മാമലകള്‍ക്കപ്പുറത്ത് എന്ന സിനിമയിലൂടെ മലയാള സിനിമാലോകത്തേക്ക് വന്ന നടനാണ് മനോജ്.കെ.ജയന്‍. സര്‍ഗ്ഗത്തിലെ കുട്ടന്‍ തമ്പുരാനായും അനന്ത ഭദ്രത്തിലെ ദിഗംബരനായും മനോജ്.കെ.ജയന്‍ അല്ലാതെ മറ്റൊരാളെ നമുക്ക് സങ്കല്പിക്കാന്‍ പോലും കഴിയില്ല.
അടുത്തകാലങ്ങളിലായി മനോജ്.കെ.ജയന്‍ ഭാഗമാകുന്ന സിനിമകളുടെ എണ്ണം പണ്ടുള്ളതില്‍ നിന്നും വളരെ കുറവാണ്. ചാന്‍സ് ചോദിച്ച് താന്‍ ആരെയും വിളിക്കാറില്ലെന്നും അങ്ങനെ ചെയുന്നത് സംവിധായകരെ ധര്‍മ്മ സങ്കടത്തില്‍ ആകുന്നത് പോലെയാണെന്നും കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് അദ്ദേഹം.
‘എന്റെ ഭാഷയില്‍ ചാന്‍സ് ചോദിക്കുന്നത് സംവിധായകരെ ബുദ്ധിമുട്ടിക്കുന്നത് പോലയാണ്. അവരെ വിളിക്കുമ്പോള്‍ അവര്‍ക്ക് ചിലപ്പോള്‍ നമ്മളെ ആ സിനിമയിലേക്ക് കാസ്റ്റ് ചെയ്യാന്‍ താല്പര്യം ഉണ്ടാകില്ല അല്ലെങ്കില്‍ നമുക്ക് പറ്റിയ റോളോ ഒന്നും ഉണ്ടായെന്ന് വരില്ല. ഞാന്‍ വിളിച്ചു കഴിഞ്ഞാല്‍ അവര്‍ ചിലപ്പോള്‍ ധര്‍മ്മ സങ്കടത്തിലാകും.
മനോജ്.കെ.ജയന്‍ വിളിച്ചല്ലോ പുള്ളി കുറച്ച് സീനിയര്‍ ആണല്ലോ എന്തെങ്കിലും ഇതില്‍ കൊടുക്കേണ്ടി വരില്ലേയെന്നൊക്കെ അവര്‍ ചിന്തിക്കും. അങ്ങനെ സംവിധായകര്‍ ധര്‍മ്മ സങ്കടത്തിലാകും. അതുകൊണ്ടുതന്നെ ഒരു സിനിമയുടെ സംവിധായകരെയും ഞാന്‍ അങ്ങോട്ട് വിളിച്ച് ചാന്‍സ് ചോദിച്ചിട്ടില്ല,’ മനോജ്.കെ.ജയന്‍ പറയുന്നു.
എന്നാല്‍ താന്‍ ഒരാളോട് ചാന്‍സ് ചോദിച്ചെന്നും നിര്‍ഭാഗ്യവശാല്‍ അദ്ദേഹം അടുത്ത സിനിമക്ക് മുന്‍പ് മരണപ്പെട്ടെന്നും മനോജ്.കെ.ജയന്‍ പറയുന്നു.
‘വളരെ കുറച്ച് പേരോട് മാത്രമേ ഞാന്‍ ചാന്‍സ് ചോദിച്ച് വിളിച്ചിട്ടൊള്ളു. അതിലൊരാളാണ് പദ്മരാജന്‍ സാര്‍. പെരുന്തച്ചന്റെ ഡബ്ബിങ് സമയത്ത് ഞാന്‍ ഡബ്ബ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ സംവിധായകന്‍ അജയന്‍ എന്നോട് തിരിഞ്ഞു നോക്കാന്‍ പറഞ്ഞു. നോക്കുമ്പോള്‍ മലയാളത്തിലെ എക്കാലത്തെയും ലെജെന്‍ഡ് പത്മരാജന്‍ സാര്‍.
സാറിനെ കണ്ടപ്പോള്‍ തന്നെ ഞാന്‍ അടുത്ത പടത്തിലൊരു ചാന്‍സ് ചോദിച്ചു. പക്ഷെ നിര്‍ഭാഗ്യവശാല്‍, ഞാന്‍ ഗന്ധര്‍വന്‍ എന്ന സിനിമക്ക് ശേഷം അദ്ദേഹം നമ്മളെ വിട്ട് പോയി,’ അദ്ദേഹം പറയുന്നു.
Content Highlight: Manoj K Jayan Talks About Directors And Padmarajan