| Friday, 1st November 2024, 4:07 pm

മോഹൻലാലുമായി കമ്പാരിസൺ വരുമെന്നതുകൊണ്ട് ആ സിനിമയെ കുറിച്ച് ഞാൻ ആരോടും പറഞ്ഞില്ല: മനോജ്.കെ.ജയൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ നടനാണ് മനോജ് കെ. ജയന്‍. 36 വര്‍ഷമായി സിനിമാമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന മനോജ് കെ. ജയന്‍ നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മനോജ് കെ.ജയൻ മുരളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഭരതൻ ഒരുക്കിയ ചിത്രമായിരുന്നു ചമയം.

മുരളിയുടെയും മനോജ്‌ കെ. ജയന്റെയും മികച്ച പ്രകടനം കണ്ട ചിത്രമാണ് ചമയം. എന്നാൽ മോഹൻലാൽ ചെയ്യേണ്ട വേഷമാണ് താൻ അവതരിപ്പിച്ചതെന്ന് പറയുകയാണ് മനോജ്‌ കെ. ജയൻ. ഭരതൻ മോഹൻലാലിനെയും തിലകനെയും വെച്ച് പ്ലാൻ ചെയ്ത ചിത്രമാണ് ചമയമെന്നും അവരുടെ ഡേറ്റ് കിട്ടാതെ വന്നപ്പോഴാണ് തങ്ങളിലേക്ക് സിനിമ എത്തിയതെന്നും മനോജ്‌ കെ.ജയൻ പറയുന്നു.

‘ഒരിക്കൽ എന്നെ ഒരു പ്രൊഡക്ഷൻ മാനേജർ വിളിച്ചിട്ട് ചമയം സിനിമയുടെ കാര്യം പറഞ്ഞിരുന്നു. ഞാൻ ഭരതൻ സാറിനെ വിളിച്ചു നോക്കി. എന്നെ ഇങ്ങനെ പ്രൊഡക്ഷൻ മാനേജർ വിളിച്ചിരുന്നു. എന്താണ് സംഭവമെന്ന് ഞാൻ ചോദിച്ചു.

അദ്ദേഹം പറഞ്ഞു, സത്യത്തിൽ ഞാനത് ലാലിനെയും തിലകനെയും വെച്ച് പ്ലാൻ ചെയ്ത ഒരു സിനിമയാണ്. പക്ഷെ ലാലിന്റെയും തിലകന്റെയും ഡേറ്റ് തമ്മിൽ ക്ലാഷ് ആവുന്നു. അതുകൊണ്ട് ഞാൻ രണ്ട് പേരെയും അങ്ങ് ഒഴിവാക്കി. പകരം മുരളിയേയും നിന്നെയും വെച്ച് പ്ലാൻ ചെയ്തിരിക്കുകയാണ്.

അപ്പോൾ ഞാൻ ചോദിച്ചു, ലാലേട്ടൻ ചെയ്യേണ്ട കഥാപാത്രമാണോ ഞാൻ ചെയ്യേണ്ടത്. ലാലിന് വെച്ചിരുന്ന കഥാപാത്രമാണ് സൂക്ഷിച്ചൊക്കെ ചെയ്തോണം എന്നദ്ദേഹം പറഞ്ഞു. അന്ന് അതൊരു വിരട്ടൽ ആണോ വെല്ലുവിളിയാണോ എന്താണെന്ന് എനിക്കറിയില്ല. അങ്ങനെ ചെയ്ത സിനിമയാണ് ചമയം. സിനിമ ഇറങ്ങിയിട്ടും ഞാൻ ആരോടും ഒന്നും പറഞ്ഞിരുന്നില്ല. കാരണം മോഹൻലാലിന് വെച്ച വേഷമാണല്ലോ അത്.

പിന്നെ ആ രീതിയിൽ കമ്പാരിസൺ വരും. അതുകൊണ്ട് ചമയം മോശമാണെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. അന്തിക്കടപ്പുറത്തിൽ പാട്ടുമൊക്കെയായി ഞാൻ വളരെ ഈസിയായി ചെയ്ത ഒരു സിനിമയാണ് ചമയം. ഭരതേട്ടൻ അഭിനേതാക്കളെ അങ്ങനെ ട്രീറ്റ്‌ ചെയ്യുന്നത് കൊണ്ടാണത്,’മനോജ്‌ കെ.ജയൻ പറയുന്നു.

Content Highlight: Manoj.k.jayan About Mohanlal and chamayam movie

We use cookies to give you the best possible experience. Learn more