ് അമല്‍ എന്നെ വിളിച്ചു. മനോജേട്ടാ എനിക്കൊന്ന് കാണാണം. ഞാന്‍ നാട്ടിലേക്ക് വരുന്നുണ്ട് എന്നും പറഞ്ഞു. ആ സമയത്ത് ജയിംസ് എന്നൊരു ഹിന്ദി പടത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് അമല്‍ ബോംബെയിലാണ്. അവിടെ നിന്നാണ് വിളിക്കുന്നത്.
കൊച്ചിയിലുണ്ടെങ്കില്‍ ചേട്ടനോട് കഥപറയാമെന്നും എന്നിട്ട് മമ്മൂക്കയുടെ അപ്പോയിന്‍മെന്റ് എടുത്ത് തരണമെന്നും പറഞ്ഞു. അങ്ങനെ ഞങ്ങള്‍ കൊച്ചിയില്‍ വെച്ച് കണ്ടു. എന്നോട് ബിഗ് ബിയുടെ കഥ പറഞ്ഞു. അപ്പോഴും ഞാന്‍ സിനിമയിലുണ്ടെന്നറിയാം എന്നാല്‍ ഏത് കഥാപാത്രം ആണെന്ന് അറിയില്ലായിരുന്നു.
കഥ കേട്ടതും ഇത് മമ്മൂക്ക എപ്പോള്‍ എടുത്തെന്ന് ചോദിച്ചാല്‍ മതിയെന്നായിരുന്നു എന്റെ മറുപടി. അമലേ ഇത് അസ്സലായിരിക്കുന്നു. ഭയങ്കര സംഭവമാണ്. ഇത് മലയാള സിനിമക്ക് പുതിയ സംഭവമാണല്ലോയെന്നും ഞാന്‍ ചോദിച്ചു. അപ്പോള്‍ തന്നെ ഞാന്‍ മമ്മൂക്കയെ ഫോണില്‍ വിളിച്ചു.
ആ സമയത്ത് മമ്മൂക്ക തൃശ്ശൂരില്‍ കറുത്ത പക്ഷികളുടെ ഷൂട്ടിലായിരുന്നു. ആദ്യം വിശേഷമെല്ലാം ചോദിച്ചു. ഒരു സബ്ജക്ട് മമ്മൂക്കയൊന്ന് കേള്‍ക്കണം എന്ന് ഞാന്‍ പറഞ്ഞു. ആരുടെ സബ്ജക്ട് ആണെന്ന് മമ്മൂക്ക ചോദിച്ചു. അമല്‍ നീരദിന്റേതാണെന്ന് ഞാന്‍ പറഞ്ഞു. ആദ്യം അസൗകര്യം പറഞ്ഞുവെങ്കിലും നല്ല കഥയാണെന്ന് പറഞ്ഞപ്പോള്‍ നാളെ വന്ന് കാണാന്‍ പറഞ്ഞു.
അങ്ങനെ അമല്‍ മമ്മൂക്കയുടെ അടുത്ത് ചെന്ന് കഥ പറഞ്ഞു. അന്ന് തന്നെ അമല്‍ എന്നെ വലിയ സന്തോഷത്തില്‍ ഫോണ്‍ ചെയ്തു. മമ്മൂക്ക ഓക്കെയാണെന്നും അടുത്ത രണ്ട് പടം മാറ്റിവെച്ച് ഇത് ചെയ്യാമെന്ന് സമ്മതിച്ചെന്നും പറഞ്ഞു. അങ്ങനെയാണ് ബിഗ് ബി ഉണ്ടായത്. ഇന്നും മലയാള സിനിമയില്‍ ആളുകള്‍ ചര്‍ച്ച ചെയ്യുന്ന ഒരു ചിത്രമാണ് ബിഗ് ബി. രണ്ടാം ഭാഗമായ ബിലാലിന് വേണ്ടി ഇന്നത്തെ യുവതലമുറ പോലും കാത്തിരിക്കുകയാണ്,’ മനോജ് കെ. ജയന്‍ പറഞ്ഞു.
Content Highlight: Manoj K Jayan says the Story Behind Amal Neerad Movie BIG B