36 വര്‍ഷമായി സിനിമാമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനാണ് മനോജ് കെ. ജയന്‍. 1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ മനോജ് കെ. ജയന്‍ നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിച്ചുണ്ട്. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് മൂന്ന് തവണ സ്വന്തമാക്കിയ താരം തമിഴിലും, തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
മമ്മൂട്ടിയും മനോജ് കെ. ജയനും ഒന്നിച്ചഭിനയിച്ച് ഇന്നും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി നില്‍ക്കുന്ന ചിത്രമാണ് ബിഗ് ബി. റിലീസ് ചെയ്ത സമയത്ത് ബോക്‌സ് ഓഫീസില്‍ വേണ്ടത്ര ശ്രദ്ധ ലഭിക്കാത്ത ചിത്രം പിന്നീട് കള്‍ട്ട് ഫോളോവിങ് നേടിയ ഒന്നായി മാറി. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബിലാല്‍ വരാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.
ബിഗ് ബിയുടെ കഥ ആദ്യമായി കേട്ടത് താനാണെന്ന് പറയുകയാണ് മനോജ് കെ. ജയന്‍. താന്‍ വഴിയാണ് അമല്‍ നീരദ് മമ്മൂട്ടിയെ സമീപിച്ചതെന്ന് മനോജ് കെ. ജയന്‍ പറഞ്ഞു. അമല്‍ നീരദ് തന്റെ അടുത്ത ബന്ധുവാണെന്നും സിനിമയിലെത്തുന്നതിന് മുമ്പേ അമലിനെ അറിയാമായിരുന്നെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടിയോട് കഥ പറയണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ താന്‍ ആ കാര്യം മമ്മൂട്ടിയെ അറിയിച്ചെന്നും മനോജ് കെ. ജയന്‍ പറയുന്നു.
ആ സിനിമ ഒരു കള്‍ട്ട് സാധനമാകുമെന്ന് മമ്മൂട്ടിക്ക് ആദ്യമേ അറിയാമായിരുന്നെന്നും നാലഞ്ച് സിനിമ മാറ്റിവെച്ച ശേഷമാണ് മമ്മൂട്ടി ബിഗ് ബി ചെയ്തതെന്നും മനോജ് കെ. ജയന്‍ പറഞ്ഞു. എന്നും പുതുമ തേടി പോകുന്ന നടനാണ് മമ്മൂട്ടിയെന്നും അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബിഗ് ബിയെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു മനോജ് കെ. ജയന്‍.
‘അമലിനെ എനിക്ക് പണ്ടുമുതലേ അറിയാം. എന്റെ അടുത്ത ബന്ധുവാണ് അയാള്‍. സിനിമയിലെത്തുന്നതിന് മുമ്പുള്ള പരിചയമാണ് അയാളുമായി. ഞാന്‍വഴിയാണ് അമല്‍ ബിഗ് ബിയുടെ കഥ മമ്മൂക്കയോട് പറയുന്നത്. ബ്ലാക്കിന്റെ ക്യാമറയൊക്കെ ചെയ്തതിന് ശേഷം ഒരുദിവസം അമല്‍ എന്നെ വിളിച്ചിട്ട് ‘ഇങ്ങനെയൊരു കഥയുണ്ട്, മമ്മൂക്കയുടെ അടുത്ത് ഇത് എത്തിക്കണം’ എന്ന് പറഞ്ഞു.
മമ്മൂക്ക ആ സമയത്ത് കറുത്തപക്ഷികള്‍ എന്ന പടം ചെയ്യുകയായിരുന്നു. പുള്ളി അമലിന്റെ അടുത്ത് നിന്ന് ആ കഥ കേട്ടു. ഇത് ഒരു കള്‍ട്ട് സാധനമാകുമെന്ന് പുള്ളിക്ക് അപ്പോള്‍ തന്നെ മനസിലായി. നാലഞ്ച് സിനിമ മാറ്റിവെച്ചിട്ടാണ് മമ്മൂക്ക ബിഗ് ബി ചെയ്തത്. കാരണം, എന്നും പുതുമ തേടി പോകുന്ന ആളാണ് മമ്മൂക്ക. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബിഗ് ബി,’ മനോജ് കെ. ജയന്‍ പറയുന്നു.
Content Highlight: Manoj K Jayan saying he was the first person who heard the story of Big B first