മോഹന്‍ലാല്‍ അതിശയിപ്പിച്ചുകളഞ്ഞ ഒരു അനുഭവം പങ്കുവെക്കുകയാണ് നടന്‍ മനോജ് കെ. ജയന്‍. തന്റെ അച്ഛന്റെ സപ്തതി ആഘോഷത്തില്‍ മോഹന്‍ലാല്‍ വന്നുവെന്നും അച്ഛന് പൊന്നാട അണിയിക്കാന്‍ 70 പേരുടെ ക്യൂവില്‍ അദ്ദേഹം നിന്നുവെന്നും മനോജ് കെ. ജയന്‍ പറഞ്ഞു. ആദ്യം ചെയ്യിക്കാം എന്ന് പറഞ്ഞപ്പോള്‍ അച്ഛനെ പോലെ മഹാനായൊരു കലാകാരന് വേണ്ടി ചെയ്യുന്നത് സന്തോഷമാണെന്നും ക്യൂവില്‍ നിന്ന് ചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും താരം പറഞ്ഞു. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മനോജ് കെ. ജയന്‍.
‘ലാലേട്ടനില്‍ കണ്ട ഒരു ഗ്രേറ്റ്നസ് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അച്ഛന്റെ സപ്തതിയുടെ ഫങ്ഷനില്‍ ഉടനീളം ലാലേട്ടന്‍ ഉണ്ടായിരുന്നു. അതിനിടയില്‍ എഴുപത് പേര്‍ പൊന്നാട അണിയിക്കുന്ന ഒരു ചടങ്ങുണ്ടായിരുന്നു. നമ്മുടെ ആളുകളെല്ലാം ആദ്യം ക്യൂവില്‍ കയറി നിന്നു.
സാധാരണ മമ്മൂക്കയെയും മോഹന്‍ലാലിനെയും പോലുള്ള ആളുകള്‍ വരുമ്പോള്‍ അവര്‍ക്ക് സ്പെഷ്യല്‍ എന്‍ട്രി കൊടുക്കും. അവര്‍ ബോഡിഗാര്‍ഡ്സുമായി വന്ന് പെട്ടെന്ന് കാര്യം തീര്‍ത്ത് പോവാറാണ് പതിവ്. ഞാന്‍ നോക്കുമ്പോള്‍ ഈ 70 പേരുടെ ക്യൂവില്‍ നടുവിലായി ലാലേട്ടന്‍ നില്‍ക്കുന്നു. അദ്ദേഹം അങ്ങനെ നില്‍ക്കേണ്ട ഒരാളല്ല. അദ്ദേഹത്തിനെ കൊണ്ട് ആദ്യം ചെയ്യിപ്പിക്കാം എന്ന് വിചാരിച്ച് ഞാന്‍ അങ്ങോട്ട് ചെന്നു.
അപ്പോള്‍ ലാലേട്ടന്റെ മുന്നില്‍ ഒരു 25 പേര്‍ നില്‍ക്കുന്നുണ്ട്. ഒരു നല്ല ജുബ്ബയൊക്കെ ഇട്ട് പൊന്നാടയൊക്കെ പിടിച്ച് സാക്ഷാല്‍ മോഹന്‍ലാല്‍ ക്യൂ നില്‍ക്കുവാണ്. എന്റെ അച്ഛന് വേണ്ടിയുള്ള പരിപാടിയല്ല എന്ത് പരിപാടിയാണെങ്കിലും അദ്ദേഹം അങ്ങനെ നില്‍ക്കേണ്ട ഒരാളല്ല.
ഞാന്‍ ലാലേട്ടനോട് പറഞ്ഞു അദ്ദേഹത്തിന്റേത് ആദ്യം എടുക്കാമെന്ന്. ഒരു കുഴപ്പവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ഇവിടെ നിന്നോളാം. അച്ഛനെ പോലെ മഹാനായൊരു കലാകാരന് വേണ്ടിയല്ലേ, അത് എനിക്കൊരു സന്തോഷമാണ്. ഞാന്‍ ഈ ക്യൂവില്‍ നിന്ന് ചെയ്തോളാം എന്ന് ലാലേട്ടന്‍ പറഞ്ഞു. അങ്ങനെ ക്യൂവില്‍ നിന്ന് അദ്ദേഹത്തിന്റെ ഊഴം വന്നപ്പോള്‍ മാത്രമാണ് പൊന്നാട അണിയിച്ചത്. ഞാനന്ന് അതിശയിച്ച് പോയി. ഇത്രയും വലിയ മനസുള്ള ആളുകളാണ് ഇവര്‍,’ മനോജ് കെ. ജയന്‍ പറഞ്ഞു.
ചിത്രം: 2019 നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടിങ്ങില്‍ നിന്നുമുള്ളത്
Content Highlight: manoj k jayan about the simplicity of mohanlal