Advertisement
ആ ത്രില്ലില്‍ ഞാന്‍ ജീത്തുവിനെ വിളിച്ചു. എന്നാല്‍ അദ്ദേഹം ഫോണ്‍ എടുത്തില്ല: മനോജ് .കെ. ജയന്‍
Movie Day
ആ ത്രില്ലില്‍ ഞാന്‍ ജീത്തുവിനെ വിളിച്ചു. എന്നാല്‍ അദ്ദേഹം ഫോണ്‍ എടുത്തില്ല: മനോജ് .കെ. ജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 09, 07:25 am
Friday, 9th August 2024, 12:55 pm

ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് 2013-ല്‍ പുറത്തിറങ്ങിയ ത്രില്ലര്‍ ചലച്ചിത്രമാണ് ദൃശ്യം. 150 ദിവസത്തിലേറെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സിനിമകൂടിയാണ് ദൃശ്യം. മലയാളത്തില്‍ പുറത്തിറങ്ങിയ സിനിമ പിന്നീട് നിരവധി ഇന്ത്യന്‍ ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ചൈനീസില്‍ റീമേക്ക് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് ദൃശ്യം. ദൃശ്യത്തിന്റെ രണ്ടാം ഭാഗവും വന്‍ വിജയമായിരുന്നു. 

ദൃശ്യം കണ്ടുകഴിഞ്ഞ ആവേശത്തില്‍ താന്‍ ജീത്തു ജോസഫിനെ വിളിച്ചിട്ടുണ്ടായിരുന്നെന്നും എന്നാല്‍ ജീത്തു ജോസഫ് തന്റെ കോള്‍ എടുത്തില്ല എന്നും പറയുകയാണ് മനോജ് .കെ. ജയന്‍. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് അദ്ദേഹം.

‘ജീത്തു ജോസഫിന്റെ ദൃശ്യം കണ്ടപ്പോള്‍ ഭയങ്കര ത്രില്ലടിച്ച് ഞാന്‍ ജീത്തുവിനെ വിളിച്ചു. പക്ഷെ ജിത്തു ഫോണ്‍ എടുത്തില്ല. എന്റെ നമ്പര്‍ അന്ന് സേവ് അല്ലാത്തത് കൊണ്ടായിരിക്കാം. വേറെ വഴിക്ക് പിന്നെ ജീത്തു എവിടെ ഉണ്ടെന്ന് അന്വേഷിച്ചപ്പോള്‍ അദ്ദേഹം ഏതോ ഒരു സിനിമയുടെ റീമേക്കിന് ഹൈദരാബാദില്‍ ആണെന്ന് അറിയാന്‍ കഴിഞ്ഞു.

എന്നെ ത്രില്ലടിപ്പിക്കുന്ന പടങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ഇടക്കൊക്കെ അതിന്റെ സംവിധായകരെ വിളിക്കാറുണ്ട്,’ മനോജ് .കെ. ജയന്‍ പറയുന്നു.

തനിക്ക് വര്‍ക്ക് ചെയ്യാന്‍ ഏറ്റവും കൂടുതല്‍ താത്പര്യമുള്ള സംവിധായകരില്‍ ഒരാളാണ് ജീത്തു ജോസഫ് എന്നും ദൃശ്യം കണ്ടതിന് ശേഷം ദൃശ്യം പോലൊരു സിനിമ അദ്ദേഹത്തിന്റെ കൂടെ ചെയ്യാന്‍ ആഗ്രഹിച്ചെന്നും മനോജ് .കെ. ജയന്‍ പറയുന്നു. സംവിധായകന്‍ പ്രിയദര്‍ശന്റെ സിനിമകളില്‍ അഭിനയിക്കാനും താത്പര്യമുണ്ടെന്ന് മനോജ് .കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് വര്‍ക്ക് ചെയ്യാന്‍ ഏറ്റവും കൂടുതല്‍ താത്പര്യമുള്ള വ്യക്തികളില്‍ ഒരാളായിരുന്നു ജിത്തു ജോസഫ്. പിന്നെ പ്രിയദര്‍ശന്‍ സാറിന്റെ കൂടെയും സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ജീത്തുവിന്റെ സിനിമകളില്‍ എന്തുകൊണ്ട് ഞാന്‍ വരുന്നില്ല എന്നൊരു ആകുലത എനിക്കുണ്ടായിരുന്നു. ദൃശ്യം പോലൊരു സിനിമ ചെയ്യാനായിരുന്നു ആഗ്രഹം. നുണകുഴിയില്‍ എത്തിയപ്പോള്‍ വളരെ സന്തോഷം തോന്നി,’ മനോജ്.കെ.ജയന്‍ പറയുന്നു.

Content Highlight : Manoj K Jayan  Talk About Jithu Joseph