1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ നടനാണ് മനോജ് കെ. ജയന്‍. 36 വര്‍ഷമായി സിനിമാമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന മനോജ് കെ. ജയന്‍ നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിച്ചുണ്ട്. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് മൂന്ന് തവണ സ്വന്തമാക്കിയ താരം തമിഴിലും, തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
തനിക്ക് ഏറ്റവും ഇഷ്ടമുള്ള നടന്‍ മമ്മൂട്ടിയാണെന്ന് പറയുകയാണ് മനോജ് കെ. ജയന്‍. എം.ടിയുടെ തിരക്കഥയില്‍ ഐ.വി ശശി സംവിധാനം ചെയ്ത് 1981ല്‍ റിലീസായ തൃഷ്ണയാണ് താന്‍ കണ്ട ആദ്യത്തെ മമ്മൂട്ടി ചിത്രമെന്ന് മനോജ് കെ. ജയന്‍ പറഞ്ഞു. ജയന്‍ മരിച്ചതിന് ശേഷം ഒരു സൂപ്പര്‍സ്റ്റാര്‍ എന്ന് തോന്നിയത് മമ്മൂട്ടിയെയാണെന്നും തൃഷ്ണ മുതല്‍ ഏറ്റവും ഒടുവില്‍ റിലീസായ ടര്‍ബോ വരെ എല്ലാ സിനിമയും കണ്ടിട്ടുണ്ടെന്നും താരം പറഞ്ഞു.
സിനിമലേക്കെത്തിയ വര്‍ഷം തന്നെ മമ്മൂട്ടിയുമൊന്നിച്ച് ദളപതിയില്‍ അഭിനയിക്കാന്‍ സാധിച്ചുവെന്നും ഇതുവരെ 18 സിനിമകളില്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ടെന്നും മനോജ് കെ. ജയന്‍ പറഞ്ഞു. മമ്മൂട്ടിയെ ജ്യേഷ്ഠതുല്യനായാണ് താന്‍ കാണുന്നതെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘സിനിമയിലെത്തുന്നതിന് മുന്നേ ഞാന്‍ മമ്മൂട്ടിയുടെ വലിയ ആരാധകനാണ്. തൃഷ്ണ എന്ന സിനിമ മുതല്‍ തന്നെ എനിക്ക് അദ്ദേഹത്തോട് ആരാധന തോന്നി. ജയന്‍ മരിച്ച സമയമായിരുന്നു അത്. അടുത്ത ജയനാകാന്‍ പല നടന്മാരും പയറ്റിനോക്കി. പക്ഷേ എല്ലാവരും പരാജയപ്പെട്ടു. ആ സമയത്താണ് തൃഷ്ണ റിലീസാകുന്നത്. ജയനെപ്പോലെ ഒരാള്‍ എന്ന് മമ്മൂക്കയെ കണ്ടപ്പോള്‍ എനിക്ക് തോന്നി. ആക്ഷന്‍ ഹീറോ എന്ന നിലയിലല്ല. അദ്ദേഹത്തിന്റെ ആക്ടിങ് സ്‌കില്ലാണ് എന്നെ ആകര്‍ഷിച്ചത്.
സന്ധ്യക്ക് വിരിഞ്ഞ പൂവ്, കൂടെവിടെ എന്നീ സിനിമകള്‍ കൂടി കണ്ടപ്പോള്‍ ആരാധന കൂടി. ഏറ്റവും ലാസ്റ്റ് റിലീസായ ടര്‍ബോ വരെ അദ്ദേഹത്തിന്റെ ഫാന്‍ ആക്കി. സിനിമയിലേക്കെത്തിയപ്പോള്‍ എന്റെ ഏറ്റവും വലിയ ആഗ്രഹം മമ്മൂക്കയുടെ കൂടെ അഭിനയിക്കണമെന്നായിരുന്നു. തുടക്കകാലത്ത് തന്നെ അതിന് സാധിച്ചു. ദളപതിയില്‍ മമ്മൂക്കയുടെ കൂടെ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ സാധിച്ചു. പിന്നീട് 18ഓളം സിനിമകളില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം കിട്ടി. എനിക്ക് ജ്യേഷ്ഠതുല്യനായ ഒരാളാണ് മമ്മൂക്ക,’ മനോജ് കെ. ജയന്‍ പറഞ്ഞു.
Content Highlight: Manoj K Jayan saying that he is a big fan of Mammootty