Entertainment
നിങ്ങളുടെ ഇഷ്ടത്തിനല്ല, എന്റെ ഇഷ്ടത്തിനാണ് സിനിമ ചെയ്യുന്നതെന്ന് മമ്മൂക്ക അന്ന് അയാളോട് പറഞ്ഞത് ഞാന്‍ കണ്ടു: മനോജ് കെ. ജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 13, 07:45 am
Thursday, 13th February 2025, 1:15 pm

മൂന്ന് പതിറ്റാണ്ടിലധികമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് മനോജ് കെ. ജയന്‍. നായകനായും വില്ലനായും സഹനടനായും നിരവധി ചിത്രങ്ങളില്‍ വേഷമിട്ട മനോജ് കെ. ജയന്‍ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് മൂന്ന് തവണ സ്വന്തമാക്കിയിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും മനോജ് കെ. ജയന്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

മമ്മൂട്ടിയുടെ സ്‌ക്രിപ്റ്റ് സെലക്ഷനെക്കുറിച്ച് സംസാരിക്കുകയാണ് മനോജ് കെ. ജയന്‍. ഈയടുത്ത് മമ്മൂട്ടി തെരഞ്ഞെടുക്കുന്ന സിനിമകളെല്ലാം അദ്ദേഹത്തിന് വേണ്ടി മാത്രമാണെന്ന് മനോജ് കെ. ജയന്‍ പറഞ്ഞു. അതിനനുസരിച്ച് അദ്ദേഹത്തിന്റെ ആരാധകരും മറ്റ് പ്രേക്ഷകരും അതിനെ അംഗീകരിക്കുകയും ചെയ്യുന്നുണ്ടെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു.

പണ്ടും മമ്മൂട്ടി അതുപോലെയായിരുന്നെന്നും അതിന്റെ ഒരു വീഡിയോ താന്‍ കണ്ടിട്ടുണ്ടെന്നും അത് ഇപ്പോഴും യൂട്യൂബിലുണ്ടെന്നും മനോജ് കെ. ജയന്‍ പറഞ്ഞു. കോഴിക്കോടോ മറ്റോ വെച്ച് നടന്ന ഫാന്‍സ് മീറ്റില്‍ ആരാധകരില്‍ നിന്ന് എന്തോ അഭിപ്രായം വന്നെന്നും അതിന് അദ്ദേഹം കൊടുത്ത മറുപടി ശ്രദ്ധേയമായിരുന്നെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു. അവരുടെ ഇഷ്ടത്തിനല്ല, സ്വന്തം ഇഷ്ടത്തിനാണ് മമ്മൂക്ക ഓരോ സിനിമയും തെരഞ്ഞെടുക്കുന്നതെന്ന് അന്ന് അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ ഇഷ്ടത്തിനല്ല ഞാന്‍ സിനിമ ചെയ്യുന്നത്, എന്റെ ഇഷ്ടത്തിനാണ്. വേണമെങ്കില്‍ കണ്ടാല്‍ മതി’ എന്നായിരുന്നു അന്ന് മമ്മൂക്ക പറഞ്ഞത്. അങ്ങനെ പറയുന്ന മമ്മൂക്കയെ അധികം കാണാന്‍ സാധിക്കില്ല- മനോജ് കെ. ജയന്‍

അങ്ങനെ പറയുന്ന മമ്മൂട്ടിയെ അധികം കാണാന്‍ സാധിക്കില്ലെന്നും ഇപ്പോഴുള്ള അദ്ദേഹത്തിന്റെ സ്‌ക്രിപ്റ്റ് സെലക്ഷനെക്കുറിച്ച് അന്നേ സൂചന തന്നതാണ് അതെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു. വേറിട്ട കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് മാത്രമേ മമ്മൂട്ടി ചിന്തിക്കാറുള്ളൂവെന്നും ആരെയും നോക്കേണ്ട കാര്യം അദ്ദേഹത്തിനില്ലെന്നും മനോജ് കെ. ജയന്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു മനോജ് കെ. ജയന്‍

‘മമ്മൂക്ക ഇപ്പോള്‍ സെലക്ട് ചെയ്യുന്ന സിനിമകള്‍ അദ്ദേഹത്തിന് വേണ്ടി മാത്രം ചെയ്യുന്നതാണ്. അതിനനുസരിച്ച് പ്രേക്ഷകരും ആരാധകരും അതിനെയൊക്കെ അംഗീകരിക്കുന്നുമുണ്ട്. കോഴിക്കോടോ മറ്റോ നടന്ന ഫാന്‍സ് മീറ്റില്‍ മമ്മൂക്ക സംസാരിക്കുന്ന വീഡിയോ യൂട്യൂബില്‍ ഞാന്‍ കണ്ടിട്ടുണ്ട്. അതില്‍ ആരോ ചോദിച്ച ചോദ്യത്തിന് പുള്ളി പറയുന്ന മറുപടി ശ്രദ്ധേയമാണ്.

‘നിങ്ങളുടെ ഇഷ്ടത്തിനല്ല ഞാന്‍ സിനിമ ചെയ്യുന്നത്, എന്റെ ഇഷ്ടത്തിനാണ്. വേണമെങ്കില്‍ കണ്ടാല്‍ മതി’ എന്നായിരുന്നു അന്ന് മമ്മൂക്ക പറഞ്ഞത്. അങ്ങനെ പറയുന്ന മമ്മൂക്കയെ അധികം കാണാന്‍ സാധിക്കില്ല. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുമെന്നും അതിനെ സപ്പോര്‍ട്ട് ചെയ്യണമെന്നും അന്നേ മമ്മൂക്ക സൂചന നല്‍കിയിട്ടുണ്ട്. അങ്ങനെയുള്ള ക്യാരക്ടേഴ്‌സിനെപ്പറ്റി മാത്രമേ അദ്ദേഹം ചിന്തിക്കാറുള്ളൂ,’ മനോജ് കെ. ജയന്‍ പറയുന്നു.

Content Highlight: Manoj K Jayan about the script selection of Mammootty in recent times