‘അനന്തഭദ്രം’ സിനിമയില്‍ പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത കഥാപാത്രമാണ് മനോജ് കെ. ജയന്‍ അവതരിപ്പിച്ച ദിഗംബരന്‍. ഒരുപാട് ആരാധകരാണ് ഇന്നും ഈ കഥാപാത്രത്തിനുള്ളത്. സന്തോഷ് ശിവന്റെ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് 2005-ല്‍ പുറത്തിറങ്ങിയ അനന്തഭദ്രം.
അനന്തഭദ്രം രണ്ടാം ഭാഗം ആലോചിക്കുന്നുണ്ടെന്നും, എന്നാല്‍ തനിക്ക് ദിഗംബരനാകാന്‍ പേടിയാണെന്നും ആത്മവിശ്വാസമില്ലെന്നും പറയുകയാണ് മനോജ് കെ. ജയന്‍. ബിഹൈന്റ്‌വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
”അനന്തഭദ്രം രണ്ടാം ഭാഗം വരുന്നുണ്ട്. എന്നാല്‍ വീണ്ടും ദിഗംബരനാകാന്‍ എനിക്ക് പേടിയാണ്. സത്യം പറഞ്ഞാല്‍ എനിക്ക് ആത്മവിശ്വാസമില്ലെന്ന് തന്നെ പറയാം. ഒരു ഭാഗം പോരെ ആ സിനിമയ്ക്ക്. കാരണം, ആദ്യ ഭാഗമായിരുന്നു നല്ലതെന്ന് ആളുകള്‍ പറയുന്ന ഒരു അവസ്ഥയിലേക്ക് നമ്മള്‍ എത്തിക്കണ്ടല്ലോ.
ആ കാലത്തുണ്ടായ ഊര്‍ജത്തിലും പവറിലും ഡെഡിക്കേഷനിലുമൊക്കെ ചെയ്ത് പോയതായിരിക്കും ആ സിനിമ. വീണ്ടും അതിന്റെ പുറകെ പോകുന്നത് അത്ര പന്തിയല്ലെന്നാണ് എന്റെ അഭിപ്രായം. അത് കൊണ്ട് ദിഗംബരന്‍ പോലുള്ള കഥാപാത്രങ്ങള്‍ വന്ന് കഴിഞ്ഞാല്‍ വീണ്ടും അതിന്റെ പുറകേ പോകാന്‍ നിക്കരുത്,” മനോജ് കെ. ജയന്‍ പറഞ്ഞു.
ഈ ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ അന്തം വിട്ട് പോയെന്നും സിനിമയ്ക്ക് വേണ്ടി തയ്യാറെടുപ്പുകളൊന്നും എടുത്തിട്ടില്ലെന്നും താരം പറഞ്ഞു.
”ഡാന്‍സുമായി ഒരു ബന്ധവുമില്ലാത്ത ഒരാളാണ് ഞാന്‍. പടം കണ്ട് ചിലര്‍ എന്നോട് കളരിയുമായി ബന്ധമുണ്ടോ എന്നെക്കെ ചോദിച്ചിട്ടുണ്ട്. അതെല്ലാം അറിയാതെ സംഭവിച്ച് പോയതാണ്. ആ കഥാപാത്രമാവുമ്പോള്‍ നമ്മളില്‍ അറിയാതെ ഉണ്ടാവുന്ന സംഭവങ്ങളാവും അത്. ഒരു തയ്യാറെടുപ്പുകളും ചെയ്യാതെ വന്ന സിനിമയായിരുന്നു അത്.
സുനില്‍ പരമേശ്വരനായിരുന്നു അനന്തഭദ്രം സിനിമയുടെ കഥ എന്നോട് പറഞ്ഞത്. സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ ഞാന്‍ അന്തം വിട്ട് പോയി. ദിഗംബരനാകാന്‍ എന്നെ കൊണ്ട് കഴിയുമോ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന മണിയന്‍ പിള്ള രാജു ചേട്ടനാണ് എന്നെ കൊണ്ട് സാധിക്കും എന്ന് പറഞ്ഞ് എനിക്ക് ദിഗംബരനാകാന്‍ ആത്മവിശ്വാസം തന്നത്,” മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘സല്യൂട്ട്’ എന്ന ചിത്രമാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയത്. മാര്‍ച്ച് 17 ന് സോണി ലിവിലൂടെയാണ് ചിത്രം റിലീസായത്. ബോബി സഞ്ജയ്യുടെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസാണ് സല്യൂട്ട് സംവിധാനം ചെയ്തത്.
Content Highlight: Manoj K jayan says he is afraid to act in the role of Digambaran again