എല്ലാ സിനിമകളുടെയും സ്‌ക്രിപ്റ്റ് വായിക്കുന്ന ഞാന്‍ പേടിച്ചിട്ട് അനന്തഭദ്രത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ചില്ല: മനോജ് കെ. ജയന്‍
Entertainment
എല്ലാ സിനിമകളുടെയും സ്‌ക്രിപ്റ്റ് വായിക്കുന്ന ഞാന്‍ പേടിച്ചിട്ട് അനന്തഭദ്രത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ചില്ല: മനോജ് കെ. ജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th August 2024, 11:33 pm

മനോജ് കെ. ജയന്‍ എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് അനന്തഭദ്രത്തിലെ ദിഗംബരന്‍. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ ഒരു ഡാര്‍ക്ക് ഫാന്റസി ഹൊറര്‍ ചിത്രമാണ് ഇത്. സുനില്‍ പരമേശ്വരന്റെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ആയിരുന്നു അനന്തഭദ്രത്തിന്റെ കഥ ഒരുക്കിയത്. ഇപ്പോള്‍ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ അനന്തഭദ്രത്തെ കുറിച്ച് പറയുകയാണ് മനോജ് കെ. ജയന്‍.

‘ഒരിക്കല്‍ മണിയന്‍പിള്ള രാജുവും സുനില്‍ പരമേശ്വരനും ഒരുമിച്ച് എന്നെ കാണാനായി മദ്രാസില്‍ വന്നു. അന്ന് ഞാന്‍ സിനിമയുടെ കഥ മുഴുവനും കേട്ടിരുന്നു. എന്നിട്ടും എനിക്ക് ആ കഥാപാത്രത്തെ എങ്ങനെ ചെയ്യാനാകുമെന്ന് ചിന്തിച്ചിട്ട് മനസിലായില്ല. കാരണം അങ്ങനയുള്ള ലെവലിലാണ് ആ കഥാപാത്രത്തെ സിനിമയില്‍ എഴുതി വെച്ചിരിക്കുന്നത്.


അവര്‍ എന്നെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്തത് എന്ത് കണ്ടാണെന്ന കാര്യം പോലും അന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ ആദ്യം തന്നെ ചോദിച്ചത് എങ്ങനെ ഈ റോള്‍ ചെയ്യുമെന്നാണ്. അന്ന് മണിയന്‍പിള്ള രാജു ഒരു കാര്യം പറഞ്ഞു. നിങ്ങള്‍ക്കേ ഇത് ചെയ്യാന്‍ പറ്റുകയുള്ളു എന്നാണ് പറഞ്ഞത്. എന്നെ വെറുതെ കേറ്റി വിട്ടതാണോയെന്ന് എനിക്ക് അറിയില്ല എന്നതാണ് സത്യം.

പക്ഷെ സത്യത്തില്‍ അദ്ദേഹത്തിന്റെ ആ ഒരൊറ്റ ഡയലോഗിലാണ് ഞാന്‍ അനന്തഭദ്രം എന്ന ഈ സിനിമ ചെയ്യാന്‍ തയ്യാറാകുന്നത്. മണിയന്‍പിള്ള രാജു ‘മനോജിനെ കൊണ്ട് പറ്റും, നിങ്ങള്‍ ചെയ്യും എന്ന്’ പറഞ്ഞപ്പോള്‍ ഞാന്‍ അതില്‍ വീഴുകയായിരുന്നു. ഞാന്‍ സത്യത്തില്‍ ഈ സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചിട്ടില്ല. പലര്‍ക്കും ഇത് അതിശയമായി തോന്നാം.

സാധാരണ ഞാന്‍ എല്ലാ സിനിമകളുടെയും സ്‌ക്രിപ്റ്റുകള്‍ ഞാന്‍ വായിക്കാറുണ്ട്. പക്ഷെ പേടി കാരണം ഞാന്‍ അനന്തഭദ്രത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ചില്ല. ഇതിനകത്ത് എഴുതി വെച്ച ഈ കഥാപാത്രത്തിന്റെ ആ യാത്രയില്‍ എനിക്ക് പേടി തോന്നിയിരുന്നു,’ മനോജ് കെ. ജയന്‍ പറഞ്ഞു.

Content Highlight: Manoj K Jayan Says He Didn’t Read Anandabhadhram Movie Script