എന്റെ അച്ഛന്റെ ബോഡി അവിടെ കിടക്കുന്നു, എന്തൊരു ആളുകളാണ് ഇത്, അവരുടെ ആറ്റിറ്റിയൂഡ് കണ്ടിട്ട് വെറുത്ത് പോയി; പൃഥ്വിരാജിന്റെ മറുപടിയെ പറ്റി മനോജ് കെ. ജയന്‍
Film News
എന്റെ അച്ഛന്റെ ബോഡി അവിടെ കിടക്കുന്നു, എന്തൊരു ആളുകളാണ് ഇത്, അവരുടെ ആറ്റിറ്റിയൂഡ് കണ്ടിട്ട് വെറുത്ത് പോയി; പൃഥ്വിരാജിന്റെ മറുപടിയെ പറ്റി മനോജ് കെ. ജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 14th November 2022, 7:37 pm

നടന്‍ സുകുമാരന്‍ മരിച്ച സമയത്ത് കാണാന്‍ പോയ ദിവസം ഓര്‍ക്കുകയാണ് മനോജ് കെ. ജയന്‍. ഇന്ദ്രജിത്ത് എല്ലാവരേയും കണ്ട് സംസാരിച്ച് നിന്ന സമയത്തും പൃഥ്വിരാജ് ആരോടും സംസാരിക്കാതെ നിന്നത് താന്‍ ശ്രദ്ധിച്ചിരുന്നുവെന്നും പിന്നീട് ഇതിനെ പറ്റി ചോദിച്ചിരുന്നുവെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മനോജ് പറഞ്ഞു.

‘സുകുമാരേട്ടന്റെ മൃതദേഹം കലാഭവന്‍ തിയേറ്ററിന്റെ വെളിയില്‍ പ്രദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. ഇന്ദ്രന്‍ സാധാരണ പോലെ എല്ലാവരെയും വിഷ് ചെയ്യുന്നുണ്ട്. പൃഥ്വിരാജ് കയ്യും കെട്ടി ഒരു നിപ്പാണ്. ആരെയും നോക്കുന്നില്ല. ഒരു സ്‌പെക്‌സ് വെച്ചിട്ടുണ്ട്.

മൈ സ്റ്റോറിയുടെ സെറ്റില്‍ വെച്ച് ഈ സംഭവം എടുത്തിട്ടു. ഇന്ദ്രന്‍ അന്ന് വരുന്നവരെ ഒക്കെ വിഷ് ചെയ്യുന്നുണ്ട്, നീ മാത്രം എന്താണ് ആരെയും മൈന്‍ഡ് ചെയ്യാതെ നിന്നത് എന്ന് ചോദിച്ചു. ചേട്ടന്‍ ഓര്‍ക്കുന്നുണ്ടോ, ഓരോ ആര്‍ട്ടിസ്റ്റുകള്‍ വരുമ്പോഴും എന്റെ അച്ഛന്‍ അവിടെ മരിച്ചുകിടക്കുകയാണ്, മമ്മൂക്കയും ലാലേട്ടനുമെല്ലാം വരുന്നുണ്ട്, അപ്പോള്‍ ആരവമാണ് ആളുകള്‍, എന്തൊരു ആളുകളാണ് ഇത്, ഒരു ബോഡി അവിടെ കിടക്കുന്നു, എന്റെ അച്ഛനാണ് അത്, ആളുകളുടെ ഈ ഒരു ആറ്റിറ്റിയൂഡ് കണ്ടിട്ട് ഞാനങ്ങ് വെറുത്ത് പോയി. അതാണ് ഞാന്‍ ആരേയും മൈന്‍ഡ് ചെയ്യാതെ നിന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. ആ ഒരു നിലപാട് എല്ലാ കാലത്തുമുള്ള മനുഷ്യനാണ് പൃഥ്വിരാജ്,’ മനോജ് കെ. ജയന്‍ പറഞ്ഞു.

ലൂയിസാണ് ഇനി റിലീസിന് ഒരുങ്ങുന്ന മനോജ് കെ. ജയന്റെ ചിത്രം. ഷാബു ഉസ്മാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഇന്ദ്രന്‍സാണ് പ്രധാന കഥാപാത്രം ചെയ്യുന്നത്. കൊട്ടുപള്ളില്‍ മൂവീസ് പ്രൊഡക്ഷന്‍ ബാനറില്‍ റ്റിറ്റി എബ്രഹാം നിര്‍മിച്ച് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായൊരുങ്ങിയിരിക്കുന്ന ചിത്രത്തില്‍ ലൂയിസ് എന്ന ടൈറ്റില്‍ കഥാപാത്രമായാണ് ഇന്ദ്രന്‍സ് എത്തുന്നത്.

സായികുമാര്‍, ജോയ് മാത്യു, കലാഭവന്‍ നവാസ്, ആദിനാട് ശശി, അശോകന്‍, അജിത്ത് കൂത്താട്ടുകുളം, രാജേഷ് പറവൂര്‍, ശശാങ്കന്‍ മയ്യനാട്, അസീസ് നെടുമങ്ങാട്, അല്‍സാബിത്, ദിവ്യ പിള്ള, ലെന, സ്മിനു സിജോ, മീനാക്ഷി, ഡിസ്സ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. നവംബര്‍ 25ന് ചിത്രം റിലീസ് ചെയ്യും.

Content Highlight: Manoj K. jayan remembers the funeral ceremony of sukumaran