1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ നടനാണ് മനോജ് കെ. ജയന്‍. 36 വര്‍ഷമായി സിനിമാമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന മനോജ് കെ. ജയന്‍ നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിച്ചുണ്ട്. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് മൂന്ന് തവണ സ്വന്തമാക്കിയ താരം തമിഴിലും, തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1992ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു വളയം. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലായിരുന്നു മനോജ് കെ. ജയന്‍ അഭിനയിച്ചത്. താരത്തിന്റെ കരിയറിലെ ആദ്യ വില്ലന്‍ വേഷമായിരുന്നു. സര്‍ഗത്തിലെ അഭിനയത്തിന് ആദ്യ സംസ്ഥാന അവാര്‍ഡ് ലഭിച്ച ശേഷം താരം അഭിനയിച്ച ചിത്രം കൂടിയായിരുന്നു വളയം.
കരിയറില്‍ നല്ല ഇമേജില്‍ നില്‍ക്കുന്ന സമയത്ത് അത്തരത്തിലൊരു വില്ലന്‍ വേഷം ചെയ്യാന്‍ താന്‍ ആദ്യം മടി കാണിച്ചുവെന്ന് പറയുകയാണ് മനോജ് കെ. ജയന്‍. എന്നാല്‍ ലോഹിതദാസ്, സിബി മലയില്‍, മുരളി തുടങ്ങി വലിയ കലാകാരന്മാരുടെ കൂടെ വര്‍ക്ക് ചെയ്യണമെന്ന ആഗ്രഹത്തിലാണ് ആ സിനിമ ചെയ്തതെന്ന് താരം പറഞ്ഞു.
ആ സിനിമ ഒഴിവാക്കിയിരുന്നെങ്കില്‍ കരിയറില്‍ വലിയൊരു നഷ്ടമായേനെയെന്നും ആ സിനിമയിലൂടെയാണ് മുരളിയുമായി സൗഹൃദത്തിലായതെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു. ഓണ്‍ലുക്കേഴ്‌സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘സര്‍ഗം ചെയ്ത് ആദ്യത്തെ സ്റ്റേറ്റ് അവാര്‍ഡ് കിട്ടി നില്‍ക്കുന്ന സമയത്താണ് വളയത്തിലേക്ക് എന്നെ വിളിക്കുന്നത്. കണ്ണില്‍ ചോരയില്ലാത്ത വെറും ക്രൂരനായ കഥാപാത്രമാണ് വളയത്തിലെ രവി. ആ സമയത്ത് അത്യവശ്യം നല്ലൊരു ഇമേജായിരുന്നു എനിക്ക് ഉണ്ടായിരുന്നത്. വളയം ചെയ്താല്‍ ആ ഇമേജ് പോകുമോ എന്ന് പേടിയുണ്ടായിരുന്നു. അതുകൊണ്ട് ആദ്യം ആ സിനിമ ചെയ്യാന്‍ ചെറിയൊരു മടി കാണിച്ചു.
പക്ഷേ ലോഹിതദാസ്, സിബി മലയില്‍, മുരളി തുടങ്ങിയ ലെജന്‍ഡ്‌സിന്റെ കൂടെ വര്‍ക്ക് ചെയ്യണമെന്നുള്ള ആഗ്രഹത്തിലാണ് ആ സിനിമ ചെയ്തത്. കരിയറിലെ ആദ്യ വില്ലന്‍ വേഷത്തിന് നല്ല അഭിപ്രായമായിരുന്നു ലഭിച്ചത്. മുരളി ചേട്ടനുമായുള്ള സൗഹൃദം തുടങ്ങിയത് വളയം മുതലായിരുന്നു. പിന്നീട് വെങ്കലം, ചമയം എന്നീ സിനിമകളിലും ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചു,’ മനോജ് കെ. ജയന്‍ പറഞ്ഞു.
Content Highlight: Manoj K Jayan about why he choose act negative character in Valayam movie