Movie Day
മമ്മൂക്കയ്ക്ക് സ്ലാംഗ് പറഞ്ഞുകൊടുക്കാനാണ്; വേഷം പോലുമില്ല, എന്തെങ്കിലും കാശ് കിട്ടുമെന്നുള്ളതുകൊണ്ട് നില്‍ക്കുകയാണെന്ന് സുരാജ് പറഞ്ഞു: മനോജ് കെ. ജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Nov 19, 07:46 am
Saturday, 19th November 2022, 1:16 pm

ഇന്ന് സിനിമയില്‍ വലിയ താരങ്ങളായി മാറിയ പലരും ഒരുകാലത്ത് മലയാള സിനിമയില്‍ ഒന്നുമല്ലാതിരുന്നവരായിരുന്നെന്നും അവരുടെയൊക്കെ വളര്‍ച്ചയില്‍ ഏറെ സന്തോഷിക്കുന്ന ഒരാളാണ് താനെന്നും നടന്‍ മനോജ് കെ. ജയന്‍.

ഒരു വേഷത്തിന് വേണ്ടി ഏറെ കഷ്ടപ്പെട്ട പലരും ഇന്ന് ഒരു സിനിമ ഒറ്റയ്ക്ക് വിജയിപ്പിക്കുന്ന നിലയിലേക്ക് എത്തിയെന്നും അതെല്ലാം കാണുമ്പോള്‍ അതിയായ സന്തോഷമുണ്ടെന്നുമാണ് മനോജ് കെ. ജയന്‍ പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടന്‍ സുരാജ് വെഞ്ഞാറമൂടിനെ കുറിച്ചുള്ള ചോദ്യത്തിനാണ് മനോജ് കെ. ജയന്‍ മറുപടി പറയുന്നത്.

മലയാള സിനിമയില്‍ പണ്ട് കോമഡി ചെയ്തിരുന്നവരും ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നവരും ഇന്ന് വളരെ സീരിയസ് വേഷങ്ങളിലേക്കും നായകനിലേക്കുമൊക്കെ വളര്‍ന്നു. പ്രത്യേകിച്ച് ഇന്ദ്രന്‍സും സുരാജ് വെഞ്ഞാറുമൂടുമൊക്കെ. ഈയൊരു മാറ്റത്തെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിനായിരുന്നു മനോജ് കെ. ജയന്റെ മറുപടി.

ഓരോ മാറ്റങ്ങള്‍ക്കനുസരിച്ച് നമ്മളും മാറും. ഞാനൊക്കെ ആദ്യം റൊമാന്റിക് വേഷങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹിച്ച് സിനിമയില്‍ വന്നയാളാണ്. എന്നാല്‍ തുടക്കത്തില്‍ ഒരു സീരിയലില്‍ ഹ്യൂമറസായ ക്യാരക്ടറാണ് കിട്ടിയത്. പിന്നീട് പെരുന്തച്ചനില്‍ വലിയ സീരിയസ് വേഷം കിട്ടി. ക്ലാസിയായുള്ള ക്യാരക്ടര്‍. പിന്നീട് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ കടന്നു പോയി.

സുരാജിന്റെ കാര്യം പറയുകയാണെങ്കില്‍ അദ്ദേഹം ഇപ്പോള്‍ എവിടെയാണ് എത്തിനില്‍ക്കുന്നത്. എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. രാജമാണിക്യത്തില്‍ മമ്മൂക്കയ്ക്ക് തിരുവനന്തപുരം സ്ലാംഗ് പറഞ്ഞുകൊടുക്കാന്‍ എത്തിയ ആളാണ് സുരാജ്. അദ്ദേഹം അന്ന് മിമിക്രി വേദികളില്‍ സജീവമാണ്.

അങ്ങനെ അദ്ദേഹം സെറ്റിലിങ്ങനെ നില്‍ക്കും. സിനിമയില്‍ വേഷമൊന്നും ഇല്ല. ഒരു ദിവസം പുള്ളി ഇങ്ങനെ വിഷമത്തില്‍ നില്‍ക്കുന്നത് കണ്ടു. എന്ത് പറ്റി സുരാജേ എന്ന് ഞാന്‍ അടുത്ത് ചെന്ന് ചോദിച്ചപ്പോള്‍, ചേട്ടാ എനിക്ക് ഒരുപാട് സ്റ്റേജ് പ്രോഗ്രാമുണ്ട്, ഇവിടെ മമ്മൂക്കയ്ക്ക് സ്ലാംഗ് പറഞ്ഞുകൊടുക്കാന്‍ വേണ്ടി നില്‍ക്കുകയാണ്. എനിക്ക് വേഷമൊന്നുമില്ല. എന്നാലും ഞാന്‍ ഇവിടെ നില്‍ക്കുന്നത് എന്തെങ്കിലും ചെറിയൊരു എമൗണ്ട് കിട്ടുമെന്ന് പറഞ്ഞതുകൊണ്ടാണ്. പക്ഷേ ഇപ്പോള്‍ എന്റെ പ്രോഗ്രാംസൊക്കെ നഷ്ടപ്പെടുകയാണെന്ന് സുരാജ് പറഞ്ഞു.

അങ്ങനെ പറഞ്ഞൊരാള്‍ ഇന്ന് എവിടെ നില്‍ക്കുന്നു. അതേ മമ്മൂക്കയുടെ തന്നെ മായാവിയാണ് സുരാജിന്റെ ആദ്യത്തെ ബ്രേക്ക്. ആ സിനിമയിലും ഞാനുണ്ട്. സുരാജിന്റെ വളര്‍ച്ച കണ്‍മുന്നില്‍ കണ്ട ആളാണ് ഞാന്‍.

അതിനിടെ അദ്ദേഹം നാഷണല്‍ അവാര്‍ഡ് വിന്നറായി. ഇപ്പോള്‍ ഹീറോയായി അദ്ദേഹം സിനിമ ചെയ്യുന്നു. അതൊക്കെ വളരെ സന്തോഷത്തോടെ കാണുന്ന ആളാണ് ഞാന്‍, മനോജ് കെ. ജയന്‍ പറഞ്ഞു.

Content Highlight: Manoj K. Jayan About Suraj Venjaramood Mammootty Movie