താരങ്ങളുടെ മക്കളും സിനിമയിലേക്ക് കടന്നു വരുന്ന പ്രവണത ഇപ്പോള്‍ മലയാള സിനിമയിലും സജീവമാവുകയാണ്. പൃഥ്വിരാജ് മുതല്‍ അര്‍ജുന്‍ അശോകന്‍ വരെ ആ നിരയെത്തി നില്‍ക്കുകയാണ്.
അതിനാല്‍ തന്നെ മക്കള്‍ സിനിമയിലെത്താത്ത താരങ്ങളോടും അവരുടെ വരവ് പ്രതീക്ഷിക്കാമോ എന്ന ചോദ്യം ഉയരാറുണ്ട്. എന്നാല്‍ സിനിമയിലേക്ക് വരാന്‍ തന്റെ മകളെ പ്രേരിപ്പിക്കില്ലെന്നാണ് മനോജ് കെ. ജയന്‍ പറയുന്നത്.
എന്നാല്‍ അവള്‍ക്ക് അഭിനയിക്കണമെങ്കില്‍ തടസ്സം നില്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
”കുഞ്ഞാറ്റയെ ഞാന്‍ നിര്‍ബന്ധിച്ച് സിനിമയിലേക്ക് കൊണ്ടുവരില്ല. അത് അവളുടെ ഇഷ്ടമാണ്. ഒരു സുപ്രഭാതത്തില്‍ അവള്‍ക്ക് സിനിമയില്‍ അഭിനയിക്കണമെന്ന് വളരെ കാര്യമായിട്ട് പറഞ്ഞാല്‍ ആലോചിക്കും. അല്ലാതെ ഇങ്ങനെ നിന്നാല്‍ പറ്റില്ല, അച്ഛനും അമ്മയും കലാകാരന്മാരാണ്. നീയും സിനിമയിലേക്ക് എത്തണം എന്നൊന്നും ഞാന്‍ ഒരിക്കലും പറയില്ല. അങ്ങനെയുള്ള ഒരു അച്ഛനല്ല ഞാന്‍. അതെല്ലാം മകളുടെ ഇഷ്ടമാണ്.
അവള്‍ അങ്ങനെ ഒരു ഇഷ്ടം പറഞ്ഞാല്‍ ഞാന്‍ ഒരിക്കലും നോ പറയില്ല. കാരണം ഞാന്‍ ഈ ഒരു കല കൊണ്ട് മാത്രം ഇവിടെ വരെ എത്തി നില്‍ക്കുന്ന ഒരാളാണ്. ഞാന്‍ അതിനെ ഒരിക്കലും നിന്ദിക്കാനോ പുച്ഛിക്കാനോ ഒന്നും പാടില്ല. ഒരിക്കലും അതിനെ വേറെ രീതിയില്‍ കാണില്ല. മകള്‍ക്ക് അങ്ങനെ ഒരു ആഗ്രഹമുണ്ടെങ്കില്‍ ഞാന്‍ അത് നടത്തി കൊടുക്കും. അവളുടെ അച്ഛനും അമ്മയും കലാകാരന്മാരല്ലേ, അതില്‍ നിന്നാണല്ലോ ഞങ്ങള്‍ ഇത്രയും ആയത്. നമ്മള്‍ അതിനെ ദൈവ തുല്യമായി കാണുന്നവരാണ്,” മനോജ് കെ.ജയന്‍ പറഞ്ഞു.
അതേസമയം, ”എന്റെ മഴ” എന്ന ചിത്രമാണ് താരത്തിന്റേതായി അവസാനം റിലീസ് ചെയ്തത്. സുനില്‍ സുബ്രഹ്മണ്യത്തിന്റെ സംവിധാനത്തില്‍ അനില്‍ കുമാറും മഞ്ജു അനിലും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. നെടുമുടി വേണു, നരേന്‍, സോനു ഗൗഡ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
Content Highlight: manoj k jayan about the entry of kunjatta into movie field